Marquee

ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുള്ള പഠനവിഭവങ്ങളും ചോദ്യപേപ്പറുകളും hsmalayalamresources@gmail.com എന്ന വിലാസത്തില്‍ അയച്ചുതരൂ... ......

Sunday, December 31, 2017

വീണ്ടും ഒരു പുതുവർഷത്തിലേക്ക് .....

'' കാലമിനിയുമുരുളും
വിഷു വരും വർഷം വരും
തിരുവോണം വരും
പിന്നെയോരോ തളിരിനും
പൂവരും കായ് വരും
അപ്പോഴാരെന്നും എന്തെന്നുമാർക്കറിയാം
നമുക്കിപ്പൊഴിയാർദ്രയെ
ശാന്തരായ് സൗമ്യരായ്
എതിരേൽക്കാം"
നന്മ നിറഞ്ഞ പുതുവർഷം എല്ലാവർക്കുമായ് പങ്കുവയ്ക്കുന്നു.

Tuesday, December 26, 2017

ഉരുളക്കിഴങ്ങു തിന്നുന്നവർ - പ്രവേശകം - പ്രസന്റേഷൻ

പത്താം തരം കേരള പാഠാവലിയിലെ കലകൾ കാവ്യങ്ങൾ എന്ന യൂണിറ്റിന്റെ  പ്രവേശക പ്രവര്‍ത്തനത്തിന് സഹായകമായ പ്രസന്റേഷന്‍ ഫയലാണ് ഈ പോസ്റ്റിലൂടെ വടക്കാങ്ങര ടി എസ് എസ്സിലെ മലയാളം അധ്യാപകൻ ശ്രീ വി സി സുരേഷ് പങ്കു വെക്കുന്നത്. 


രണ്ടാം പാദ വാർഷിക പരീക്ഷ ചോദ്യപേപ്പറുകൾ

10 കേരളപാഠാവലി

10 അടിസ്ഥാന പാഠാവലി

9 കേരള പാഠാവലി

9  അടിസ്ഥാന പാഠാവലി

8 കേരള പാഠാവലി

8  അടിസ്ഥാന പാഠാവലി

Friday, December 15, 2017

തേന്‍കനി നാടകം

വയലാ വാസുദേവന്‍ പിള്ളയുടെ തേന്‍കനി എന്ന നാടകം രംഗപ്രഭാത് ചില്‍ഡ്രന്‍സ് തിയേറ്റര് അവതരിപ്പിക്കുന്നു

മര്‍ഫി നാടകം

പാലക്കാട് ജില്ലാ ലൈബ്രറി കൌണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ചിന്ത് നാടകക്കളരി കാരാക്കുറിശ്ശി അവതരിപ്പിച്ച  ഇ സന്തോഷ്‌കുമാറിന്റെ പണയം എന്ന കഥയെ ആസ്പദമാക്കിയുള്ള നാടകം മര്‍ഫി



Wednesday, December 13, 2017

സഫലമീ യാത്ര പൂര്‍ണ്ണരൂപം

സഫലമീ യാത്ര എന്ന കവിതയുടെ പൂര്‍ണ്ണരൂപവും, ആശുപത്രിക്കിടക്കയില്‍ നിന്ന് തിരിച്ചെത്തിയ ശേഷം അദ്ദേഹം എഴുതിയ സഫലമീ യാത്രയുടെ തുടര്‍ച്ച എന്നു പറയാവുന്ന നന്ദി, തിരുവോണമേ നന്ദി എന്ന കവിതയും ഒറ്റ PDF ല്‍

https://drive.google.com/open?id=1JA-rGHEYYT82qnQxvh8DFuUqqtflSY_r

Tuesday, December 12, 2017

വിശേഷണങ്ങളുടെ ലോകം

എസ്. ജ്യോതിനാഥ വാര്യര്‍

ഒരു പദത്തെ പ്രത്യേകം വിശേഷിപ്പിക്കുന്നതാണ് വിശേഷണം.മലയാള വ്യാകരണത്തില്‍ ഇവയെ ഭേദകം എന്നു വിളിക്കുന്നു.ഹൈസ്‌കൂള്‍ ക്ലാസുകളിലെ വ്യാകരണപഠനത്തിന് സഹായകം.

തിരുവോണപ്പുലരിതന്‍  
തിരുമുല്‍ക്കാഴ്ച വാങ്ങാന്‍ 
തിരുമുറ്റമണിഞ്ഞൊരുങ്ങി 
****
നീലനിശീഥിനീ... 
**** 
വളകിലുക്കിയ സുന്ദരി

      അടിവരയിട്ട പദങ്ങള്‍ ശ്രദ്ധിച്ചുനോക്കൂ. ഓരോന്നും തൊട്ടടുത്തുള്ള നാമത്തെ വിശേഷിപ്പിച്ചുകൊണ്ടുനില്‍ക്കുന്നതുകാണാം. വിശേഷിപ്പിക്കുക എന്നാല്‍ വ്യത്യാസപ്പെടുത്തുക. ഒന്നിനെ മറ്റൊന്നില്‍നിന്നു വേര്‍തിരിച്ചുകാണിക്കുന്ന ഇത്തരം ശബ്ദങ്ങള്‍ ഭാഷയില്‍ ധാരാളം കാണാം. ഗുണത്തിന്റെ അടിസ്ഥാനത്തിലാണ് ഒരു വസ്തുവിനെയോ വ്യക്തിയെയോ വിശേഷിപ്പിക്കുന്നത്. ഇങ്ങനെ ഗുണത്തിന്റെ അടിസ്ഥാനത്തില്‍ വിശേഷിപ്പിക്കുന്ന ശബ്ദങ്ങളെ ഭേദകം എന്നു വിളിക്കാം. ഭേദകം എന്ന വാക്കിനര്‍ഥം ഭേദം (വ്യത്യാസം) ഉണ്ടാക്കുന്നത് എന്നാണ്. 'കരിമുകില്‍' എന്നു പറയുമ്പോള്‍ ചെമ്മുകില്‍, വെണ്‍മുകില്‍, നീലമുകില്‍, സ്വര്‍ണമുകില്‍ തുടങ്ങിയ മുകിലുകളില്‍നിന്ന് കരിമുകിലിനെ വ്യത്യാസപ്പെടുത്തുന്നു. ചെം, വെണ്‍, നീല, സ്വര്‍ണ, മണി തുടങ്ങിയ ശബ്ദങ്ങളും ഗുണത്തിന്റെ അടിസ്ഥാനത്തില്‍ മുകിലിനെ വ്യത്യാസപ്പെടുത്തിക്കാണിക്കുന്ന ശബ്ദങ്ങളാണ്.

