Marquee

ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുള്ള പഠനവിഭവങ്ങളും ചോദ്യപേപ്പറുകളും hsmalayalamresources@gmail.com എന്ന വിലാസത്തില്‍ അയച്ചുതരൂ... ......

Saturday, December 9, 2017

തോറ്റുപോയ അമ്മത്തൊട്ടില്‍


 സമകാലിക കവികളില്‍ പുതിയ ഒരു കാവ്യവഴിയിലൂടെ സഞ്ചരിക്കുന്ന കവിയാണ് റഫീക്ക് അഹമ്മദ്. കവിതയിലെ പാരമ്പര്യവഴിയെയും പുതുവഴിയെയും സമന്വയിപ്പിച്ച് സ്വന്തമായി ഒരു വഴി വെട്ടിത്തുറന്ന കവിയാണദ്ദേഹം. ഈണവും താളവും ഒത്തിണങ്ങിയ വൃത്തനിബദ്ധമായ ഒരു കവിതാരീതി തന്റെ മിക്ക കവിതകളിലും അദ്ദേഹം ചാലിച്ചു. മാത്രയ്ക്ക് പ്രാധാന്യമുള്ള, താളത്തിനൊക്കുന്ന ഒരു ഗാനരീതി ഈ കവിതകളിലുടനീളം നമുക്ക് കാണാം. ഈ രീതിയുടെ  സ്വീകാര്യം കൊണ്ടാകണം അദ്ദേഹത്തിന്റെ കവിതയ്ക്ക് ഗാനശോഭയുണ്ടായതും ഗാനങ്ങള്‍ക്ക് കവിതയുടെ ശോഭ വന്നിണങ്ങിയതും.  മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ 2013-ലെ 'കവിതപ്പതിപ്പി'ല്‍ പ്രസിദ്ധീകരിച്ചതു മുതല്‍ കാവ്യാസ്വാദകരുടെ സവിശേഷശ്രദ്ധ നേടിയ കവിതയാണ് 'അമ്മത്തൊട്ടില്‍'. റഫീക്ക് അഹമ്മദിന്റെ കവിതകളുടെ സവിശേഷതകള്‍ ഒത്തിണങ്ങിയ കവിതയാണ് ഇത്. അമ്മയുടെ വാത്സല്യം നുണയേണ്ടിവരുന്ന സമയത്ത് അനാഥമാക്കപ്പെടുന്ന ബാല്യംപോലെതന്നെയാണ് മക്കളുടെ സ്‌നേഹവും ദയാപൂര്‍ണമായ പരിചരണവും കിട്ടേണ്ട സമയത്ത് അനാഥാലയങ്ങളിലോ വൃദ്ധസദനങ്ങളിലോ തെരുവോരങ്ങളിലോ ക്ഷേത്രസങ്കേതങ്ങളിലോ ഉപേക്ഷിക്കപ്പെടുന്ന വാര്‍ധക്യവും. വാര്‍ധക്യം അനുഭവിക്കുന്ന ഈ ദുരവസ്ഥ കണ്‍മുന്നില്‍ കണ്ടുകൊണ്ടുവേണം നാം അമ്മത്തൊട്ടില്‍ വായിക്കുന്നതും  വിലയിരുത്തുന്നതും.

