Thursday, August 10, 2017

കാവ്യാലാപനം ബ്ലോഗ്

കാവ്യാലാപനം ബ്ലോഗ്

        സുഹൃത്തുക്കളേ, ഇന്ന് മലയാള അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സാഹിത്യാസ്വാദകര്‍ക്കും ഏറെ പ്രയോജനപ്രദമാകുന്ന ഒരു കൂട്ടായ്മയെയും അവരുടെ ബ്ലോഗിനെയും പരിചയപ്പെടുത്താം
      പാലക്കാട് ജില്ലയിലെ കാറല്‍മണ്ണ സ്വദേശിയും ഒറ്റപ്പാലത്തിനടുത്ത് വാണിയംകുളം TRKHSS ന്റെ പ്രിന്‍സിപ്പലുമായ ശ്രീ രാജീവ് കാറല്‍മണ്ണ അ‍ഡ്‍മിനായ കാവ്യാലാപനം എന്ന വാട്സപ്പ് ഗ്രൂപ്പും ശ്രീ ജയന്‍ തൃപ്പൂണിത്തറ നേതൃത്വം നല്‍കുന്ന കാവ്യാലാപനം ബ്ലോഗുമാണ് അവ.
      കവി ശ്രീ.മധുസൂദനൻ നായർ, ശ്രീ.എം.ബി.രാജേഷ്, ശ്രീ.ടി.ആർ.അജയൻ, ശ്രീ.രാധാകൃഷ്ണൻ നായർ, ശ്രീ.കരിവള്ളൂർ മുരളി, ശ്രീ ബാബു മണ്ടൂര്‍ ശ്രീ.വി.ടി.മുരളി,പ്രഭാവര്‍മ്മ തുടങ്ങിയ പ്രശസ്തവ്യക്തികൾ, ശിവശങ്കരൻ മാഷ്, ആര്യൻ കണ്ണനൂര്‍,സരസമ്മ ടീച്ചർ,പി വി കൃഷ്ണന്‍കുറൂര്‍,ലക്ഷിമിദാസ്, ശ്രീകാന്ത് എന്‍ നമ്പൂതിരി, മനോജ് പുളിമാത്ത്,അത്തിപ്പറ്റ രവി, ദാസ് എം ഡി,അനൂപ് ശിവശങ്കരന്‍,ഹരി പ്രദീപ്, ജയലക്ഷ്മി ആര്‍, തുടങ്ങിയ പ്രഗത്ഭരായ ആലാപകര്‍,ആര്യാംബിക, എസ് സതീദേവി തുടങ്ങിയ കവയിത്രികള്‍, അനേകം കാവ്യാസ്വാദകര്‍ എന്നിവരൊക്കെ ഈ സംരംഭത്തിന്റെ ഭാഗഭാക്കാകുന്നു.
       കവിതയും സാഹിത്യവും പുതിയ തലമുറയ്ക്ക്  അന്യമാകുന്നു എന്ന് വിലപിക്കാതെ അവരെ ഭാഷയിലേക്കും സാഹിത്യത്തിലേക്കും അടുപ്പിക്കാനുള്ള ഇത്തരം ശ്രമങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യമാണ്. 

അ‍ഡ്‍മിന്റെ വാക്കുകളില്‍ നിന്ന്....


കവിതകളുടെ ചൊൽവഴികൾ ജനങ്ങളിലേയ്ക്ക് എത്തിയ്ക്കാനുള്ള ഒരു ദൗത്യം പ്രധാനമാണ്.. നമുക്കും ഒരു ചൊൽവഴി പാരമ്പര്യം ഉണ്ട്. സന്ധ്യാനാമങ്ങളായും കൂട്ടപ്പാട്ടുകളായും ഒപ്പം നടന്ന ഒന്ന് ..കാവ്യശകലങ്ങൾ പഴയ തലമുറക്കാരുടെ സംഭാഷണത്തിൽപ്പോലും കയറി വന്നിരുന്നു അത് അവരുടെ വാക്കുകൾക്ക് ആഴം കൂട്ടി...ധ്വനി ഭംഗിയും. പതിരില്ലാത്ത ചൊല്ലുകളായി അവ കേൾവിക്കാരുടെ മനസ്സിൽ വീണു മുളച്ചു...വാക്കിന്‍റെ നാനാർത്ഥധ്വനികളിൽ നിന്നും ഉയിർപ്പിച്ചെടുത്ത ഫലിതരാജികൾ ചിന്തകൾക്ക് ചിന്തേരായി .

      
എന്നാല്‍ "സംഭാഷണത്തിലെ കവിതയുടെ ജലവിതാനം താഴുകയാണോ എന്ന് "പുതുകാലത്തെക്കുറിച്ച് ശ്രീ.കൽപ്പറ്റ നാരായണൻ വ്യാകുലപ്പെടുന്നുണ്ട്...
പുതു തലമുറയുടെ സംഭാഷണ മികവിനേയും ആത്മവിശ്വാസത്തേയും ഇത് പ്രതികൂലമായി ബാധിയ്ക്കുന്നു ണ്ടാവണം. കവിതകൾ പ്രചരിപ്പിയ്ക്കുന്നതിലൂടെ ഇത് ഒരു പരിധി വരെ മാറ്റിയെടുക്കാം.
മറ്റൊന്ന് മലയാള ഭാഷ തന്നെ.ഭാഷയുടെ അതിജീവനം പരമ പ്രാധാന്യം അർഹിയ്ക്കുന്ന വിഷയമാണ് .ഉപയോഗിയ്ക്കും തോറും ഭാഷ പ്രചരിയ്ക്കപ്പെടും.. അതിജീവന ശേഷി നേടും ..അതിനു സഹായിയ്ക്കുന്ന ഒന്നാണ് കവിതയുടെ വിവിധ ചൊൽവഴികൾ..മലയാളം പഠിയ്ക്കാതെ വളരുന്ന കുട്ടികൾ ഒരുപക്ഷേ അവർ കേൾക്കുന്ന കവിതകളിലൂടെ മലയാളത്തെ സ്വന്തം സംസ്കാരത്തെ അറിയാൻ ശ്രമിയ്ക്കും...
           കാവ്യാവതരണങ്ങൾക്ക് മറ്റൊരു പ്രസക്തി കൂടെയുണ്ട്. .കവിത കേട്ടു തുടങ്ങുന്ന ഒരാൾ പതുക്കെപ്പതുക്കെ വായനയിലേയ്ക്കും സാഹിത്യ ത്തിലേയ്ക്കും തിരിയാം. പ്രകൃതിയേയും ജീവിതത്തേയും കുറിച്ചുള്ള ചില വെളിപാടുകളും ബോധ്യങ്ങളും അയാൾക്ക് മുന്നിൽ തെളിയാം. അപ്പോൾ ഇത് ഒരു സാംസ്ക്കാരിക പ്രവർത്തനം കൂടിയായി മാറുന്നു. ഞാനുൾപ്പെടുന്ന ഒരു തലമുറയുടെ കാവ്യാസ്വാദന താൽപ്പര്യങ്ങളെ പരിപോഷിപ്പിയ്ക്കുന്നതിൽ ,നമുക്കൊപ്പം മുന്നോട്ടു പോകാം... 
      പരമാവധി അധ്യാപകരിലേക്കും വിദ്യാര്‍ത്ഥികളിലേക്കും സാഹിത്യാസ്വാദകരിലേക്കും ഈ സംരംഭത്തെ നമുക്ക് ഷെയര്‍ ചെയ്യാം....