           വിശേഷണങ്ങള്‍ ഭേദകങ്ങള്‍ നാമത്തെയോ ക്രിയയെയോ ഭേദകത്തെത്തന്നെയോ വിശേഷിപ്പിക്കാം. ഏതു ശബ്ദത്തെയാണോ വിശേഷിപ്പിക്കുന്നത് എന്നതുനോക്കി അവയ്ക്കു പേര്‍ നല്‍കാം. നാമത്തെ വിശേഷിപ്പിച്ചാല്‍ നാമവിശേഷണം. പച്ചപ്പുല്ല്, വലിയ കുതിര, ഇടുങ്ങിയ വഴി എന്നിവ ഉദാഹരിക്കാം. ക്രിയയെ വിശേഷിപ്പിച്ചാല്‍ ക്രിയാവിശേഷണം. ഉച്ചത്തില്‍ വിളിച്ചു, ഉറക്കെപ്പാടി, മെല്ലെ നടന്നു എന്നിവ ക്രിയാവിശേഷണങ്ങള്‍. വളരെ വേഗത്തില്‍ നടന്നു, അതിഭയങ്കരമായ തലവേദന, വളരെ നല്ലകുട്ടി തുടങ്ങിയവയില്‍ വിശേഷണത്തെത്തന്നെ വീണ്ടും വിശേഷിപ്പിക്കുകയാണ് 'വളരെ', 'അതി' തുടങ്ങിയ ശബ്ദങ്ങള്‍. അതിനാല്‍ അവയെ ഭേദകവിശേഷണം എന്നു വിളിക്കാം.
ഭേദകം ഏഴുതരം! ഭേദകങ്ങള്‍ ഏതു സന്ദര്‍ഭത്തില്‍ എങ്ങനെ ഉപയോഗിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ ഏഴായി തിരിക്കാം. ഭേദകമായി വരുന്ന ശബ്ദങ്ങളെയും അവ വ്യാപരിക്കുന്നതിനെയും അടിസ്ഥാനമാക്കിയാണ് ഈ വിഭജനം.

1. ശുദ്ധഭേദകം 
 വികാരമൊന്നുമില്ലാതെ ശുദ്ധമായിനിന്നുകൊണ്ട് നാമങ്ങളെ വിശേഷിപ്പിക്കുന്ന ഭേദകമാണ് ശുദ്ധഭേദകം. നാമങ്ങളോടു സമാസമായി ചേര്‍ന്നുനിന്നുകൊണ്ട് നാമത്തെ വിശേഷിപ്പിക്കുന്നു. നല്‍, തിരു, വന്‍, ചെറു, ചെം, തൂ, പുതു തുടങ്ങിയവ ശുദ്ധഭേദകങ്ങളാണ്. നിറങ്ങളെ സൂചിപ്പിക്കുന്ന പദങ്ങളും ശുദ്ധഭേദകത്തെ കാണിക്കുന്നു. 'നന്മുല്ല തന്നുടെ തേനുണ്ട കാര്‍വണ്ടു... തിരുമധുരം കനവിലുറങ്ങ് തിരുനാമം നാവിലുറങ്ങ് വന്നിടുമൊടുവിലീ വന്‍ചിത നടുവില്‍ ഒരു ചെറുപുഞ്ചിരി തൂവെള്ളപ്പൂക്കള്‍തന്‍ പുഞ്ചിരിപോല്‍...
2. സാര്‍വനാമികം  
സര്‍വനാമങ്ങള്‍ വിശേഷണമായി വരുന്നത് സാര്‍വനാമികം എന്ന ഭേദകം. ചുട്ടെഴുത്തുകളായ (ചൂണ്ടിപ്പറയുന്ന അക്ഷരങ്ങള്‍) അ, ഇ, എ എന്നിവ വിശേഷണമായി വരാറുണ്ട്. അത്തരം വിശേഷണങ്ങളാണ് സാര്‍വനാമികം എന്നറിയപ്പെടുന്നത്. അപ്പൊന്നും നോക്കാതെ അമ്മണി നോക്കാതെ. പൊന്നിനെയും മണിയെയും (രത്നം) 'അ' കൊണ്ടു വിശേഷിപ്പിക്കുന്നു. അദ്ദേഹം, ഇദ്ദേഹം, അവിടം, ഇവിടം എന്നു മറ്റുദാഹരണങ്ങള്‍.
3. സാംഖ്യഭേദകം 
സംഖ്യാനാമങ്ങള്‍ വിശേഷണമായി വരുന്നത് സാംഖ്യഭേദകം. മലയാളത്തിലെ സംഖ്യാനാമങ്ങളായ ഒരു, ഇരു, മൂ, നാല്‍, ഐ, അറു, എഴു, എണ്‍ തുടങ്ങിയവയോ ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച് എന്നിവയോ വിശേഷണമായി വന്നാല്‍ അത് സാംഖ്യം എന്ന ഭേദകം ഒരുപുഷ്പം മാത്രമെന്‍ പൂങ്കുലയില്‍... ഇരുമെയ്യാണെങ്കിലും... മൂലോകം മുഴുവനുറങ്ങ് നാലുകാലുള്ളൊരു നങ്ങേലിപ്പെണ്ണിനെ.... അഞ്ചുശരങ്ങളും പോരാതെ....
4. പാരിമാണികം 
പരിമാണം എന്നാല്‍ അളവ്. അളവിനെയോ തൂക്കത്തെയോ സൂചിപ്പിക്കുന്ന ശബ്ദങ്ങള്‍ വിശേഷണമായി വന്നാല്‍ അതു പാരിമാണികം എന്ന ഭേദകം. പഴയകാലത്തെ അളവുകളായ അടി, ഇഞ്ച്, കഴഞ്ച്, നാഴി, ഉരി, മുഴം എന്നിവയോ ഇന്നത്തെ അളവുകളായ ഗ്രാം, മീറ്റര്‍, ലിറ്റര്‍ തുടങ്ങിയവയോ വിശേഷണമായി വരാം. നാഴൂരിപ്പാലുകൊണ്ട് നാടാകെ കല്യാണം മുന്നാഴി അരി മൂവന്തി മുത്തശ്ശി ചെപ്പുതുറന്നപ്പോള്‍ മുന്നാഴി കുങ്കുമം വീണതാണോ? മൂന്നുമുഴം കയറ് ഒരുപിടി എള്ള് നാലുതുടം എണ്ണ ഒരുചാണ്‍ വയറ് മുക്കാല്‍കിലോ തക്കാളി തുടങ്ങിയവ പാരിമാണികഭേദകത്തെ കാണിക്കുന്നു.
5. വിഭാവക  ഭേദകം 
 ഒരു വസ്തുവിന്റെയോ വ്യക്തിയുടെയോ സ്വഭാവം വിശദീകരിക്കുന്ന ഭേദകമാണ് വിഭാവകം. സ്വഭാവത്തെ (ഗുണത്തെ) സൂചിപ്പിക്കുന്ന ശബ്ദത്തോട് 'ആയ', 'ആയി' എന്നിവ ചേര്‍ത്തിട്ടാണ് വിശേഷണങ്ങളെ വിശേഷ്യങ്ങളോടു ചേര്‍ക്കുന്നത്. നാമത്തോട് 'ആയ'യും ക്രിയയോട് ആയിയുമാണ് മിക്കപ്പോഴും ചേര്‍ക്കുന്നത്. മുടിയനായ പുത്രന്‍, സുന്ദരനായ പുരുഷന്‍, മിടുക്കനായ കുട്ടി, തടിയനായ കുട്ടി, മിടുക്കിയായി പഠിച്ചു, ഒന്നാമതായി ജയിച്ചു.
6. നാമാംഗജം  
നാമാംഗം എന്നാല്‍ പേരെച്ചം. പേരെച്ചം ചിലപ്പോള്‍ ഗുണത്തിന്റെ അടിസ്ഥാനത്തില്‍ വിശേഷിപ്പിക്കുന്ന ഭേദകമായിവരാം. ഇത്തരം ഭേദകങ്ങളെ നാമാംഗജം എന്നാണ് വിളിക്കുന്നത്. നാമാംഗത്തില്‍നിന്ന് ജനിക്കുന്നതായതുകൊണ്ട് നാമാംഗജം എന്നു പേരുവന്നു. ന്ത കെട്ടിയ പെണ്ണിനെ മടികൂടാതെ കിട്ടിയവടികൊണ്ടൊന്നു കൊടുത്തു ന്ത ചരടുപൊട്ടിയ പമ്പരം ന്ത വാടിയ പൂ ചൂടിയാലും ചൂടിയ പൂ ചൂടരുത് ന്ത താളംതെറ്റിയ താരാട്ട് ഇവിടെയെല്ലാം നാമാംഗങ്ങള്‍ (പേരെച്ചം- അടിവരയിട്ടപദങ്ങള്‍) ഭേദകമായി വന്നിരിക്കുന്നു.
7. ക്രിയാംഗജം  
ക്രിയാംഗം എന്നാല്‍ വിനയെച്ചം. (ക്രിയയെ ആശ്രയിച്ചു നില്‍ക്കുന്ന അപൂര്‍ണക്രിയ) വിനയെച്ചം വിശേഷണമായി വന്നാല്‍ ആ ഭേദകത്തെ ക്രിയാംഗജം എന്നു വിളിക്കാം. ക്രിയാംഗ (വിനയെച്ചം)ത്തില്‍നിന്നു ജനിക്കുന്നത് എന്നര്‍ഥം. ഉച്ചത്തില്‍ വിളിച്ചു കരഞ്ഞു ഉറക്കെപ്പാടീ ഞാനാപ്പാട്ടുകളെന്നാത്മാവില്‍... ഇണങ്ങിയാല്‍ നക്കിക്കൊല്ലും പിണങ്ങിയാല്‍ കുത്തിക്കൊല്ലും. നാമങ്ങള്‍ക്കു തമ്മിലും ക്രിയകള്‍ക്കുതമ്മിലും വിശേഷണങ്ങള്‍ക്കുതമ്മിലും ഭേദം കല്പിക്കുന്ന ശബ്ദമാണ് ഭേദകം. ഇംഗ്ലീഷിലെ  എലളവരറഹ്വവകളും എല്വവിയകളും വിശേഷണങ്ങളാണ്. മലയാളത്തിലെ ഭേദകങ്ങള്‍ക്കു തുല്യമാണവ. ഭേദകങ്ങളുടെ വിഭജനം സാങ്കേതികമായി മാത്രം ഉള്ളതാണ്. ഒരു നാമത്തെയോ ക്രിയയെയോ ഭേദകത്തെത്തന്നെയോ വിശേഷിപ്പിച്ചു നില്‍ക്കുന്ന ശബ്ദമാണ് ഭേദകം എന്നുകാണാം.