ഇതിവൃത്തം
          അമ്മയെ ഉപേക്ഷിക്കാനായി മകന്‍ വണ്ടിയില്‍ കയറ്റിയിരുത്തി. എങ്ങോട്ട് കൊണ്ടുപോകുന്നു എന്നവര്‍ ചോദിച്ചില്ല. ഉണങ്ങി വരണ്ട ചുള്ളിപോലെയുള്ള കൈകള്‍ മാറോടുചേര്‍ത്തുവെക്കുകയും പിഞ്ഞാണവര്‍ണമായ കണ്ണുകള്‍ അടച്ചുതുറക്കുകയും ചെയ്തു. വലിയ മാളിന്റെ സമീപം ഉപേക്ഷിക്കാനാഞ്ഞപ്പോള്‍ അവിടെ പെറ്റുകിടന്ന ഒരു പട്ടി കുരച്ചുചാടി ഓടിച്ചു. കുട്ടിക്കാലത്ത് ആശുപത്രിയില്‍ വെച്ച് ഉണ്ടായ അനുഭവത്തിന്റെ സ്മരണകള്‍ അവിടെ ഉപേക്ഷിക്കുന്നതില്‍നിന്ന് പിന്തിരിപ്പിച്ചു. വിദ്യാലയമുറ്റത്ത് കൊണ്ടുതള്ളാമെന്ന് വിചാരിച്ച് അവിടെയെത്തി. വിദ്യാലയസ്മരണകള്‍ അതില്‍നിന്ന് വിലക്കി. ദേവാലയമുറ്റത്ത് കൊണ്ടുചെന്നാക്കുവാന്‍ ചെന്നപ്പോള്‍ ദൈവം നല്ലബുദ്ധി തോന്നിക്കയാല്‍ അവിടെനിന്നും തിരിച്ചുപോന്നു. തണുപ്പടിച്ചപ്പോള്‍ കാറിന്റെ ചില്ലുയര്‍ത്താന്‍ ശ്രമിച്ചു. അപ്പോള്‍ അമ്മ കുട്ടിക്കാലത്ത് തണുപ്പേല്‍ക്കാതെ സംരക്ഷിച്ചതോര്‍മവന്നു. ചിന്തകള്‍ നീറുന്ന തലയ്ക്കകത്ത് പെരുപ്പുകയറി. തിരിഞ്ഞുനോക്കിയപ്പോള്‍ അമ്മ വലത്തു ചാഞ്ഞ് മയങ്ങിക്കിടക്കുന്നു. അനക്കമറ്റ നിദ്രയിലേക്ക് അമ്മ പോയി. എങ്കിലും പീളയടഞ്ഞ കണ്ണുകള്‍ അവര്‍ അടച്ചിരുന്നില്ല.

കവിതയില്‍ വരച്ചിടുന്ന ബിംബങ്ങള്‍

നീരറ്റു വറ്റി വരണ്ട കൈച്ചുള്ളികള്‍: 
      പച്ചപ്പ് പൂര്‍ണമായി നഷ്ടപ്പെട്ട് നീരുവറ്റി ഉണങ്ങിയ ചെറിയ മരച്ചില്ലയാണ് ചുള്ളി. അതുപോലെ അമ്മയുടെ കൈകള്‍ രക്തവും മാംസവും ഇല്ലാതായി ഉണങ്ങിവരണ്ട മരച്ചില്ലപോലെയായി. എടുത്തുയര്‍ത്താന്‍പോലും ശക്തിയില്ലാതായി മാറി. വാര്‍ധക്യം അതിന്റെ പരകോടിയിലെത്തിയതായി സൂചിപ്പിക്കുന്നു.  

      മങ്ങിപ്പഴകിയ പിഞ്ഞാണവര്‍ണമായി  മാറിയ കണ്ണുകള്‍: അമ്മയുടെ കണ്ണുകളെക്കുറിച്ച് വിവരിക്കുന്നു. പാടയും പീളയും മൂടിയ ആ കണ്ണുകള്‍ മങ്ങിപ്പഴകിയ പിഞ്ഞാണത്തിന്റെ (ഭക്ഷണം കഴിക്കുന്ന പാത്രം) മാതിരി നരച്ചും വിളര്‍ത്തും നിറം മങ്ങിയും കാണപ്പെട്ടു. പിഞ്ഞാണം ഉപയോഗിച്ച് പഴകുമ്പോള്‍ അതിന്റെ ചുവട്ടിലെ വെളുത്ത ഭാഗം അടര്‍ന്നുപോയി, ഇരുമ്പിന്റെ അംശം തെളിഞ്ഞുവരും. വാര്‍ധക്യം ബാധിച്ചവരുടെ കണ്ണിലെ കൃഷ്ണമണിയുടെ ഭാഗം ഏതാണ്ട് അതുപോലെയിരിക്കും.  