Tuesday, August 8, 2017

കാട്-വിനയചന്ദ്രൻ

ഒറ്റയ്ക്കു പൂത്തൊരു വാക എന്ന യാത്രാനുഭവത്തിൽ ആഷാമേനോനോടൊപ്പം കാട്ടിൽ വച്ച് വിനയചന്ദ്രൻ പാടിയ കവിത കാട് എന്ന കവിതയാണ്. ആ കവിത ഉണ്ടായത് അവിടെ വച്ചാണ്.ആ സവിശേഷ സന്ദർഭത്തിലുണ്ടായ മാനസിക ഭാവങ്ങളാണ് തുടർന്നു വരുന്ന വാക്കുകളിൽ ആവിഷ്ക്കരിക്കുന്നത്.പ്രഭാസ തീർത്ഥങ്ങളും യാഗ വേദികളും മഹാഭാരതവുമായി ബന്ധപ്പെട്ടതാണ്. യുധിഷ്ഠരന്റെ യാഗവേദിയിലേക്ക് കയറിയ കീരിയുടെ കഥ അദ്ദേഹം ഓർമ്മിപ്പിച്ചു.നീതി, നന്മ, കാരുണ്യം, സഹാനുഭൂതി ........, അതുപോലെ സൂര്യ ശില ഒരു രത്നമാണ് സൂര്യകാന്തം എന്നും ചന്ദ്രകാന്തം എന്നും പറയുന്ന രത്നങ്ങളുണ്ട്.(ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം .. ) സൂര്യപ്രകാശം തട്ടുമ്പോൾ പ്രഭ ചൊരിയുന്ന രത്നമാണ് സൂര്യകാന്തം. കാടും കുളിർമ്മയും കവിതയും എല്ലാം ചേർന്നപ്പോഴുണ്ടായ ആ സവിശേഷമായ മാനസിക ഭാവമാണ് ആ വാക്കുകളായി പുറത്തുവന്നത്.

കാട് എന്ന കവിത

PDF Download

Audio Download

ആലാപനം - ശ്രീകാന്ത് എൻ നമ്പൂതിരി

Saturday, August 5, 2017

ഓണമുറ്റത്ത് - ഒരു ആസ്വാദനം

വൈലോപ്പിളളി ശ്രീധരമേനോൻ

കാച്ചിക്കുറുക്കിയ കവിതകളിലൂടെ മലയാളിയുടെ മനസ്സിൽ കടന്നു കൂടിയ കവി.
കാർഷിക വൃത്തിയെ കരളിൽ തുടിക്കുന്ന അഭിമാനമായി കണ്ട കവി.' മാടത്തക്കിളി മാടത്തക്കിളി പാടത്തെന്തു വിശേഷം ' എന്നു പാടി നമ്മുടെ വയലേലകളിലുടെ നടന്നു നീങ്ങുന്ന മൃത്യുഞ്ജയനായ കവി.

ഓണം - ഒരു മധുരോദാരവികാരം
_____________________

മലനാടിന്റെ മനസ്സിൽ നിറയുന്ന മധുരോദാരവികാരമാണ് ഓണം. മഞ്ഞിൽ കുളിച്ച് ഈറനണിഞ്ഞ് പരിശുദ്ധയായി നിൽക്കുന്ന മലനാട് സുന്ദരി തന്നെ.

ഓണത്തെ വരവേൽക്കാൻ കേരളീയ പ്രകൃതി ഒന്നാകെ അണിഞ്ഞൊരുങ്ങുന്ന മഴയിൽ കുളിച്ച് ഈറനോടെ തണുത്തു വിറച്ചു നിൽക്കുന്ന തുമ്പകൾ മലർക്കൂട നിറച്ച് മേടായമേടുകളിലെല്ലാം നിരന്നു.
മുക്കുറ്റികൾ തിരികൾ തെറുത്തു കുഴഞ്ഞു മടങ്ങിയ കൈകളോടെ ദീപക്കുറ്റി നാട്ടി അതു കൊളുത്താൻഏറ്റവും ഉചിതമായ മുഹൂർത്തം കാത്തിരുന്നു.

ഓണത്തപ്പനെ വരവേൽക്കാൻ  മനോഹരമായ കിഴികൾ നിറച്ച് കത്തിച്ച് വെള്ളിത്താലവുമേന്തി ആമ്പലുകൾ വയലേലകളിലെല്ലാം ഉറങ്ങാതെ കാത്തു നിന്നു.

വളരെ നേരത്തേ തന്നെ രാവ് മനോഹരമായ നിലാവിന്റെ കമുകിൻ പൂ വരി തൂകി (നടമാറ്റ് വിരിക്കുന്നതു പോലെ )
നിന്നു.ആ വഴിയിലൂടെ ഓണത്തപ്പൻ എഴുന്നള്ളുകയായി.

ഓണത്തപ്പനെ വരവേൽക്കാം

ഉണ്ണികളേ, കടലലകളേ, കൊച്ചരുവികളേ, ചെറുകന്യകളേ ആർപ്പുവിളിച്ച് കുരവയിട്ട് ഓണത്തപ്പനെ വരവേൽക്കു ഇതിലും നല്ല ഒരതിഥി നമുക്ക് വേറെയില്ല.

ഓണക്കോടിയുടുത്ത് ഉഷസ്സും നാണിച്ചു പരുങ്ങി തുടുത്ത കവിളോടെ ഒരുങ്ങി നിൽക്കുകയാണ് ഉഷസ്സ്. നീളൻ മലയിൽ തുക്കിയ ചങ്ങലവട്ടയിലെ നാളം അവൾ മനോഹരമായ വിരലുകൊണ്ട് നീട്ടുന്നുണ്ട്.
പനനീരുകൊണ്ട് കാലുകൾ കഴുകിച്ച് അദ്ദേഹത്തെ മലയാളത്തറവാട്ടിന്റെ മുറ്റത്തൊരുക്കിയ മണി പീഠത്തിൽ ഇരുത്തണം. മലയാളിയുടെ കിനാവുകളിൽ നിറഞ്ഞ മാവേലി മന്നൻ. നാം പൂക്കളമിട്ട് കാത്തിരുന്ന മഹാനായ ചക്രവർത്തി! ശ്രീകുമാരൻ തമ്പിയുടെ വരികൾ നമുക്കോർക്കാം. "തിരുവോണപുലരിതൻ തിരുമുൽക്കാഴ്ച കാണാൻ
തിരുമുറ്റമണിഞ്ഞൊരുങ്ങി
.... തിരുമേനിയെഴുന്നെ ളളാൻ സമയമായി "

കവി പഴയൊരു പുള്ളുവൻ

പായും കൂടയും നെയ്യുന്ന പല കൈവേലകൾ ചെയ്യുന്ന പുള്ളുവൻ പുഞ്ചപ്പാടം കൊയ്തു മെതിച്ച് കി തയ്ക്കുന്ന ഗ്രാമീണ കന്യകമാരുടെ കരളിന് ഉത്സാഹം പകരാൻ നാടൻ കവിത പാടിയിരിക്കുന്ന പുള്ളുവൻ .ആ പാട്ടുകെട്ട് അവരുടെ കാലുകൾ നടനമാടിയാൽ! കയ്യിൽ വീണപ്പെണ്ണുമായിരിക്കുന്ന കവിയ്ക്ക് ഒന്നു ചവയ്ക്കാൻ വെറ്റില യോ കൊറിക്കാൻ ഒരു പിടി നെല്ലോ കിട്ടിയാൽ അതു മതി ധാരാളമായി.

