Marquee

ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുള്ള പഠനവിഭവങ്ങളും ചോദ്യപേപ്പറുകളും hsmalayalamresources@gmail.com എന്ന വിലാസത്തില്‍ അയച്ചുതരൂ... ......

Friday, January 19, 2018

കൃഷ്ണഗാഥ

Download  PDF


  ഗാഥാപ്രസ്ഥാനത്തില്‍ ഉണ്ടായ പ്രഥമഗണനീയമായ കൃതി. ചെറുശേ്ശരിയാണ് ഗ്രന്ഥകര്‍ത്താവ്. കൃഷ്ണപ്പാട്ട്, ചെറുശേ്ശരി ഗാഥ എന്നീ പേരുകളിലും അറിയപ്പെടുന്നു. ഉത്തരകേരളത്തില്‍ വടകര ചെറുശേ്ശരി ഇല്ലത്തെ ഒരു നമ്പൂതിരിയാണ് കൃഷ്ണഗാഥയുടെ കര്‍ത്താവ് എന്നാണ് മലയാള ഭാഷാചരിത്രത്തില്‍ പി. ഗോവിന്ദപ്പിള്ള പറഞ്ഞിട്ടുള്ളത്. കൃഷ്ണഗാഥയുടെ കര്‍ത്താവ് പുനം നമ്പൂതിരിയാണെന്നു മറ്റൊരു പക്ഷവും ഉണ്ട്. കോലത്തിരി ഉദയവര്‍മ്മയുടെ ആജ്ഞാനുസരണം നിര്‍മ്മിച്ച കാവ്യമാണത്രെ കൃഷ്ണഗാഥ.

    ʻʻപാലാഴിമാതുതാന്‍ പാലിച്ചുപോരുന്ന
    കോലാധിനാഥനുദയവര്‍മ്മന്‍,
    ആജ്ഞയെച്ചെയ്കയാലജ്ഞനായുള്ള ഞാന്‍
    പ്രാജ്ഞനെന്നിങ്ങനെ ഭാവിച്ചിപ്പോള്‍ʼ
എന്നു ഗ്രന്ഥത്തിന്റെ ആരംഭത്തിലും,
    ʻʻആജ്ഞയാ കോലഭൂപസ്യ പ്രാജ്ഞസ്യോദയവര്‍മ്മണഃ
    കൃതായാം കൃഷ്ണഗാഥായാം കൃഷ്ണസ്വര്‍ഗ്ഗതിരീരിതാˮ
എന്നു് അവസാനത്തിലും അതേമാതിരിയില്‍ പല കഥകളുടേയും അവസാനത്തില്‍ ഇടയ്ക്കിടയ്ക്കും കാണുന്ന വ്യക്തങ്ങളായ പ്രസ്താവനകളില്‍നിന്നു കൃഷ്ണഗാഥാകാരന്‍ കോലത്തുനാട്ടു് ഉദയ വര്‍മ്മരാജാവിന്റെ സദസ്യനായിരുന്നു എന്നും അദ്ദേഹത്തിന്റെ നിര്‍ദേശമനുസരിച്ചാണു് പ്രസ്തുത ഗ്രന്ഥം രചിച്ചതെന്നും വെളിവാകുന്നു. കവിയും കോലത്തുനാട്ടുകാരനായിരിക്കുവാന്‍ ഇടയുണ്ടു്; ഈ മതത്തെപ്പറ്റി ആര്‍ക്കും വിപ്രതിപത്തിയുമില്ല.