സഫലമീ യാത്ര - ഡോ. പി കെ തിലക്

Saturday, December 9, 2017

ആഴം കൂട്ടും പ്രയോഗങ്ങള്‍

എസ്. ജ്യോതിനാഥവാര്യര്‍
അയാള്‍ അപ്പോള്‍ അങ്ങനെ പറഞ്ഞുപോയി.       
ഇപ്രാവശ്യം പരീക്ഷയ്ക്ക് അവന്‍ ജയിച്ചുകളഞ്ഞു
എല്ലാ വിദ്യാര്‍ഥികളും പങ്കെടുക്കണമെന്ന് അപേക്ഷിച്ചുകൊള്ളുന്നു
ആ കാഴ്ചകണ്ട ഞങ്ങള്‍ പേടിച്ചുപോയി.    കള്ളന്‍ തൊണ്ടി മുതലുംകൊണ്ടു കടന്നുകളഞ്ഞു.
      അടിവരയിട്ട ക്രിയാപദങ്ങളോരോന്നും പരിശോധിച്ചു നോക്കൂ. അവയുടെ യഥാര്‍ഥത്തിലുള്ള അര്‍ഥമല്ല ആ ക്രിയകള്‍ക്കുള്ളതെന്നു കാണാം. മേല്പറഞ്ഞ ക്രിയകളെല്ലാം അതിനു മുന്‍പിരിക്കുന്ന ക്രിയകളുടെ അര്‍ഥത്തില്‍ ചില സവിശേഷതകള്‍ കൂട്ടിച്ചേര്‍ക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ വാക്യത്തിലെ പ്രധാന ക്രിയയോടു ചേര്‍ന്നുനിന്നുകൊണ്ട് അവയുടെ അര്‍ഥത്തില്‍ ചില സവിശേഷതകള്‍ കൂട്ടിച്ചേര്‍ക്കുന്ന ക്രിയകളാണ് അനുപ്രയോഗങ്ങള്‍. അനുപ്രയോഗമെന്നാല്‍ കൂടെ പ്രയോഗിക്കുന്നത് എന്നര്‍ഥം. പറഞ്ഞു എന്നതിനോടൊപ്പം പോയി ചേര്‍ന്നപ്പോള്‍ പ്രതീക്ഷിക്കാതെ അല്ലെങ്കില്‍ അറിയാതെ പറഞ്ഞു എന്ന അര്‍ഥം അവിടെ കിട്ടുന്നു. പേടിച്ചുപോയി എന്നതില്‍ പേടിച്ചു എന്ന ക്രിയയോട് പോയി അനുപ്രയോഗിച്ചപ്പോള്‍ പേടിയുടെ ആഴം കൂട്ടിക്കാണിക്കാന്‍ 'പോയി'ക്കു കഴിയുന്നു.
ഭേദകാനുപ്രയോഗം
പ്രധാന ക്രിയയുടെ അര്‍ഥത്തില്‍ ചില സവിശേഷതകള്‍ കൂട്ടിച്ചേര്‍ക്കുന്ന അനുപ്രയോഗമാണിത്. വിനയം, ലാഘവം, പതിവ് തുടങ്ങിയ സവിശേഷതകള്‍ ക്രിയയോടു കൂട്ടിച്ചേര്‍ക്കുന്നു. പറഞ്ഞുകൊള്ളുന്നു എന്നിടത്ത് പറഞ്ഞു എന്ന ക്രിയയോട് വിനയം കൂട്ടിച്ചേര്‍ക്കാന്‍ കൊള്ളുന്നു എന്ന അനുപ്രയോഗത്തിന് കഴിയും. അഭ്യര്‍ഥിച്ചുകൊള്ളുന്നു, അറിയിച്ചുകൊള്ളുന്നു എന്ന് മറ്റുദാഹരണങ്ങള്‍. 'തന്നു വരുന്നു' എന്നു പറയുമ്പോള്‍ പതിവിനെയും 'തോല്പിച്ചുകളഞ്ഞു' എന്നു പറയുമ്പോള്‍ ലാഘവത്തെയും കാണിക്കും. 'എന്റെ കുട വഴിയിലെവിടെയോവെച്ചു കളഞ്ഞുപോയി' എന്നു പറയുമ്പോള്‍ പറയുന്നയാളിന്റെ നിസ്സഹായതയാണ് വെളിവാകുന്നത്. ഇങ്ങനെ പ്രധാന ക്രിയയുടെ അര്‍ഥത്തിന് ഭേദം (വ്യത്യാസം) വരുത്തുന്ന അനുപ്രയോഗങ്ങളാണ് ഭേദകാനുപ്രയോഗമെന്നു കാണാം.
കാലാനുപ്രയോഗം
കാലവ്യത്യാസത്തെയോ കാലത്തിന്റെ താരതമ്യത്തെയോ സൂചിപ്പിക്കുന്ന അനുപ്രയോഗം.  ഇറാഖില്‍ യുദ്ധം ഉണ്ടായി       ഇന്ത്യയില്‍ യുദ്ധം ഉണ്ടായിട്ടുണ്ട് ഇവിടെ, ഉണ്ടായിട്ടുണ്ട് എന്നു പറയുമ്പോള്‍ വളരെ നാള്‍മുന്‍പ് യുദ്ധം ഉണ്ടായി എന്നും യുദ്ധം ഉണ്ടായി എന്നാകുമ്പോള്‍ അടുത്തിടെയാണ് യുദ്ധം ഉണ്ടായതെന്നുമുള്ള അര്‍ഥം കിട്ടുന്നു.   വന്നിട്ടുണ്ട് - ആള്‍ എത്തിച്ചേര്‍ന്നു     വന്നിട്ടുണ്ടായിരുന്നു - ആള്‍ വന്നു എന്നാല്‍ ഇപ്പോള്‍ ഇല്ല.   വന്നിട്ടുണ്ടാകും - വന്നോ എന്ന കാര്യത്തില്‍ സംശയം.  വരുമായിരിക്കും - വരുമെന്നൂഹിക്കുന്നു
പൂരണാനുപ്രയോഗം