ഈ പുള്ളുവൻ ഉണരുന്നത് ഓണക്കാലത്താണ്. പാടുന്നതോ ഓണപ്പാട്ടുകൾ! പൊന്നിൻചിങ്ങം വന്നെത്തി. ആ മണിക്കുഞ്ഞ് കരഞ്ഞ് ചിരിച്ച് കൈകാൽ കുടഞ്ഞ് കളിക്കുമ്പോൾ ആ മണി വായിൽ ഓണത്തിന്റെ മധുരക്കറിതേച്ചു കൊടുക്കുമ്പോൾ നൊട്ടി നുണയുന്നുണ്ട്. ആ കളി കണ്ട് കണ്ണുനിറച്ച് ഓണത്തപ്പൻ പൂത്തറ മേൽ പനയോലക്കുടയും ചൂടിയിരിക്കുന്നു. അദ്ദേഹത്തിനു മുന്നിൽ മലയാളത്തറവാട്ടിൽ മുറ്റത്തു വിരിച്ച വെൺമണലിൽ കവി യിരിക്കുന്നു. കവിയുടെ കൈയ്യിൽ കൊഞ്ചലോടെ പ്രിയ മകൾ, കവിതയാകുന്ന വീണപ്പെണ്ണ് ചാഞ്ഞു കിടക്കുന്നുണ്ട്.

ഈ പുള്ളുവന്റെ പാട്ട് പഴമയിലിഴയുന്ന പല്ലു കൊഴിഞ്ഞ പാട്ടാണെന്ന് പരിഷ്ക്കാരികൾ പരിഹസിച്ചേക്കാം. അരിയും പഴവും പപ്പടവും കൊടുത്ത് വേഗം പറഞ്ഞു വിടാൻ ശ്രമിച്ചെക്കും.എന്നാൽ കവി വീണ മീട്ടി പാടുന്നത് ഗോമേദകരത്നം പതിപ്പിച്ച സ്വർണ്ണ സിംഹാസനത്തിൽ മുത്തുക്കുടയും ചൂടിയിരിക്കുന്ന, മൂന്നു ലോകവും ഭരിച്ച മാവേലി മന്നനു മുൻപിലിരുന്നാണ്. പരിഷ്ക്കാരത്തിന്റെ തിണ്ണയിലിരിക്കുന്നവർക്ക് കവിയുടെ അഭിമാനമെത്ര വലുതെന്നറിയില്ല.

ചടുല വേഗത്തിൽ നിരർത്ഥ പദങ്ങൾ അത്യുച്ചത്തിലുള്ള വാദ്യമേളങ്ങളുടെ പിൻബലത്തിൽ പാടി ആർത്തുല്ലസിക്കുന്നവർക്ക് ഓണത്തപ്പനെ കാണാൻ കഴിയില്ലല്ലോ! മദ്യം അടിപൊളിയാക്കുന്ന ഇന്നത്തെ ഉത്സവങ്ങളുടെ പകിട്ടുകൾക്ക് ഓണവും മാവേലിയുമൊക്കെ പരമപുച്ഛമായതിൽ അത്ഭുതമില്ല.