ഗ്രന്ഥോല്‍പത്തിയെപ്പറ്റിയുള്ള ഐതിഹ്യം
    കൃഷ്ണഗാഥയുടെ ഉല്‍പത്തിക്കുള്ള കാരണത്തെ സംബന്ധിച്ചു നിലവിലിരിക്കുന്ന ഒരൈതിഹ്യമുള്ളതു് ഇവിടെ സംക്ഷേപിക്കാം. രാജാവും നമ്പൂരിയുംകൂടി ചതുരംഗം വച്ചുകൊണ്ടിരിക്കുമ്പോള്‍ അടുത്തു തൊട്ടിലില്‍ കുട്ടിയെക്കിടത്തി ആട്ടിക്കൊണ്ടിരുന്ന രാജാവിന്റെ പത്നി ഒരു നിലകൂടി തെറ്റിയാല്‍ രാജാവിനു് അടിയറവായി എന്നു ധരിച്ചിട്ടു്. ʻʻഉന്തുന്തൂ ഉന്തുന്തൂ ഉന്തുന്തൂ ഉന്തൂന്തൂ, ഉന്തുന്തൂ ഉന്തുന്തൂ ആളേ ഉന്തൂˮ എന്നു കുട്ടിയെ ഉറക്കുന്നഭാവത്തില്‍ പാടി ഭര്‍ത്താവിനു നില്ക്കക്കള്ളി കാണിച്ചുകൊടുക്കുകയും അതിന്റെ സാരം ഗ്രഹിച്ച രാജാവു് ആളിനെ ഉന്തി കളിയില്‍ ജയിക്കുകയും ചെയ്തു. പത്നി പാടിയ മട്ടില്‍ ഭാഗവതം ദശമ സ്‌കന്ധം പാട്ടാക്കണമെന്നു സന്തുഷ്ടനായ രാജാവു നമ്പൂരിയോടു് ആജ്ഞാപിക്കുകയും നമ്പൂരി ആ ആജ്ഞയ്ക്കു വിധേയനായി കൃഷ്ണഗാഥ നിര്‍മ്മിക്കുകയും ചെയ്തു.
    കൊ.വ. 621 മുല്‍ 650 വരെയുള്ള കാലത്തിനിടയ്ക്കാണ് ഈ കൃതി രചിച്ചതത്രേ.ശ്രീകൃഷ്ണന്റെ അവതാരം മുതല്‍ സ്വര്‍ഗ്ഗാരോഹണം വരെയുള്ള അത്ഭുതകഥകളാണ് കൃഷ്ണഗാഥയില്‍. . 47 കഥകളാണ് ഇതിലുള്ളത്. ഇതെല്ലാം ഭാഗവതത്തില്‍ ഉള്ളതുമാണ്. കവിയുടെ അനിതരസാധാരണമായ ഭാവനാവിലാസത്തിന് ഉദാഹരണങ്ങളാണ് കൃഷ്ണഗാഥയിലെ രുക്മിണീസ്വയംവരം, സുഭദ്രാഹരണം തുടങ്ങിയ ഭാഗങ്ങള്‍.