എല്ലാക്കാലങ്ങളിലും പ്രകാരങ്ങളിലും പ്രയോഗമില്ലാത്ത ഖിലധാതുക്കളെ പൂരിപ്പിക്കുന്ന അനുപ്രയോഗമാണിത്. ഖിലധാതുക്കളോട് 'ആ' എന്ന ക്രിയ ചേര്‍ക്കുകയും തുടര്‍ന്ന് കാലപ്രത്യയങ്ങളോ പ്രകാരപ്രത്യയങ്ങളോ ചേര്‍ക്കുകയും ചെയ്യും. ഉദാഹരണത്തിന് 'ഉള്‍' എന്ന ക്രിയാധാതു ഒരു ഖിലധാതുവാണ്. ഇതിന് 'ഉണ്ട്' എന്നൊരു വര്‍ത്തമാനകാലരൂപം ഉണ്ട്. 'ഉണ്ട്' എന്ന രൂപത്തോട് ആവുക എന്നര്‍ഥമുള്ള ആ എന്ന രൂപം കൂട്ടിച്ചേര്‍ക്കുന്നു. തുടര്‍ന്ന് കാലപ്രത്യയങ്ങളോ പ്രകാരപ്രത്യയങ്ങളോ ചേര്‍ക്കണം. ഉണ്ട് + ആ + ഇ - ഉണ്ടായി - ഭൂതകാലം ഉണ്ട് + ആ + ഉം - ഉണ്ടാകും (ഉണ്ടാവും) ഭാവികാലം ഉണ്ട് + ആ + ഉന്നു - ഉണ്ടാകുന്നു (ഉണ്ടാവുന്നു) വര്‍ത്തമാനം ഉണ്ട് + ആ + ആട്ടെ - ഉണ്ടാകട്ടെ (ഉണ്ടാവട്ടെ) നിയോജകപ്രകാരം ഉണ്ട് + ആ + ആണം - ഉണ്ടാകണം (ഉണ്ടാവണം) വിധായകപ്രകാരം ഉണ്ട് + ആ + ആം - ഉണ്ടാകാം (ഉണ്ടാവാം) അനുജ്ഞായകപ്രകാരം ഇങ്ങനെ ഉള്ള രൂപത്തോട് ആ എന്ന ക്രിയാധാതുവും പ്രത്യയങ്ങളും ചേര്‍ത്ത് ഖിലധാതുക്കള്‍ക്ക് രൂപങ്ങള്‍ ഉണ്ടാക്കുന്നു.
നിഷേധാനുപ്രയോഗം
ക്രിയകളോട് നിഷേധാര്‍ഥം കൂട്ടിച്ചേര്‍ക്കാനായി നടത്തുന്ന അനുപ്രയോഗമാണ് നിഷേധാനുപ്രയോഗം. ഇല്ല, അല്ല എന്നിവയാണ് നിഷേധാര്‍ഥം കാണിക്കാനായി അനുപ്രയോഗിക്കുന്നത്. കണ്ടു - കണ്ടില്ല; കേട്ടു - കേട്ടില്ല അവനാണ് ചെയ്തത് ; അവനല്ല ചെയ്തത് അല്ല, ഇല്ല-കളെ കൂടാതെ വേണ്ടാ, കൂടാ, വയ്യാ, ഒലാ, അരുത് തുടങ്ങിയവ ചേര്‍ത്തും നിഷേധരൂപം ഉണ്ടാക്കാം. ചെയ്കവേണം- ചെയ്യണം; ചെയ്കവേണ്ടാ - ചെയ്യണ്ടാ; ചെയ്യണം- ചെയ്തുകൂടാ കരുതുവതിഹ ചെയ്യവയ്യ;  കാണാന്‍ വയ്യാ കേള്‍ക്കാന്‍ വയ്യാ ഇരിക്കൊലാ പൊങ്ങുക വിണ്ണിലോമനേ.  (ആശാന്‍ - മിന്നാമിനുങ്ങ്)                നിങ്ങള്‍ തന്‍ പോക്ക് വിപരീതമാകൊലാ (വള്ളത്തോള്‍) കാണരുത്, കേള്‍ക്കരുത്, പറയരുത്  ഇങ്ങനെ ക്രിയകളോട് നിഷേധാര്‍ഥമുള്ള ശബ്ദങ്ങള്‍ കൂട്ടിച്ചേര്‍ത്ത് നിഷേധരൂപമുണ്ടാക്കാം.
ഉപസര്‍ഗങ്ങള്‍
സംസ്‌കൃതഭാഷയില്‍ ധാരാളമായി പ്രയോഗിച്ചു കാണുന്ന ശബ്ദങ്ങളാണ് ഉപസര്‍ഗങ്ങള്‍. മാല എന്ന അര്‍ഥത്തില്‍ പ്രയോഗിച്ചുകാണുന്ന ശബ്ദമാണ് ഹാരം. എന്നാല്‍ ഉപസര്‍ഗയോഗം ഹാരം എന്ന പദത്തിന്റെ അര്‍ഥത്തെ വളരെയധികം മാറ്റിമറിക്കുന്നു. ആ + ഹാരം - ആഹാരം = ഭക്ഷണം നീ + ഹാരം - നീഹാരം = മഞ്ഞ് സം + ഹാരം - സംഹാരം = കൊല്ലുക, നശിപ്പിക്കല്‍ വി + ഹാരം - വിഹാരം = വിശ്രമം, ഉല്ലാസം ഉപ + ഹാരം - ഉപഹാരം = സമ്മാനം ഇപ്രകാരത്തില്‍ പദങ്ങള്‍ക്കുമുമ്പില്‍ ചേര്‍ന്നുനിന്നുകൊണ്ട് അവയുടെ അര്‍ഥഭേദത്തിന് കാരണമാകുന്ന ശബ്ദങ്ങളാണ് ഉപസര്‍ഗങ്ങള്‍. നിഃ, പ്ര, ആ, വി, ഉപ, അനു, പരാ, സം എന്നിങ്ങനെയുള്ള നിരവധി ഉപസര്‍ഗങ്ങള്‍ സംസ്‌കൃതത്തിലുണ്ട്. സംസ്‌കൃതഭാഷയില്‍നിന്ന് മലയാളത്തിലേക്കും നമ്മള്‍ ഉപസര്‍ഗങ്ങള്‍ സ്വീകരിച്ചു. ഗമിക്കുന്നു എന്ന ക്രിയയ്ക്ക് പോകുന്നു എന്നാണര്‍ഥം. ആഗമിക്കുന്നു എന്ന് ഉപസര്‍ഗം ചേരുമ്പോള്‍ വരുന്നു എന്നാകും അര്‍ഥം. അനുഗമിക്കുന്നു എന്നായാല്‍ കൂടെപ്പോവുക, ഉപഗമിക്കുന്നു എന്നായാല്‍ അടുത്തുപോവുക, സംഗമിക്കുന്നു എന്നാകുമ്പോള്‍ കൂടിച്ചേരുക. ഇങ്ങനെ ഉപസര്‍ഗം ചേരുമ്പോള്‍ ഗമിക്കുന്നു എന്ന ക്രിയയുടെ അര്‍ഥം മാറിപ്പോകുന്നതുകാണാം.