Tuesday, August 1, 2017

സ്‌നേഹത്തിന്റെ ശ്രാദ്ധം -എ.വി. പവിത്രന്‍

ഒ.വി. വിജയന്റെ ‘കടല്‍ത്തീരത്ത്’ ഒരു പഠനം

ഒ.വി. വിജയന്റെ ‘കടല്‍ത്തീരത്ത്’ അനന്യമായ ഒരു കലാസൃഷ്ടിയാണ്. നാല്പതുവര്‍ഷം നീണ്ട ‘കഥാജീവിത’ത്തില്‍ നൂറ്റിയിരുപതോളം ചെറുകഥകളും ആറ് നോവലുകളുമാണ് വിജയന്‍ രചിച്ചിട്ടുള്ളത്. (ലേഖനങ്ങളും കാര്‍ട്ടൂണുകളും കൃതികളുടെ ഇംഗ്ലീഷ് ഭാഷ്യങ്ങളും ഓര്‍മക്കുറിപ്പുകളും കൂടെയുണ്ട്). അഗാധമായ ചരിത്രജ്ഞാനവും സൂക്ഷ്മമായ രാഷ്ട്രീയാവബോധവും വിപുലമായ സാഹിത്യസംസ്‌കൃതിയും ദൈനംദിനസംഭവങ്ങളോടുള്ള അന്വേഷണാത്മക സമീപനവും നിറഞ്ഞ പ്രമേയപരിസരങ്ങളും വൈകാരികവും നാടന്‍ നര്‍മത്തിന്റെ തെളിമയും താത്വികനിലപാടുകളും വിരുദ്ധോക്തികളും ചേര്‍ന്ന ആഖ്യാനങ്ങളും അദ്ദേഹത്തിന്റെ കഥാപ്രപഞ്ചത്തിലുണ്ട്. ‘ഖസാക്കിന്റെ ഇതിഹാസവും’ ‘ധര്‍മപുരാണ’വും (നോവലുകള്‍) ‘ഒരു യുദ്ധത്തിന്റെ ആരംഭം’, ‘നിദ്രയുടെ താഴ്‌വര’, ‘ഒരു യുദ്ധത്തിന്റെ അവസാനം’, ‘പാറകള്‍’, ‘കൃഷ്ണപ്പരുന്ത്’ ‘വിമാനത്താവളം’, ‘കടല്‍ത്തീരത്ത്’ (കഥകള്‍) വിജയന്റെ സര്‍ഗാത്മക വ്യവഹാരത്തിന്റെ ഉദാത്തതയെ സാക്ഷ്യപ്പെടുത്തുന്ന കൃതികളാണ്. ആയിരത്തിത്തൊള്ളായിരത്തി അറുപതുകളില്‍, ഉള്ളടക്കത്തിലും സാക്ഷാത്ക്കാരത്തിലും അഭികാമ്യമായ ദിശാവ്യതിയാനം വരുത്തിയ ‘ആധുനികത’യുടെ വക്താക്കളിലൊരാളായിരുന്നു ഒ.വി. വിജയന്‍. അസ്തിത്വവാദം ഉള്‍പ്പെടെയുള്ള ആശയങ്ങള്‍ പ്രതിഷ്ഠിക്കുമ്പോള്‍ത്തന്നെ, വിജയന്റെ കഥ പ്രമേയം കൊണ്ടും ആധുനികതയ്ക്കപ്പുറത്തേക്കു നീണ്ട് കാലാതിവര്‍ത്തിയായ ഒരു പ്രസ്ഥാനമായി മാറുന്നു. ഹൈഡ്ഡഗര്‍, കീര്‍ക്കഗോര്‍, കമ്യൂ, കാഫ്ക എന്നിവരുടെ ആഖ്യാനത്തിന്റെ സ്വാതന്ത്ര്യവും ദാര്‍ശനികതയുടെ അശാന്തിയും മലയാളത്തിലെ ആധുനികരെ പലമാനങ്ങളിലുയര്‍ത്തിയിരുന്നു. എന്നാല്‍, ഭാഷയ്ക്കുള്ളില്‍ മറ്റൊരു ഭാഷ നിര്‍മിച്ച് നവീനവും സചേതനവുമായ സൗന്ദര്യശില്പമൊരുക്കുന്നതിലായിരുന്നു വിജയനു ശ്രദ്ധ. ദുര്‍ഗ്രഹതയോ സങ്കീര്‍ണതയോ ഇല്ലാത്ത, വളരെ സാധാരണമായ ജീവിതമുഹൂര്‍ത്തങ്ങളില്‍ നിന്ന് അസാധാരണവും തീവ്രവുമായ അനുഭവസ്ഥലിയുടെ ചിത്രണമെന്ന നിലയില്‍ ഉദാത്തകലയുടെ കൈയൊപ്പു ചാര്‍ത്തിയ കഥയാണ് ‘കടല്‍ത്തീരത്ത്’.
യാത്രയുടെയും വേര്‍പാടിന്റെയും സാന്ദ്രമായ ദുഃഖത്തിന്റെയും കഥയാണ് ‘കടല്‍ത്തീരത്ത്’. പാലക്കാടന്‍ ഗ്രാമമായ പാഴുതറയില്‍നിന്നും വെള്ളായിയപ്പന്‍ എന്ന വൃദ്ധന്‍ കണ്ണൂരിലേക്ക് യാത്ര പുറപ്പെടുന്നു. ദേശത്തെ ചരാചരണങ്ങളുടെ നിശ്ശബ്ദപ്രാര്‍ഥനകളും നിലവിളികളും വെള്ളായിയപ്പനു യാത്ര നേരുന്നു. മുഷിഞ്ഞ ഒരുതുണ്ടു കടലാസ് അയാളുടെ കൈയിലുണ്ട്. എഴുത്തും വായനയും അറിയാത്ത അയാള്‍ക്ക്, അതിലെന്താണ് കുറിച്ചതെന്ന് അറിയില്ല. പക്ഷെ, ഉല്‍ക്കണ്ഠകളും ആകുലതകളും അയാളെ മൂടുന്നു. ദാരിദ്ര്യം കൊണ്ട്, യാത്രയ്ക്കു പണമില്ലാത്തതുകൊണ്ടാണ് ആരും തുണയ്ക്കില്ലാതായത്. ഏറെ പ്രയാസപ്പെട്ട് പുലര്‍ച്ചെ കണ്ണൂരിലെത്തുന്നു. പിന്നെ ജയിലിലേക്കുള്ള യാത്ര. ജയിലിന്റെ പടിക്കല്‍ തന്നെ തടഞ്ഞ പാറാവുകാരനോട് വെള്ളായിയപ്പന്‍ പറഞ്ഞു: ”എന്റെ കുട്ടി ഇബ്‌ടെ ഇണ്ടൂ” കടലാസിലെ വാക്കുകള്‍ പാറാവുകാരനില്‍ കനിവുണര്‍ത്തി. ”നാളെയാണ്, അല്ലേ?”
പിറ്റേന്നു രാവിലെ അഞ്ചുമണിക്ക് മകന്‍ തൂക്കിലേറ്റപ്പെടുകയാണെന്ന അറിവ് വെള്ളായിയപ്പന്റെ മനസ്സിനും ശരീരത്തിനുമുണ്ടാക്കിയ തളര്‍ച്ച അങ്ങേയറ്റം തീവ്രമായിരുന്നു. വഴിയാത്രയ്ക്കു ഭാര്യ നല്‍കിയ പൊതിച്ചോറ് തുവര്‍ത്തിനകത്ത് കെട്ടഴിക്കാതെ കിടന്നു. ചായ കുടിക്കുവാനും മനസ്സുവന്നില്ല. ഏറെ നേരത്തെ കാത്തിരിപ്പിനുശേഷം വെള്ളായിയപ്പന്‍ മകനെ കണ്ടു.
”കണ്ടുണ്ണി” ശ്രവണത്തിനപ്പുറത്തുള്ള ഒരു സ്ഥായിയില്‍ നിലവിളിച്ചു.
വെള്ളായിയപ്പന്‍ കരഞ്ഞുവിളിച്ചു: ‘മകനേ!’
കണ്ടുണ്ണി മറുവിളി വിളിച്ചു: ”അപ്പാ!”