പെരുമാളും പെറ്റുകിടക്കുന്ന  തെരുവു പട്ടിയും:  
       ആധുനികലോകത്തിന്റെ സംഭാവനയാണ് മാളുകള്‍ എന്നറിയപ്പെടുന്ന കൂറ്റന്‍ വ്യാപാരശാലകള്‍. എന്തും വിലയ്ക്കുവാങ്ങാന്‍ അവിടെ കിട്ടും. പക്ഷേ, മാതൃത്വത്തിന്റെ സഹജഭാവങ്ങളായ സ്‌നേഹവും വാത്സല്യവും അവിടെ കിട്ടില്ല. രാത്രിയിലൊഴികെ എപ്പോഴും തിരക്കുള്ള സ്ഥലമായതിനാല്‍ അമ്മയെ അവിടെ ഉപേക്ഷിക്കുകയാവും നല്ലതെന്നയാള്‍ക്ക് തോന്നി.  പെരുമാള്‍ പെരുംആള്‍ എന്നൊക്കെ അര്‍ഥമെടുത്താല്‍ വലിയ ആള്‍, പ്രകൃതി, ദൈവം എന്നൊക്കെ അര്‍ഥം കിട്ടും. വാ കീറിയ ദൈവം വയറിനും കൊടുക്കും എന്നു പറഞ്ഞപോലെ അമ്മ  അവിടെക്കിടന്നു ജീവിച്ചുകൊള്ളും. സ്വന്തം കുഞ്ഞിനെ ഉപദ്രവിക്കാന്‍ വരുകയാണെന്ന് കരുതിയാണ് പെറ്റുകിടക്കുന്ന തെരുവുപട്ടി കുതിച്ചുചാടിയത്. മൃഗങ്ങള്‍ക്കുപോലും സ്വന്തം മക്കളോട് അലിവുണ്ട്. അതിനാല്‍ അത്ര നല്ല സംരക്ഷണമാണ് ജന്തുക്കള്‍പോലും തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് കൊടുക്കുന്നത്. ആറ്റുനോറ്റു വളര്‍ത്തിയ മകന്‍ അമ്മയോട് കാണിക്കുന്ന ക്രൂരതയ്‌ക്കെതിരെയുള്ള പ്രതിഷേധവുമാകാം മക്കളെ സ്‌നേഹിക്കുന്ന ആ ജന്തു പ്രകടിപ്പിക്കുന്നത്. മാതാവും പുത്രനും തമ്മിലുള്ള ബന്ധത്തിന്റെ വില അറിയില്ലെന്ന് നമ്മള്‍ പറയുന്ന ജന്തുക്കളെക്കണ്ട് മാതൃസ്‌നേഹത്തിന്റെ വില നന്നായി പഠിക്കേണ്ടിയിരിക്കുന്നുവെന്നായിരിക്കാം കവിയുടെ വിവക്ഷ. നായ്ക്കള്‍ നന്ദികെട്ട മക്കളെക്കാള്‍ എത്രയോ ഭേദം.

പിച്ചിയതാര് തളര്‍ന്നൊരിക്കൈകളോ?: 
        അമ്മയെ വിദ്യാലയമുറ്റത്ത് ഉപേക്ഷിക്കാന്‍ മകന്‍ തയ്യാറെടുക്കുന്നു. വെട്ടവും ആളുമില്ലാതെ ഏകാന്തത കണ്ണുപൊത്തിക്കളിക്കുന്ന വിദ്യാലയമുറ്റത്ത് കൊണ്ടുവന്നു. അപ്പോള്‍ അയാള്‍, കുട്ടിക്കാലത്ത് ശാഠ്യം പിടിച്ചുകരഞ്ഞുകൊണ്ട് പള്ളിക്കൂടത്തിലെത്തിയതും അമ്മ പുറത്തു കാത്തുനിന്നതും അയാളുടെ ചങ്കില്‍ കരച്ചില്‍ കുടുങ്ങിപ്പിടഞ്ഞതും ഓര്‍ത്തുപോയി. തന്നെ ആരോ പിച്ചിയതുപോലെ അയാള്‍ക്ക് തോന്നി. അത് അമ്മയുടെ തളര്‍ന്ന കൈകളായിരിക്കാം എന്നയാള്‍ ചിന്തിക്കുന്നു.