    ശുദ്ധമലയാളം, പച്ചമലയാളം എന്നൊക്കെ പറയാവുന്ന ഭാഷയില്‍ ഉണ്ടായ ആദ്യകൃതിയാണ് കൃഷ്ണഗാഥ. ലളിതങ്ങളായ സംസ്‌കൃതപദങ്ങളേ ഉപയോഗിച്ചിട്ടുള്ളൂ. ശുദ്ധമലയാള പദങ്ങളുടെ ശക്തിയും വ്യക്തിയും മാത്രമല്ല, സ്വാരസ്യവും സൗന്ദര്യവും കാണാം.    ഓജസും സൗകുമാര്യവും നിറഞ്ഞ പദസമൂഹങ്ങളുടെയും ശൈലികളുടെയും അമൂല്യശേഖരം കൃഷ്ണഗാഥയിലുണ്ട്.
    അലങ്കാരസമൃദ്ധമാണ് ഈ കൃതി. മിക്ക അലങ്കാരങ്ങളും കാണാമെങ്കിലും ഉല്‍പ്രേക്ഷ, ഉപമ, രൂപകം, എന്നിവയ്ക്കാണ് പ്രാധാന്യം. 'ഉപമാ കാളിദാസസ്യ' അതുപോലെ 'ഉല്‍പ്രേക്ഷാ കൃഷ്ണഗാഥായാം' എന്നൊരു ചൊല്ലുണ്ട്. ഉപമയുടെ കാര്യത്തിലും കൃഷ്ണഗാഥാകാരന്‍ ഒട്ടും പിന്നിലല്ല.
    ഫലിതസമൃദ്ധമാണ് കൃഷ്ണഗാഥ. നമ്പൂതിരിഫലിതമാണ് പലതും. സുഭദ്ര പരിഭ്രമംകൊണ്ട് കമിതാവായ അര്‍ജ്ജുനന് പഴത്തിന്റെ കാമ്പ് കളഞ്ഞ് തൊലി ഇലയില്‍ വിളമ്പിക്കൊടുക്കുന്നു. അര്‍ജ്ജുനന്‍ ആ തൊലിയെടുത്ത് പഴമാണെന്നു കരുതി ഭക്ഷിക്കുന്നതും ഫലിതത്തിന് ഉദാഹരണമാണ്. കവി ആ ചിത്രം നമുക്കു് എങ്ങനെ കാണിച്ചുതരുന്നു എന്നു നോക്കുക:
    അക്ഷണം പിന്നെയക്കന്യകമുന്നിലേ
    ഭിക്ഷുകന്‍തന്മുഖം നോക്കിനോക്കി
    ഉത്തമമായോരു നല്‍ഘൃതം ചെഞ്ചെമ്മേ
    പത്രത്തിലാമ്മാറു വീഴ്ത്തിനിന്നാള്‍.
    ചാലത്തൊലിച്ചുള്ള വാഴപ്പഴങ്ങളും
    ചാടിക്കളഞ്ഞിതു ചാപല്യത്താല്‍.
    അത്തൊലിതന്നെ വിളമ്പിനിന്നീടിനാള്‍
    ചിത്തം മയങ്ങിനാലെന്നു ഞായം.
    പത്രത്തിലായുള്ളോരത്തൊലിതന്നെത്തന്‍
    ചിത്തമഴിഞ്ഞവനാസ്വദിച്ചാന്‍.
എന്നാല്‍, പൊട്ടിച്ചിരിയേക്കാള്‍ പുഞ്ചിരിയാണ് ചെറുശേ്ശരിക്ക് ഇഷ്ടം.
ഉദാ :  തീക്കും തന്നുള്ളിലേ തോന്നിത്തുടങ്ങിതേ
    തീക്കായ വേണമെനിക്കുമെന്ന്
'കവി വാക്കുകൊണ്ട് ചിത്രമെഴുതുന്നു' എന്ന പറയുന്നതു അക്ഷരാര്‍ത്ഥത്തില്‍ ശരിയാകുന്ന രീതിയില്‍ ചെറുശേ്ശരി അനേകം ചിത്രങ്ങള്‍ കവിതയില്‍ നിര്‍മ്മിച്ചിട്ടുണ്ട്. മാന്‍കൂട്ടം നില്‍ക്കുന്ന നില്പ് :
    'മാണ്‍പെഴുന്നോര്‍ ചില മാന്‍പേടകളെല്ലാം
     ചാമ്പിമയങ്ങിന കണ്‍മിഴിയും
     ഒട്ടൊട്ടു ചിമ്മിക്കൊണ്ടിഷ്ടത്തിലമ്പോടു
     വട്ടത്തില്‍ മേവിതേ പെട്ടെന്നപ്പോള്‍
     മന്ഥരമായൊരു കന്ഥരം തന്നെയും
     മന്ദം നുറുങ്ങു തിരിച്ചുയര്‍ത്തി
    ചില്ലികളാലൊന്നു മെല്ലെന്നുയര്‍ത്തീട്ടു
     വല്ലഭീ വല്ലഭന്‍ തന്നെ നോക്കി
     കര്‍ണ്ണങ്ങളാലൊന്നു തിണ്ണം കലമ്പിച്ചു
     കര്‍ണ്ണം കുഴല്ക്കു കൊടുത്തു ചെമ്മേ
     വായ്‌ക്കൊണ്ട പുല്ലെല്ലാം പാതിചവച്ചങ്ങു
     വായ്ക്കുന്ന മെയ്യിലൊഴുക്കി നിന്നു
     കൈതവമറ്റു താന്‍ കൈ തുടര്‍ന്നു ചിലര്‍
     പൈതങ്ങളെയും മറന്നു ചെമ്മേ
    ചിത്രത്തില്‍ച്ചേര്‍ത്തു ചമച്ചകണക്കെയ-
     ന്നിശ്ചലമായൊരു മെയ്യുമായി''.

ലളിതസുന്ദരമായ പദങ്ങള്‍, അനുക്രമമായ അന്വയക്രമം, പെട്ടെന്നു മനസ്‌സില്‍പറ്റിപ്പിടിക്കുന്ന അര്‍ത്ഥം, പതിഞ്ഞിഴഞ്ഞ ഗാനരീതി, മനസ്‌സിനെ കുളിര്‍പ്പിക്കുകയും തളിര്‍പ്പിക്കുകയും ചെയ്യുന്ന കല്പനകള്‍, വിശ്വവിമോഹനമായ കഥാവസ്തു എന്നിവയാണ് കുടില്‍തൊട്ടു കൊട്ടാരംവരെ 'കൃഷ്ണഗാഥ'യ്ക്ക് പ്രചാരം നേടിക്കൊടുത്തത്. മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ മഹാകാവ്യം എന്നാണ് കൃഷ്ണഗാഥ യെ പ്രൊഫ. എന്‍. കൃഷ്ണപിള്ള വിശേഷിപ്പിച്ചിട്ടുള്ളത്.

9 comments:

  1. കുചേലഗതി please!