കീറിപ്പൊളിഞ്ഞ ചകലാസ് Video

പാഠങ്ങള്‍ പടവുകള്‍ - വിക്ടേര്‍സ് ചാനലിലെ വിദ്യാഭ്യാസ പരിപാടിയില്‍ കീറിപ്പൊളിഞ്ഞ ചകലാസ് എന്ന പാഠഭാഗത്തെ അധികരിച്ചുള്ള ഭാഗം

 

തോറ്റുപോയ അമ്മത്തൊട്ടില്‍


 സമകാലിക കവികളില്‍ പുതിയ ഒരു കാവ്യവഴിയിലൂടെ സഞ്ചരിക്കുന്ന കവിയാണ് റഫീക്ക് അഹമ്മദ്. കവിതയിലെ പാരമ്പര്യവഴിയെയും പുതുവഴിയെയും സമന്വയിപ്പിച്ച് സ്വന്തമായി ഒരു വഴി വെട്ടിത്തുറന്ന കവിയാണദ്ദേഹം. ഈണവും താളവും ഒത്തിണങ്ങിയ വൃത്തനിബദ്ധമായ ഒരു കവിതാരീതി തന്റെ മിക്ക കവിതകളിലും അദ്ദേഹം ചാലിച്ചു. മാത്രയ്ക്ക് പ്രാധാന്യമുള്ള, താളത്തിനൊക്കുന്ന ഒരു ഗാനരീതി ഈ കവിതകളിലുടനീളം നമുക്ക് കാണാം. ഈ രീതിയുടെ  സ്വീകാര്യം കൊണ്ടാകണം അദ്ദേഹത്തിന്റെ കവിതയ്ക്ക് ഗാനശോഭയുണ്ടായതും ഗാനങ്ങള്‍ക്ക് കവിതയുടെ ശോഭ വന്നിണങ്ങിയതും.  മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ 2013-ലെ 'കവിതപ്പതിപ്പി'ല്‍ പ്രസിദ്ധീകരിച്ചതു മുതല്‍ കാവ്യാസ്വാദകരുടെ സവിശേഷശ്രദ്ധ നേടിയ കവിതയാണ് 'അമ്മത്തൊട്ടില്‍'. റഫീക്ക് അഹമ്മദിന്റെ കവിതകളുടെ സവിശേഷതകള്‍ ഒത്തിണങ്ങിയ കവിതയാണ് ഇത്. അമ്മയുടെ വാത്സല്യം നുണയേണ്ടിവരുന്ന സമയത്ത് അനാഥമാക്കപ്പെടുന്ന ബാല്യംപോലെതന്നെയാണ് മക്കളുടെ സ്‌നേഹവും ദയാപൂര്‍ണമായ പരിചരണവും കിട്ടേണ്ട സമയത്ത് അനാഥാലയങ്ങളിലോ വൃദ്ധസദനങ്ങളിലോ തെരുവോരങ്ങളിലോ ക്ഷേത്രസങ്കേതങ്ങളിലോ ഉപേക്ഷിക്കപ്പെടുന്ന വാര്‍ധക്യവും. വാര്‍ധക്യം അനുഭവിക്കുന്ന ഈ ദുരവസ്ഥ കണ്‍മുന്നില്‍ കണ്ടുകൊണ്ടുവേണം നാം അമ്മത്തൊട്ടില്‍ വായിക്കുന്നതും  വിലയിരുത്തുന്നതും.