രണ്ടുവാക്കുകള്‍ മാത്രം. രണ്ടു വാക്കുകള്‍ക്കിടയില്‍ ദുഃഖത്തില്‍, മൗനത്തില്‍, അച്ഛനും മകനും അറിവുകള്‍ കൈമാറി.”
പാഴുതറവിട്ട് ലോകം എന്തെന്ന് അറിയാത്ത പിതാവ്; കുറ്റമൊന്നും ഓര്‍മയിലില്ലാത്ത മകന്‍. അപ്പന്‍ നിന്റെ വേദന ഓര്‍മിക്കുമോ എന്ന ഗദ്ഗദത്തില്‍ പിതൃപുത്രബന്ധത്തിന്റെ ആഴമളക്കുകയാണ് വിജയന്‍. പകലും രാത്രിയും പിന്നിട്ട് പുലര്‍ച്ചെ, ‘ഒരു പേറ്റിച്ചിയെപ്പോലെ തന്റെ മകന്റെ ദേഹത്തെ വെള്ളായിയപ്പന്‍ പാറാവുകാരില്‍നിന്ന് ഏറ്റുവാങ്ങി’. പണമില്ലാത്തതുകൊണ്ട് ശവത്തിന്റെ ചുമതല അയാള്‍ക്ക് ഏല്‍ക്കുവാനായില്ല. പുറമ്പോക്കില്‍ മണ്ണുമൂടുന്നതിനുമുമ്പ് കണ്ടുണ്ണിയുടെ മുഖം അയാള്‍ കണ്ടു; നെറ്റിയില്‍ കൈപ്പടംവെച്ച് അനുഗ്രഹിച്ചു. വെയിലത്ത് അലഞ്ഞുനടന്ന് ഒടുവില്‍ വെള്ളായിയപ്പന്‍ കടല്‍ത്തീരത്തെത്തി; ആദ്യമായി കടല്‍ കണ്ടു. തോര്‍ത്തില്‍ നനഞ്ഞുകുതിര്‍ന്ന പൊതിച്ചോറ് കെട്ടഴിച്ച് അന്നം നിലത്തേക്കെറിഞ്ഞു. അന്നം കൊത്താന്‍ ബലിക്കാക്കകള്‍ ഇറങ്ങിവന്നു. പാഥേയം ബലിച്ചോറാകുന്നു! അമ്മ കൊടുത്തയച്ചത്, അച്ഛന്‍ മകനായി തര്‍പ്പണം ചെയ്തു. ഒരു പിതാവും ആഗ്രഹിക്കാത്ത കര്‍മം. വെള്ളായിയപ്പന്‍ പാഴുതറക്കുവേണ്ടി നിര്‍വഹിക്കുന്ന സ്‌നേഹത്തിന്റെ ശ്രാദ്ധമാണിത്. കണ്ണൂരിന്റെ കടല്‍ത്തീരം (പയ്യാമ്പലം) ചരിത്രസ്മൃതികളിരമ്പുന്നതാണ്. രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക മേഖലകളിലെ നിരവധി മഹാന്മാരുടെയും സാധാരണക്കാരുടെയും അന്ത്യവിശ്രമകേന്ദ്രം. യാത്ര പുറപ്പെടുന്നതുതൊട്ട് കണ്ണൂരിലെത്തുന്നതുവരെയുള്ള വിവരണങ്ങള്‍ക്ക്, വ്യത്യസ്തമായ ഒരു പുനര്‍വായന കഥാന്ത്യം പ്രേരിപ്പിക്കുന്നുണ്ട്.
”വെള്ളായിയപ്പന്‍ യാത്ര പുറപ്പെടുമ്പോള്‍ വീട്ടില്‍നിന്നും കൂട്ടനിലവിളി ഉയര്‍ന്നു. അപ്പുറത്ത് അമ്മിണിയുടെ വീട്ടിലും അതിനുമപ്പുറത്ത് മുത്തുറാവുത്തന്റെ വീട്ടിലും ആളുകള്‍ ശ്രദ്ധാലുക്കളായി. വിഷാദവാന്മാരായി. ആ വീടുകള്‍ക്കുമപ്പുറത്ത് പാഴുതറയിലെ അമ്പതില്‍ ചില്വാനം കുടികളിലത്രയും ഈ വിഷാദവും സഹാനുഭൂതിയും നിറഞ്ഞു.” – കഥ ആരംഭിക്കുന്നത് ഇങ്ങനെയാണ്. തീവണ്ടി കയറാന്‍ പണമുണ്ടായിരുന്നെങ്കില്‍ അമ്മിണിയും റാവുത്തരും നാകേലച്ചനും കോമ്പിപ്പൂശാരിയും കണ്ണൂരിലേക്കു പുറപ്പെടുമായിരുന്നു. വെള്ളായിയപ്പന്റെ ഏകാന്തസഞ്ചാരം വിഷാദസാന്ദ്രമാണ്. മനുഷ്യപ്രകൃതിയുടെ സഹാനുഭൂതി ഭൂപ്രകൃതിയിലേക്ക് അനായാസേന പടരുന്നു. പാടവരമ്പുവിട്ട് പറമ്പിലേക്ക് കയറിയപ്പോള്‍ മഞ്ഞപ്പുല്ലില്‍, ‘ആരുടെയൊക്കെയോ ദുഃഖസഞ്ചാരങ്ങളുടെ തഴമ്പായിട്ടാണ് ചവിട്ടടിപ്പാത കിടക്കുന്നത്. കാറ്റു പിടിച്ചപ്പോള്‍ കരിമ്പനകളുടെ മൂളക്കം – പനമ്പട്ടകള്‍ സംസാരിക്കുന്നതുപോലെയും പനമ്പട്ടകളില്‍ ഊട്ടുദൈവങ്ങളും കാരണവന്മാരും സംസാരിക്കുന്നതുപോലെയും തോന്നുന്നത് – മനുഷ്യ-പ്രകൃതി സംലയനമാണ്. തീവണ്ടിയാപ്പീസിലേക്കുള്ള യാത്രയ്ക്കിടയില്‍ വെള്ളായിയപ്പനെ അഭിമുഖീകരിക്കുന്നവരാണ് കുട്ട്യസ്സന്‍ മാപ്പിളയും നീലിമണ്ണാത്തിയും. വഴിയില്‍ ആദരവോടെ മാറിനിന്ന് പറയുന്നത് ഇത്രമാത്രം:
1. ”വെള്ളായിയേ’; മാപ്പിള പറഞ്ഞു.
‘മരയ്ക്കാരേ’; വെള്ളായിയപ്പന്‍ പ്രതിവചിച്ചു.
അത്രമാത്രം. രണ്ടുവാക്കുകള്‍, പേരുകള്‍. എന്നാല്‍ ആ വാക്കുകളില്‍ ദീര്‍ഘങ്ങളും സമ്പന്നങ്ങളുമായ സംഭാഷണപരമ്പരകള്‍ അടങ്ങിയത് വെള്ളായിയപ്പനും കുട്ട്യസ്സന്‍ മാപ്പിളയും അറിഞ്ഞു.”
2. ”വെള്ളായിച്ചോ’; അവള്‍ പറഞ്ഞു, അത്രമാത്രം.
‘നീലിയേ’, വെള്ളായിയപ്പന്‍ പറഞ്ഞു. അത്രമാത്രം. രണ്ടുവാക്കുകള്‍ മാത്രം. രണ്ടു വാക്കുകള്‍ക്കിടയ്ക്കു സാന്ത്വനത്തിന്റെ നിറവ്. വെള്ളായിയപ്പന്‍ നടന്നു.”
രണ്ടു വാക്കുകളില്‍ ‘ദീര്‍ഘങ്ങളും സമ്പന്നങ്ങളുമായ സംഭാഷണപരമ്പരകളും’ ‘സാന്ത്വനത്തിന്റെ നിറവും’ ആലേഖനം ചെയ്യുന്നിടത്ത് മൗനത്തിന്റെ മുഴക്കങ്ങളും സങ്കടങ്ങളും പാഴുതറയുടെ ഒരുമയും ഉള്‍ച്ചേരുന്നു. വാക്കുകള്‍ കഥാപാത്രങ്ങളെപ്പോലെ, വിവരണപാഠത്തിലും പിശുക്കിയും ശുദ്ധീകരിച്ചും പ്രയോഗിക്കുക വിജയന്റെ രീതിയാണ്. ഓരോ വാക്കും ഒരു നക്ഷത്രം, ഓരോ ആശയവും ജ്വാലാകലാപത്തിനു നാന്ദികുറിക്കുന്നു. ‘വാക്കുകളുടെ മഹാബലി’യായി മാറിയ കഥാകൃത്താണ് ഒ.വി. വിജയന്‍.