    ReplyDelete
  2. Very useful so thanks you are great....❤️

    ReplyDelete
  3. കൃഷ്ണ ഗാഥയുടെ കർത്താവാര് എന്നത് ഒരു നമ്പൂതിരിയാണെന്നു പറഞ്ഞു പക്ഷെ ആ നമ്പൂതിരിയുടെ പേര് പറഞ്ഞില്ല ആ പേര് ഒന്ന് പറഞ്ഞരോ pls 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

    ReplyDelete
    Replies
    1. ക്രിസ്തുവർഷം 15-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മലയാള കവിയാണ് ചെറുശ്ശേരി നമ്പൂതിരി (1375-1475). ഉത്തര കേരളത്തിൽ പഴയ കുരുമ്പനാട് താലൂക്കിലെ വടകരയിൽ ചെറുശ്ശേരി ഇല്ലത്തിൽ ജനിച്ചു. അങ്ങനെ ഒരില്ലം ഇന്നില്ല. 18-ആം നൂറ്റാണ്ടിലുണ്ടായ മൈസൂർ പടയോട്ടക്കാലത്ത് ഉത്തരകേരളത്തിൽനിന്ന് അനേകം നമ്പൂതിരി കുടുംബങ്ങൾ സ്ഥലം വിട്ടു. കൂട്ടത്തിൽ നശിച്ചുപോയതാവണം ചെറുശ്ശേരി ഇല്ലം. ചെറുശ്ശേരി ഇല്ലം പുനം ഇല്ലത്തിൽ ലയിച്ചുവെന്നും ഒരഭിപ്രായമുണ്ട്.

      കൃഷ്ണഗാഥയുടെ കർത്താവ് ചെറുശ്ശേരി നമ്പൂതിരിയാണെന്ന് 1881-ൽ പുറത്തിറങ്ങിയ ഭാഷാചരിത്രത്തിൽ പി. ഗോവിന്ദപിള്ള അഭിപ്രായപ്പെട്ടിരിക്കുന്നു.

      പ്രാചീന കവിത്രയത്തിൽ ഒരാളായിരുന്നു ഇദ്ദേഹം. ക്രി.വ 1466-75 കാലത്ത് കോലത്തുനാടു ഭരിച്ചിരുന്ന ഉദയവർമന്റെ പണ്ഡിതസദസ്സിലെ അംഗമായിരുന്നു ചെറുശ്ശേരി നമ്പൂതിരി. ഭക്തി, ഫലിതം, ശൃംഗാരം എന്നീ ഭാവങ്ങളാണു ചെറുശ്ശേരിയുടെ കാവ്യങ്ങളിൽ ദർശിക്കാനാവുന്നത്.[1] സമകാലീനരായിരുന്ന മറ്റ് ഭാഷാകവികളിൽ നിന്നു ഒട്ടും വ്യത്യസ്തമായിരുന്നില്ല ഈ ശൈലി. എങ്കിലും സംസ്കൃത ഭാഷയോട് കൂടുതൽ പ്രതിപത്തി പുലർത്തിയിരുന്ന മലനാട്ടിലെ കവികൾക്കിടയിൽ ഭാഷാകവി എന്നിരിക്കെയും ഏറെ പ്രശസ്തനായിരുന്നു ചെറുശ്ശേരി. കൃഷ്ണഗാഥയാണു പ്രധാനകൃതി.

      മലയാള ഭാഷയുടെ ശക്തിയും സൗന്ദര്യവും ആദ്യമായി കാണാൻ കഴിയുന്നത് ചെറുശ്ശേരിയുടെ കൃഷ്ണഗാഥ എന്ന മനോഹര കൃതിയിലൂടെയാണ്. സംസ്കൃത പദങ്ങളും തമിഴ് പദങ്ങളും ഏറെക്കുറെ ഉപേക്ഷിച്ച് ശുദ്ധമായ മലയാള ഭാഷയിലാണു കൃഷ്ണഗാഥ രചിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ മലയാളത്തിന്റെ ചരിത്രത്തിൽ കൃഷ്ണഗാഥയ്ക്ക് സുപ്രധാനമായ സ്ഥാനമുണ്ട്.

      മാനവിക്രമൻ സാമൂതിരിയുടെ സദസ്സിലെ അംഗമായിരുന്ന പൂനം നമ്പൂതിരി തന്നെയാണു് ചെറുശ്ശേരി നമ്പൂതിരിയെന്നു് ചില ചരിത്രകാരന്മാർ അഭിപ്രായപ്പെട്ടു കാണുന്നുണ്ട്. ഗാഥാപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവും കൂടിയാണ് ഇദ്ദേഹം.

      Delete
    2. സുഭദ്രാഹരണം പ്ലീസ്!!

      Delete
    3. ചെറുശ്ശേരി

      Delete