ഇതിവൃത്തം
          അമ്മയെ ഉപേക്ഷിക്കാനായി മകന്‍ വണ്ടിയില്‍ കയറ്റിയിരുത്തി. എങ്ങോട്ട് കൊണ്ടുപോകുന്നു എന്നവര്‍ ചോദിച്ചില്ല. ഉണങ്ങി വരണ്ട ചുള്ളിപോലെയുള്ള കൈകള്‍ മാറോടുചേര്‍ത്തുവെക്കുകയും പിഞ്ഞാണവര്‍ണമായ കണ്ണുകള്‍ അടച്ചുതുറക്കുകയും ചെയ്തു. വലിയ മാളിന്റെ സമീപം ഉപേക്ഷിക്കാനാഞ്ഞപ്പോള്‍ അവിടെ പെറ്റുകിടന്ന ഒരു പട്ടി കുരച്ചുചാടി ഓടിച്ചു. കുട്ടിക്കാലത്ത് ആശുപത്രിയില്‍ വെച്ച് ഉണ്ടായ അനുഭവത്തിന്റെ സ്മരണകള്‍ അവിടെ ഉപേക്ഷിക്കുന്നതില്‍നിന്ന് പിന്തിരിപ്പിച്ചു. വിദ്യാലയമുറ്റത്ത് കൊണ്ടുതള്ളാമെന്ന് വിചാരിച്ച് അവിടെയെത്തി. വിദ്യാലയസ്മരണകള്‍ അതില്‍നിന്ന് വിലക്കി. ദേവാലയമുറ്റത്ത് കൊണ്ടുചെന്നാക്കുവാന്‍ ചെന്നപ്പോള്‍ ദൈവം നല്ലബുദ്ധി തോന്നിക്കയാല്‍ അവിടെനിന്നും തിരിച്ചുപോന്നു. തണുപ്പടിച്ചപ്പോള്‍ കാറിന്റെ ചില്ലുയര്‍ത്താന്‍ ശ്രമിച്ചു. അപ്പോള്‍ അമ്മ കുട്ടിക്കാലത്ത് തണുപ്പേല്‍ക്കാതെ സംരക്ഷിച്ചതോര്‍മവന്നു. ചിന്തകള്‍ നീറുന്ന തലയ്ക്കകത്ത് പെരുപ്പുകയറി. തിരിഞ്ഞുനോക്കിയപ്പോള്‍ അമ്മ വലത്തു ചാഞ്ഞ് മയങ്ങിക്കിടക്കുന്നു. അനക്കമറ്റ നിദ്രയിലേക്ക് അമ്മ പോയി. എങ്കിലും പീളയടഞ്ഞ കണ്ണുകള്‍ അവര്‍ അടച്ചിരുന്നില്ല.

കവിതയില്‍ വരച്ചിടുന്ന ബിംബങ്ങള്‍

നീരറ്റു വറ്റി വരണ്ട കൈച്ചുള്ളികള്‍: 
      പച്ചപ്പ് പൂര്‍ണമായി നഷ്ടപ്പെട്ട് നീരുവറ്റി ഉണങ്ങിയ ചെറിയ മരച്ചില്ലയാണ് ചുള്ളി. അതുപോലെ അമ്മയുടെ കൈകള്‍ രക്തവും മാംസവും ഇല്ലാതായി ഉണങ്ങിവരണ്ട മരച്ചില്ലപോലെയായി. എടുത്തുയര്‍ത്താന്‍പോലും ശക്തിയില്ലാതായി മാറി. വാര്‍ധക്യം അതിന്റെ പരകോടിയിലെത്തിയതായി സൂചിപ്പിക്കുന്നു.  

      മങ്ങിപ്പഴകിയ പിഞ്ഞാണവര്‍ണമായി  മാറിയ കണ്ണുകള്‍: അമ്മയുടെ കണ്ണുകളെക്കുറിച്ച് വിവരിക്കുന്നു. പാടയും പീളയും മൂടിയ ആ കണ്ണുകള്‍ മങ്ങിപ്പഴകിയ പിഞ്ഞാണത്തിന്റെ (ഭക്ഷണം കഴിക്കുന്ന പാത്രം) മാതിരി നരച്ചും വിളര്‍ത്തും നിറം മങ്ങിയും കാണപ്പെട്ടു. പിഞ്ഞാണം ഉപയോഗിച്ച് പഴകുമ്പോള്‍ അതിന്റെ ചുവട്ടിലെ വെളുത്ത ഭാഗം അടര്‍ന്നുപോയി, ഇരുമ്പിന്റെ അംശം തെളിഞ്ഞുവരും. വാര്‍ധക്യം ബാധിച്ചവരുടെ കണ്ണിലെ കൃഷ്ണമണിയുടെ ഭാഗം ഏതാണ്ട് അതുപോലെയിരിക്കും.  

പെരുമാളും പെറ്റുകിടക്കുന്ന  തെരുവു പട്ടിയും:  
       ആധുനികലോകത്തിന്റെ സംഭാവനയാണ് മാളുകള്‍ എന്നറിയപ്പെടുന്ന കൂറ്റന്‍ വ്യാപാരശാലകള്‍. എന്തും വിലയ്ക്കുവാങ്ങാന്‍ അവിടെ കിട്ടും. പക്ഷേ, മാതൃത്വത്തിന്റെ സഹജഭാവങ്ങളായ സ്‌നേഹവും വാത്സല്യവും അവിടെ കിട്ടില്ല. രാത്രിയിലൊഴികെ എപ്പോഴും തിരക്കുള്ള സ്ഥലമായതിനാല്‍ അമ്മയെ അവിടെ ഉപേക്ഷിക്കുകയാവും നല്ലതെന്നയാള്‍ക്ക് തോന്നി.  പെരുമാള്‍ പെരുംആള്‍ എന്നൊക്കെ അര്‍ഥമെടുത്താല്‍ വലിയ ആള്‍, പ്രകൃതി, ദൈവം എന്നൊക്കെ അര്‍ഥം കിട്ടും. വാ കീറിയ ദൈവം വയറിനും കൊടുക്കും എന്നു പറഞ്ഞപോലെ അമ്മ  അവിടെക്കിടന്നു ജീവിച്ചുകൊള്ളും. സ്വന്തം കുഞ്ഞിനെ ഉപദ്രവിക്കാന്‍ വരുകയാണെന്ന് കരുതിയാണ് പെറ്റുകിടക്കുന്ന തെരുവുപട്ടി കുതിച്ചുചാടിയത്. മൃഗങ്ങള്‍ക്കുപോലും സ്വന്തം മക്കളോട് അലിവുണ്ട്. അതിനാല്‍ അത്ര നല്ല സംരക്ഷണമാണ് ജന്തുക്കള്‍പോലും തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് കൊടുക്കുന്നത്. ആറ്റുനോറ്റു വളര്‍ത്തിയ മകന്‍ അമ്മയോട് കാണിക്കുന്ന ക്രൂരതയ്‌ക്കെതിരെയുള്ള പ്രതിഷേധവുമാകാം മക്കളെ സ്‌നേഹിക്കുന്ന ആ ജന്തു പ്രകടിപ്പിക്കുന്നത്. മാതാവും പുത്രനും തമ്മിലുള്ള ബന്ധത്തിന്റെ വില അറിയില്ലെന്ന് നമ്മള്‍ പറയുന്ന ജന്തുക്കളെക്കണ്ട് മാതൃസ്‌നേഹത്തിന്റെ വില നന്നായി പഠിക്കേണ്ടിയിരിക്കുന്നുവെന്നായിരിക്കാം കവിയുടെ വിവക്ഷ. നായ്ക്കള്‍ നന്ദികെട്ട മക്കളെക്കാള്‍ എത്രയോ ഭേദം.