തീവണ്ടിയാപ്പീസിലേക്ക് പറമ്പുകടന്ന് പുഴയിലേക്കിറങ്ങി നടന്നു കയറണം. പുഴയുടെ ‘നടുക്കെത്തിയപ്പോള്‍ കുളിയുടെ അനുഭവം’ വെള്ളായിയപ്പനെ തളര്‍ത്തുന്നുണ്ട്. അപ്പന്റെ ശവം കുളിപ്പിച്ചതും മകനെ കുട്ടിക്കാലത്ത് കുളിപ്പിച്ചതും ഓര്‍മകളില്‍ കണ്ണീരുവീഴ്ത്തുന്ന മുഹൂര്‍ത്തമാണ്. റെയില്‍വെ ചീട്ടെടുത്ത് ബെഞ്ചില്‍ കാത്തിരിക്കുമ്പോള്‍ ഒരേസമയം തന്നെ, അപ്പനെയും മകനെയും ഓര്‍മിക്കുന്ന മറ്റൊരു സംഭവമുണ്ട്; കരിമ്പനകള്‍ക്കുമുകളില്‍ പക്ഷികള്‍ ചേക്കേറാന്‍ വെമ്പുന്നതുകണ്ടപ്പോള്‍, മുണ്ടകപ്പാടവരമ്പിലൂടെ തന്റെ വിരലുകള്‍ പിടിച്ച് അസ്തമയപക്ഷികളെ നോക്കിയ മകനും അസ്തമയത്തിലൂടെ പാടത്തേക്കിറങ്ങിനടന്ന അപ്പനും. മൂന്നു തലമുറകളുടെ അന്വയത്തില്‍ മരണം (ശവം, അസ്തമയം…) ഒരു ഉപാധിയായിവരുന്നത് കഥാന്ത്യത്തിലാണ് തെളിയുന്നത്. കോയമ്പത്തൂരിലേക്കു പോകുവാന്‍ വന്ന അപരിചിതനായ ഒരു കാരണവര്‍ ഇതിനിടയില്‍ വെള്ളായിയപ്പന്റെ ബെഞ്ചില്‍ ഇടംനേടുന്നുണ്ട്. അപരിചിതന്റെ ഭാഷണങ്ങളുടെ സ്വരഭേദങ്ങള്‍ ‘ഒരു കൊലക്കയറിനേപ്പോലെ വെള്ളായിയപ്പന്റെ കഴുത്തില്‍ ചുറ്റിമുറുകി’ അസ്വാസ്ഥ്യം കൊള്ളിക്കുന്നുണ്ട്. പാഴുതറയുടെ നെടുവരമ്പു കടന്നാല്‍ അയാള്‍ക്ക് ലോകം അപരിചിതമാണ്. (അപരിചിതരുടെ താല്പര്യരഹിതമായ സംഭാഷണം എണ്ണമറ്റ കൊലക്കയറുകളായി!) യാത്ര, ജലം (കുളി, പുഴ, കടല്‍…) മരണം (ശവം, അസ്തമയപ്പക്ഷികള്‍, കൊലക്കയര്‍…) എന്നീ ബിംബങ്ങള്‍, കലാസൃഷ്ടി എന്ന നിലയില്‍ ഹൃദ്യമായ അനുഭൂതിയും അനുഭവവുമാണ്. മനുഷ്യന്റെ വ്യസനതകളും ആകുലതകളും നഷ്ടങ്ങളും എത്രത്തോളം വേദനാനിര്‍ഭരങ്ങളാണെന്ന് സൂചിപ്പിക്കുന്ന, ജീവിതത്തിന്റെ നൈരന്തര്യം ഉറപ്പുവരുത്തുന്ന പ്രകൃഷ്ടമാതൃകയായാണ് ‘കടല്‍ത്തീരത്ത്’ ഉയര്‍ന്നു നില്‍ക്കുന്നത്.
‘കടല്‍ത്തീരത്ത്’ പ്രസിദ്ധീകരിച്ച വേളയില്‍ അലന്‍പേറ്റണിന്റെ ‘കേഴുക പ്രിയനാടേ’ (ഇൃ്യ ഠവല ആലഹീ്‌ലറ ഇീൗിേൃ്യ) എന്ന നോവലിന്റെ ഇതിവൃത്തത്തോടുള്ള സാമ്യം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ജോഹന്നാസ്ബര്‍ഗിന്റെ സംഘര്‍ഷഭരിതാന്തരീക്ഷത്തില്‍ ജോണ്‍ കുമാലോ എന്ന പിതാവിന്റെയും അബ്‌സലോം കുമാലോ എന്ന മകന്റെയും കഥ പറയുന്ന ‘കേഴുക പ്രിയനാടേ’ വിമോചനമൂല്യം അന്തര്‍ധാരയായ സോദ്ദേശ്യപരമായ കൃതിയാണ്. വര്‍ഗവൈരം പോലെതന്നെ വര്‍ണവെറിയും ആഫ്രിക്കന്‍ സംസ്‌കൃതിയിലെ അവസാനിക്കാത്ത പ്രശ്‌നമാണ്. രക്തരൂക്ഷിതസമരങ്ങളുടെ പശ്ചാത്തലം വംശീയമാണോ രാഷ്ട്രീയമാണോ ചരിത്രത്തിന്റേതന്നെ നിര്‍മിതിയാണോ എന്ന സന്ദേഹവും ആകുലതയുമുണര്‍ത്തുന്ന വലിയ ഭൂമികയിലാണ് ‘കേഴുക, പ്രിയനാടേ’ ശ്രദ്ധേയമാകുന്നത്. ‘കടല്‍ത്തീരത്തി’ല്‍ കണ്ടുണ്ണിയുടെ കുറ്റം പരാമര്‍ശിക്കുന്നേയില്ല. ഒരു രാഷ്ട്രീയ സൂചനയും നല്‍കുന്നുമില്ല. പിതൃപുത്രബന്ധത്തിലെ സാദൃശ്യവും അബ്‌സലോ കുമാലയുടെ മരണവും മാറ്റിവെച്ചാല്‍ രണ്ടു രചനകളും രണ്ടു ലോകങ്ങള്‍ തന്നെയാണ്. ‘ഒവി. വിജയന്റെ കഥകള്‍’ക്കെഴുതിയ അവതാരികയില്‍ ‘ആഷാമേനോന്‍ അലന്‍ പേറ്റന്റെ നോവലിന്റെ രാഷ്ട്രീയവും ഭൂമിശാസ്ത്രവും വ്യക്തമായി വിശദീകരിക്കുന്നുണ്ട്. ഒ.വി. വിജയന്റെ പ്രമേയപരിസരത്തില്‍ ആവര്‍ത്തിച്ചുവരുന്നതാണ് പിതൃബോധം. ഖസാക്കിന്റെ ഇതിഹാസത്തിലും ഗുരുസാഗരത്തിലും കോമ്പിപ്പൂശാരിയുടെ വാതിലിലും ഒരു യുദ്ധത്തിന്റെ അവസാനത്തിലും വിമാനത്താവളത്തിലും ഇത് നേരിട്ടും പരോക്ഷമായും അനുഭവിക്കാം. നിസ്സംഗവും നിര്‍ലേപവും നിരാര്‍ദ്രവുമായ ആധുനികതാ വ്യവഹാരങ്ങളില്‍ നിന്നും പൂര്‍ണമായും മുക്തമായി, ഭാഷയുടെ ആര്‍ജവംകൊണ്ടും വിഷയത്തിലെ ആര്‍ദ്രവും മാനുഷികവുമായ സമീപനം കൊണ്ടും ‘കടല്‍ത്തീരത്ത്’ മികച്ച കഥാലബ്ധിയാണ്.