കൊണ്ടുപോയീടേണമെന്നുള്ള  ശല്യപ്പെടുത്തല്‍  പ്രതിഷ്ഠിച്ച കോവില്‍!: 
       അമ്മയെ ഉപേക്ഷിക്കാന്‍ പലയിടത്തും നോക്കിയെങ്കിലും പറ്റിയില്ല. എവിടെയാണ് ഇനി കൊണ്ടിറക്കുക. ഉടന്‍ ഉത്തരം കിട്ടി. അമ്മ പതിവായി പ്രാര്‍ഥിച്ചിരുന്ന കോവിലില്‍ തന്നെയാകാം. ഒടുവിലത്തെ അഭയസ്ഥാനം അതാണല്ലോ. അതിനായി ചെന്നപ്പോള്‍ ഈശ്വരന്‍തന്നെ അതില്‍നിന്ന് അയാളെ പിന്തിരിപ്പിച്ചു. ലോകത്തിന്റെ ഇന്നത്തെ പോക്കില്‍ ഈശ്വരന്‍പോലും അശാന്തനാണ്. അദ്ദേഹം കോവിലില്‍നിന്ന് പുറത്തേക്കിറങ്ങിയതായി അയാള്‍ക്ക് തോന്നി.  
അടയ്ക്കാതെവെച്ച കണ്ണുകള്‍:
       ക്ഷേത്രത്തില്‍ ഉപേക്ഷിക്കാന്‍ ശ്രമിച്ചത് നടക്കാതെവന്നപ്പോള്‍ അയാള്‍ വണ്ടി തിരിച്ചുവിട്ടു. പുറത്തുനിന്ന് തണുത്ത കാറ്റടിക്കുന്നു. ചില്ലുയര്‍ത്തുമ്പോള്‍ കുട്ടിക്കാലത്തിന്റെ സ്മരണകള്‍ ഇരമ്പിക്കയറിവന്നു. തണുപ്പേല്‍ക്കാതിരിക്കാന്‍ അമ്മ കരിമ്പടംകൊണ്ട് പുതപ്പിച്ചതും വയറിനോട് ചേര്‍ത്തുപിടിച്ച് ചൂടുതന്നുറക്കിയതും മറ്റും അയാള്‍ ആ പോക്കില്‍ ഓര്‍മിച്ചു. തന്നെ ഒന്നിനുംകൊള്ളാത്തവനായി ഭാര്യ ഇന്നും കുറ്റപ്പെടുത്താം. പക്ഷേ, തനിക്കു മടങ്ങാതെവയ്യ. തലയ്ക്കകത്ത് നൂറായിരം ചിന്തകള്‍ ഇളകിമറിയുകയാല്‍ തലപെരുക്കുന്നു. മെല്ലെ തിരിഞ്ഞുനോക്കി. പിറകിലെ സീറ്റില്‍ വലത്തോട്ടുചാഞ്ഞ് അമ്മ മയങ്ങിക്കിടക്കുന്നു. പീളകെട്ടി നിറംമങ്ങിയ കണ്ണുകള്‍ അപ്പോഴും അമ്മ അടച്ചിട്ടില്ല. സ്വന്തം മരണംകൊണ്ടുപോലും അമ്മ ആ മകനെ സ്‌നേഹിക്കുന്നു. തന്റെ മകനെ ഇനിയും ബുദ്ധിമുട്ടിക്കേണ്ട. ഇന്നെങ്കിലും അവന് ഒന്നിനും കൊള്ളാത്തവനെന്ന പഴി കേള്‍ക്കരുത്. തന്റെ ശല്യപ്പെടുത്തല്‍ കേട്ട ദൈവം വിചാരിച്ചിട്ടോ എന്തോ അമ്മ മകന്റെ ജീവിതത്തില്‍നിന്ന് ഒഴിഞ്ഞുപോയി. മരണത്തെ പുല്‍കിയപ്പോഴും മകനെ കണ്ണുതുറന്നവര്‍ നോക്കിക്കൊണ്ടിരിക്കുന്നു. എന്നാല്‍ മകന് ആ നോട്ടം താങ്ങാനാവുന്നില്ല. അത്രയ്ക്ക് ക്രൂരമായ പ്രവൃത്തിയാണ് ആ അമ്മയോട് അയാള്‍ ചെയ്തത്. അതുകൊണ്ടാകണം അമ്മയുടെ അവസാനനോട്ടംപോലും അയാള്‍ക്ക് നിര്‍ദയമായി തോന്നിയത്.

                                         PDF DOWNLOAD

No comments:

Post a Comment