പിച്ചിയതാര് തളര്‍ന്നൊരിക്കൈകളോ?: 
        അമ്മയെ വിദ്യാലയമുറ്റത്ത് ഉപേക്ഷിക്കാന്‍ മകന്‍ തയ്യാറെടുക്കുന്നു. വെട്ടവും ആളുമില്ലാതെ ഏകാന്തത കണ്ണുപൊത്തിക്കളിക്കുന്ന വിദ്യാലയമുറ്റത്ത് കൊണ്ടുവന്നു. അപ്പോള്‍ അയാള്‍, കുട്ടിക്കാലത്ത് ശാഠ്യം പിടിച്ചുകരഞ്ഞുകൊണ്ട് പള്ളിക്കൂടത്തിലെത്തിയതും അമ്മ പുറത്തു കാത്തുനിന്നതും അയാളുടെ ചങ്കില്‍ കരച്ചില്‍ കുടുങ്ങിപ്പിടഞ്ഞതും ഓര്‍ത്തുപോയി. തന്നെ ആരോ പിച്ചിയതുപോലെ അയാള്‍ക്ക് തോന്നി. അത് അമ്മയുടെ തളര്‍ന്ന കൈകളായിരിക്കാം എന്നയാള്‍ ചിന്തിക്കുന്നു.

കൊണ്ടുപോയീടേണമെന്നുള്ള  ശല്യപ്പെടുത്തല്‍  പ്രതിഷ്ഠിച്ച കോവില്‍!: 
       അമ്മയെ ഉപേക്ഷിക്കാന്‍ പലയിടത്തും നോക്കിയെങ്കിലും പറ്റിയില്ല. എവിടെയാണ് ഇനി കൊണ്ടിറക്കുക. ഉടന്‍ ഉത്തരം കിട്ടി. അമ്മ പതിവായി പ്രാര്‍ഥിച്ചിരുന്ന കോവിലില്‍ തന്നെയാകാം. ഒടുവിലത്തെ അഭയസ്ഥാനം അതാണല്ലോ. അതിനായി ചെന്നപ്പോള്‍ ഈശ്വരന്‍തന്നെ അതില്‍നിന്ന് അയാളെ പിന്തിരിപ്പിച്ചു. ലോകത്തിന്റെ ഇന്നത്തെ പോക്കില്‍ ഈശ്വരന്‍പോലും അശാന്തനാണ്. അദ്ദേഹം കോവിലില്‍നിന്ന് പുറത്തേക്കിറങ്ങിയതായി അയാള്‍ക്ക് തോന്നി.  
അടയ്ക്കാതെവെച്ച കണ്ണുകള്‍:
       ക്ഷേത്രത്തില്‍ ഉപേക്ഷിക്കാന്‍ ശ്രമിച്ചത് നടക്കാതെവന്നപ്പോള്‍ അയാള്‍ വണ്ടി തിരിച്ചുവിട്ടു. പുറത്തുനിന്ന് തണുത്ത കാറ്റടിക്കുന്നു. ചില്ലുയര്‍ത്തുമ്പോള്‍ കുട്ടിക്കാലത്തിന്റെ സ്മരണകള്‍ ഇരമ്പിക്കയറിവന്നു. തണുപ്പേല്‍ക്കാതിരിക്കാന്‍ അമ്മ കരിമ്പടംകൊണ്ട് പുതപ്പിച്ചതും വയറിനോട് ചേര്‍ത്തുപിടിച്ച് ചൂടുതന്നുറക്കിയതും മറ്റും അയാള്‍ ആ പോക്കില്‍ ഓര്‍മിച്ചു. തന്നെ ഒന്നിനുംകൊള്ളാത്തവനായി ഭാര്യ ഇന്നും കുറ്റപ്പെടുത്താം. പക്ഷേ, തനിക്കു മടങ്ങാതെവയ്യ. തലയ്ക്കകത്ത് നൂറായിരം ചിന്തകള്‍ ഇളകിമറിയുകയാല്‍ തലപെരുക്കുന്നു. മെല്ലെ തിരിഞ്ഞുനോക്കി. പിറകിലെ സീറ്റില്‍ വലത്തോട്ടുചാഞ്ഞ് അമ്മ മയങ്ങിക്കിടക്കുന്നു. പീളകെട്ടി നിറംമങ്ങിയ കണ്ണുകള്‍ അപ്പോഴും അമ്മ അടച്ചിട്ടില്ല. സ്വന്തം മരണംകൊണ്ടുപോലും അമ്മ ആ മകനെ സ്‌നേഹിക്കുന്നു. തന്റെ മകനെ ഇനിയും ബുദ്ധിമുട്ടിക്കേണ്ട. ഇന്നെങ്കിലും അവന് ഒന്നിനും കൊള്ളാത്തവനെന്ന പഴി കേള്‍ക്കരുത്. തന്റെ ശല്യപ്പെടുത്തല്‍ കേട്ട ദൈവം വിചാരിച്ചിട്ടോ എന്തോ അമ്മ മകന്റെ ജീവിതത്തില്‍നിന്ന് ഒഴിഞ്ഞുപോയി. മരണത്തെ പുല്‍കിയപ്പോഴും മകനെ കണ്ണുതുറന്നവര്‍ നോക്കിക്കൊണ്ടിരിക്കുന്നു. എന്നാല്‍ മകന് ആ നോട്ടം താങ്ങാനാവുന്നില്ല. അത്രയ്ക്ക് ക്രൂരമായ പ്രവൃത്തിയാണ് ആ അമ്മയോട് അയാള്‍ ചെയ്തത്. അതുകൊണ്ടാകണം അമ്മയുടെ അവസാനനോട്ടംപോലും അയാള്‍ക്ക് നിര്‍ദയമായി തോന്നിയത്.