(കടപ്പാട്: അകം മാസിക)

'നളിനി 'യെക്കുറിച്ച്

മലയാള കവിതയില്‍ സ്ത്രീ പുരുഷ ബന്ധത്തിന്റെ പുതിയ തലങ്ങള്‍ സൃഷ്ടിച്ച മഹത്തായ ഖണ്ഡകാവ്യമാണ് കുമാരനാശാന്റെ നളിനി. കുമാരനാശാന്റെ റൊമാന്റിക് കഥാകാവ്യമാണിത്. 'ഒരു സ്‌നേഹം' എന്നുകൂടി പേരുണ്ട് ഈ കൃതിക്ക്. ഇതിവൃത്ത സ്വീകരണത്തിലും പ്രതിപാദനരീതിയിലും അവതരണത്തിലും മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധത്തിലാണ് ഈ കൃതി രചിച്ചിരിക്കുന്നത്.

ബ്രഹ്മ സായൂജ്യം 

കാളിദാസന്റെ ഹിമാലയ വര്‍ണനയെ അനുസ്മരിപ്പിക്കുന്ന ഹിമവല്‍ദൃശ്യത്തോടെയാണ് 'നളിനി' ആരംഭിക്കുന്നത്. ഹിമാലയത്തിന്റെ ഉയര്‍ന്ന ശൃംഗത്തില്‍ ഒരു വിഭാതവേളയില്‍ നളിനി ദിവാകരന്മാര്‍ കണ്ടുമുട്ടുന്നു. തന്നെ സ്വയം പരിചയപ്പെടുത്തിയ നളിനി പഴയ കാര്യങ്ങള്‍ ഓര്‍മയില്‍നിന്നെടുത്ത് പറയുന്നു. പഴയ സതീര്‍ഥ്യനെയല്ല. മറിച്ച് സന്ന്യാസിയുടെ ഉത്കൃഷ്ടവും പാവനവുമായ സംസ്‌കാരത്തിനു ചേരുന്ന വാക്കുകളാണ് ദിവാകരനില്‍നിന്ന് വരുന്നത്.  ദിവാകരനെ നേരിട്ടുകാണാന്‍ കഴിഞ്ഞതുകൊണ്ട് തന്റെ ജീവിതം ധന്യമായി എന്നുപറഞ്ഞ് നളിനി വികാരവൈവശ്യത്താല്‍ ഗദ്ഗദകണ്ഠയായി. നളിനിയുടെ ഈ പെരുമാറ്റം ദിവാകരനില്‍ യാതൊരു ഇളക്കവുമുണ്ടാക്കിയില്ല. തന്റെ ദുഃഖങ്ങള്‍ കേള്‍ക്കാന്‍ മറ്റാരുമില്ലെന്നും തനിക്കു പറയാനുള്ളവ കേള്‍ക്കണമെന്നും അപേക്ഷിച്ചുകൊണ്ട് ദിവാകരനോടൊത്ത് ചെലവഴിച്ച കുട്ടിക്കാലാനുഭവങ്ങള്‍ പങ്കുവെക്കുന്നു. വികാരപാരവശ്യത്താല്‍ നിയന്ത്രണം നഷ്ടപ്പെട്ട നളിനി ദിവാകരന്റെ കാല്‍ക്കല്‍ വീണു. ബ്രഹ്മസായൂജ്യം ലഭിക്കുന്നതിന് ദിവാകരന്‍ മഹാവാക്യം ഉപദേശിക്കെ, ആ മാറിലേക്ക് വീണ് നളിനി മരണമടഞ്ഞു. നളിനിയുടെ സ്‌നേഹത്തിന്റെ തീവ്രത ദിവാകരനെ ആര്‍ദ്രഹൃദയനാക്കി. നളിനിയെ അന്വേഷിച്ച് യോഗിനി അവിടെ എത്തുകയും ഇരുവരും ചേര്‍ന്ന് മൃതദേഹം യഥാവിധി സംസ്‌കരിക്കുകയും ചെയ്തു.

നളിനിയും ദിവാകരനും 

നളിനിയുടെ തുടക്കംതന്നെ പാശ്ചാത്യകവികളില്‍ ചിലരുടെ രീതിയിലാണ്. കഥാകഥനത്തിലും ഈ പ്രത്യേകത ദൃശ്യമാണ്. നളിനിയും ദിവാകരനും ബാല്യകാലത്തെ കൂട്ടുകാരും സഹപാഠികളുമായിരുന്നു. നളിനി ദിവാകരനെ ഏറെ ഇഷ്ടപ്പെട്ടിരുന്നു. ആ ഇഷ്ടം പ്രണയമായി മാറി. ദിവാകരനാകട്ടെ ഭൗതികജീവിതം വിട്ട് സന്ന്യാസിയായി മാറി. ദിവാകരന്റെ വേര്‍പാട് നളിനിയെ ദുഃഖത്തിലാഴ്ത്തി. വീട്ടുകാര്‍ അവള്‍ക്ക് വിവാഹം നിശ്ചയിച്ചു. ഇതറിഞ്ഞ നളിനി വീടുവിട്ടിറങ്ങി. ദുഃഖാകുലയായ അവള്‍ ഒരു പൊയ്കയില്‍ ചാടി ആത്മഹത്യക്കൊരുങ്ങി. അവിടെയെത്തിയ ഒരു സന്ന്യാസിനി അവളെ രക്ഷപ്പെടുത്തി ആശ്രമത്തിലേക്ക് കൊണ്ടുപോയി.

ഇന്നുഭാഷയപൂര്‍ണം

 നളിനിയും ദിവാകരനും തമ്മിലുള്ള ബാല്യകാല സൗഹൃദരംഗങ്ങള്‍ ആശാന്‍ തന്മയത്വത്തോടെയാണ് വര്‍ണിച്ചിരിക്കുന്നത്.

ലോലനാര്യനുരുവിട്ടു കേട്ടൊരാ
ബാലപാഠമഖിലം മനോഹരം
കാലമായധിക മിന്നൊരക്ഷരം
പോലുമായതില്‍ മറപ്പതില്ലഞാന്‍

പ്രസരിപ്പ് നിറഞ്ഞവനായിരുന്ന അങ്ങ് ഉരുവിട്ടുകേട്ട ആ ബാലപാഠങ്ങള്‍ വളരെ മനോഹരമായിരുന്നു. അന്നുപഠിച്ച ആ പാഠങ്ങളില്‍ ഒരക്ഷരംപോലും ഞാന്‍ മറന്നിട്ടില്ല. കാലം വളരെയധികമായെങ്കിലും.

ഉച്ചയായ് തണലിലാഞ്ഞു പുസ്തകം
വച്ചു മല്ലികയറുത്തിരുന്നതും
മെച്ചമാര്‍ന്ന ചെറുമാല കെട്ടിയെന്‍
കൊച്ചുവാര്‍മുടിയിലങ്ങണിഞ്ഞതും

മനോഹരമായ ഒരു ബാല്യകാല സ്മരണയാണ് ഇത്.

ഭൂരി പൂക്കള്‍ വിടരുന്ന പൊയ്കയും
തീരവും വഴികളും തരുക്കളും
ചാരു പുല്‍ത്തറയുമോര്‍ത്തിടുന്നതിന്‍-
ചാരെ നാമെഴുമെഴുത്തുപള്ളിയും

ധാരാളം പൂക്കള്‍ വിടരുന്ന താമരപ്പൊയ്കയും അതിന്റെ തീരവും വഴികളും വഴിയോരത്ത് നില്‍ക്കുന്ന വൃക്ഷങ്ങളും മനോഹരമായ പുല്‍ത്തറയും എഴുത്തുപള്ളിയുമെല്ലാം ഗ്രാമഭംഗിയുടെ ഭാഗങ്ങളാണ്.

എണ്ണിടുന്നൊടുവില്‍ വന്നു പീഡയാം
വണ്ണമെന്‍ മിഴികള്‍ പൊത്തിയെന്നതും
തിണ്ണമങ്ങതില്‍ വലഞ്ഞുകേഴുമെന്‍
കണ്ണുനീരു കനിവില്‍ തുടച്ചതും

ആശാന്റെ ജീവിത നിരീക്ഷണപാടവത്തിനുള്ള ഒന്നാംതരം തെളിവുകളാണ് ഈ വരികള്‍. ആശാന്‍ പാശ്ചാത്യകവികളായ കീറ്റ്സ്, ഷെല്ലി തുടങ്ങിയവരുടെ കവിതകളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടുകൊണ്ട് മാംസനിബദ്ധമല്ലാത്ത രാഗത്തെക്കുറിച്ച്  മനസ്സിലാക്കിയതിലൂടെയാണ് 'നളിനി'യിലേക്കെത്തുന്നത്. ആധ്യാത്മിക സംസ്‌കാരത്തില്‍നിന്നും ജന്മമെടുത്ത ഒരു വീക്ഷണമാണ് ആശാന്റേത്. സ്‌നേഹം ഇന്ദ്രിയപരമാകരുത് എന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ട്. അങ്ങനെ ജന്മമെടുക്കുന്ന സ്‌നേഹത്തെപ്പോലും ആധ്യാത്മിക വിശുദ്ധിയിലേക്ക് നയിക്കുന്ന സ്‌നേഹമായി ആശാന്‍ മാറ്റി. നളിനിയുടെ പ്രണയചാപല്യത്തെ അന്നും  ഇന്നും ഒരുപോലെയാണ് താന്‍ നോക്കിക്കാണുന്നതെന്നാണ് ദിവാകരയോഗി അറിയിച്ചത്.

അന്യ ജീവനുതകി സ്വജീവിതം
ധന്യമാക്കുമമലേ വിവേകികള്‍

വിവേകികള്‍ സ്വന്തം ജീവിതം അന്യരുടെ നന്മയ്ക്കുവേണ്ടി ഉഴിഞ്ഞിട്ട് അതിനെ ധന്യമാക്കാറുണ്ട് എന്ന വസ്തുത, ദിവാകരയോഗി നളിനിയെ അറിയിക്കുന്നു. 'പരോപകാരാര്‍ത്ഥ മിദം ശരീരം' എന്ന ആശയമാണ് ദിവാകരന്‍ വെളിപ്പെടുത്തുന്നത്.

തന്നതില്ല പരനുള്ളു കാട്ടുവാ-
നൊന്നുമേ നരനുപായമീശ്വരന്‍
ഇന്നു ഭാഷയതപൂര്‍ണമിങ്ങഹോ
വന്നുപോം പിഴയുമര്‍ത്ഥശങ്കയാല്‍

സ്വന്തം ഹൃദയം അന്യന് മനസ്സിലാക്കിക്കൊടുക്കാന്‍ ഈശ്വരന്‍ ഒരുപായവും മനുഷ്യന് കൊടുത്തില്ല. ഭാഷ ഇന്ന് വളരെ അപൂര്‍ണമാണ്. അര്‍ത്ഥം ശരിയാണോ എന്ന ശങ്കകൊണ്ട് പിഴയും വന്നുപോയി എന്ന് വരാം. തന്റെ ഉള്ള് ദിവാകരന്റെ മുന്നില്‍ പൂര്‍ണമായി അവതരിപ്പിക്കാന്‍ തനിക്ക് സാധിച്ചില്ലല്ലോ എന്ന് നളിനി ദുഃഖിക്കുന്നു. എന്തുപകാരമാണ് തന്നില്‍നിന്ന് വേണ്ടത് എന്ന ദിവാകരന്റെ ചോദ്യം നളിനിയെ ദുഃഖിപ്പിച്ചിരിക്കാം. ഭാഷയിലൂടെയാണല്ലോ മനസ്സിലെ കാര്യങ്ങള്‍ അവതരിപ്പിക്കുക. പക്ഷേ, ഭാഷ അപൂര്‍ണമായതുകൊണ്ട് അതിനും വയ്യാതെ വന്നിരിക്കുന്നു. ഭാഷയുടെ ഈ ന്യൂനത എല്ലാവര്‍ക്കും ബാധകമാണ്.

സ്നേഹമാണഖിലസാരമൂഴിയില്‍
സ്നേഹസാരമിഹ സത്യമേകമാം
മോഹനം ഭുവന സംഗമിങ്ങതില്‍
സ്നേഹമൂലമമലേ വെടിഞ്ഞു ഞാന്‍

'പ്രപഞ്ചത്തിന്റെ സത്തതന്നെ സ്നേഹമാണ്. സ്നേഹത്തിന്റെ സാരമെന്നത് സത്യം തന്നെയാണ്. (ഈശ്വരന്‍ തന്നെയാണ് സത്യം) ഈ സ്നേഹമെന്ന വസ്തുവോടുള്ള താത്പര്യം മൂലം ഞാന്‍ മോഹിപ്പിക്കുന്ന ലോകബന്ധംതന്നെ ഉപേക്ഷിച്ചു' ദിവാകരയോഗിയുടെ ഈ വാക്കുകള്‍ സ്നേഹത്തെക്കുറിച്ചുള്ള ആശാന്റെ വീക്ഷണം വ്യക്തമാക്കുന്നു. ഈശ്വരന്‍ തന്നെയാണ് സ്നേഹം. അല്ലെങ്കില്‍ ഈശ്വരന്‍ തന്നെ സത്യം. ജീവിതം നശ്വരമാണ്. ഈ നശ്വര ജീവിതത്തില്‍ മനുഷ്യന്‍ ഭ്രമിക്കരുത്. സ്നേഹം സത്യസ്വരൂപനായ ഈശ്വരനെ പ്രാപിക്കാനുള്ള മാര്‍ഗം മാത്രമാണ്. ശവങ്ങളില്‍ പൂവെന്ന പോലെ സ്നേഹം മനുഷ്യരില്‍ ചൊരിയേണ്ടതില്ല എന്നിങ്ങനെയുള്ള വേദാന്തപരമായ ആശയങ്ങള്‍ ദിവാകരയോഗിയെക്കൊണ്ട് ആശാന്‍ പറയിക്കുന്നു. ജീവിതത്തിന്റെ ക്ഷണികതയെയും നശ്വരതയെയും ലൗകിക ബന്ധങ്ങളുടെ അര്‍ഥമില്ലായ്മയെയും കുറിച്ച് തികച്ചും ബോധവാനായിരുന്നു ആശാന്‍.