                                         PDF DOWNLOAD

Wednesday, December 6, 2017

വിശ്വവിഖ്യാതമായ മൂക്ക്-ഗ്രാഫിക് നോവല്‍

വിശ്വവിഖ്യാതമായ മൂക്ക് -ഒരു ഭാഗം -ഗ്രാഫിക് നോവല്‍ രൂപാന്തരം 
ബാനം ഗവ.ഹൈസ്കൂളിലെ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍

https://drive.google.com/open?id=1WxQDGRHeBuQYpVKhZYhfVpD1Z5OqodDI

കല്ല് - ഗ്രാഫിക് നോവല്‍  ആശയം, വര - ബാലു

https://drive.google.com/open?id=1lv8GFr5bOZA6NXZckP9At-0BcpW527_8

Monday, December 4, 2017

നല്ല മാഷല്ല ഞാന്‍

പി.പി. രാമചന്ദ്രന്‍
              
                
മാഷേ...
ഏതു തിരക്കിലും ഇങ്ങനെയൊരു വിളികേള്‍ക്കുമ്പോൾ നിങ്ങള്‍ തിരിഞ്ഞുനോക്കിപ്പോയെങ്കില്‍ തീര്‍ച്ചയാക്കാം നിങ്ങള്‍ ഒരധ്യാപകനാണ്. ആ വിളിയില്‍ ആദരവുണ്ട്. ബഹുമാനമുണ്ട്. ചിലപ്പോഴൊക്കെ സഹതാപമുണ്ട്. അപമാനവുമുണ്ട്. അതൊരു തസ്തികപ്പേരാണ്. ഒരു സാമാന്യനാമം. കേരളത്തെ സംബന്ധിച്ചിടത്തോളം തെങ്ങുപോലെ സാര്‍വത്രികമായി കാണപ്പെടുന്ന ഒരാളാണ് അയാള്‍.
നന്നെ ചെറുപ്പത്തില്‍ത്തന്നെ ഞാനും ആ വിളി കേട്ട് തിരിഞ്ഞുനോക്കാന്‍ തുടങ്ങി.
മാഷാവുകയല്ലാതെ മറ്റൊന്നുമാകാന്‍ സാധ്യതയില്ലാത്തവിധം സാഹചര്യങ്ങളുടെ ഒഴുക്കുചാലിലൂടെ സ്വാഭാവികമായി ഒലിച്ചുപോവുകയായിരുന്നു അക്കാലം. ഡിഗ്രി പാതിവഴിയില്‍ ഉപേക്ഷിച്ച് ടി.ടി.സിക്കു ചേര്‍ന്നു. പാലക്കാട്-മലപ്പുറം ജില്ലകളുടെ അതിര്‍ത്തിഗ്രാമമായ ആനക്കരയിലായിരുന്നു അധ്യാപകപരിശീലനം. ബസ് സര്‍വിസില്ല. വീട്ടില്‍നിന്ന് അഞ്ചുകിലോമീറ്റര്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നുപോവണം. കരിങ്കല്‍ച്ചീളുപാകിയ വെട്ടുവഴി. അല്ളെങ്കില്‍ കുന്നിന്‍ചരിവിലൂടെയുള്ള ഊടുവഴി.
പ്രശസ്തമായ വിദ്യാലയമാണ് സ്വാമിനാഥവിലാസം ഗവ. ബേസിക് ട്രെയ്നിങ് സ്കൂള്‍. ആനക്കര വടക്കത്തെ ദേശീയപ്രബുദ്ധരായ കുടുംബം തുടങ്ങിവെച്ചതാണ്. വിദ്യാഭ്യാസം വേലയില്‍ വിളയണം എന്ന ഗാന്ധിയന്‍ ആദര്‍ശമാണ് ബേസിക് സ്കൂളുകളുടെ അടിസ്ഥാനം. ട്രെയ്നിങ് സ്കൂളിന് സ്വന്തമായി ഒരു വയലുണ്ട്. അധ്യാപകവിദ്യാര്‍ഥികള്‍ അതില്‍ കൃഷിചെയ്യണം എന്നാണ് വ്യവസ്ഥ. പേരിന് ഒരു വിള കൃഷിയിറക്കും. പുറത്തുനിന്നുള്ള തൊഴിലാളികള്‍ക്കൊപ്പം നിന്നുകൊടുക്കുകയേ പതിവുള്ളൂ.
വാഹനമത്തൊത്ത കാട്ടുപ്രദേശമായതുകൊണ്ട് ട്രെയ്നിങ് സ്കൂളിലേക്ക് പരിശോധകരാരും വരാറില്ല. അതൊരു സൗകര്യമായി കരുതി അധികൃതരും അലസരായി മാറി. പരിശീലനമെല്ലാം കടലാസിലൊതുങ്ങും. ടീച്ചിങ് എയ്ഡ് നിര്‍മാണമാണ് പ്രധാനജോലി. ചാര്‍ട്ട്, മാപ്പ്, ക്ളോക്ക്, ഗ്ളോബ് തുടങ്ങിയ ഉപകരണങ്ങള്‍ ഉണ്ടാക്കി പ്രദര്‍ശിപ്പിക്കണം. അതിന് മാര്‍ക്കുണ്ട്. പലരും അത് പുറംകരാറായി നല്‍കുകയാണ് പതിവ്. അതിനായി ഒരു മാഫിയ തന്നെ പുറത്തുണ്ടായിരുന്നു.
പഠിപ്പിക്കാനുള്ള തന്ത്രങ്ങളും തത്ത്വങ്ങളും ഉപദേശിച്ചുതന്നിരുന്ന ഞങ്ങളുടെ അധ്യാപകരിലേറെയും അത് ക്ളാസുമുറിയില്‍ പ്രയോഗിക്കാനറിയാത്ത പാവങ്ങളായിരുന്നു എന്നതാണ് സത്യം. അവരെക്കാള്‍ നന്നായി പഠിപ്പിക്കാന്‍ അറിയുന്ന യുവാക്കളാണ് തങ്ങളുടെ മുന്നിലിരിക്കുന്നത് എന്ന ചമ്മല്‍ അവരുടെ വാക്കുകളെ ഫലസിദ്ധിയില്ലാത്ത മന്ത്രോച്ചാരണങ്ങളാക്കി. ഉദ്ദേശ്യാധിഷ്ഠിതബോധനരീതിയനുസരിച്ച് ടീച്ചിങ്നോട്ടെഴുതലാണ് കാര്യമായ പഠിപ്പ്. അറിഞ്ഞതില്‍നിന്ന് അറിയാത്തതിലേക്ക് എന്ന തത്ത്വമനുസരിച്ച് പാഠ്യവസ്തു അവതരിപ്പിക്കുന്നതിനുമുമ്പ് കുട്ടികളുടെ മുന്നറിവു പരിശോധിക്കണം എന്നാണ് നിയമം. അതിന്‍െറ സ്വാഭാവികമായ തുടര്‍ച്ചയായിരിക്കണം പുതിയ അറിവ്. മുന്നറിവു പരിശോധന ചോദ്യോത്തരങ്ങളായിട്ടാണ് ക്ളാസില്‍ അവതരിപ്പിക്കേണ്ടത്. ഇതുസംബന്ധിച്ച് രസകരമായ ഒരനുഭവകഥ അക്കാലത്ത് വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രചരിച്ചിരുന്നു.

Sunday, December 3, 2017

നനവുള്ള മഴയോര്‍മ്മകള്‍


By: സി.വി. ഉഷ
പ്രിയ എ.എസിന്റെ 'നനയാത്ത മഴ' എന്ന ഓര്‍മക്കുറിപ്പ് ബാല്യ കൗമാരങ്ങളുടെ നനവുള്ള ഓര്‍മകള്‍ തന്നെയാണ്. ഹൃദയത്തിലെ ആര്‍ദ്രതയുടെ നേര്‍ച്ചിത്രമാണത്. ബാല്യം ഒരു മനുഷ്യനില്‍ സമ്മാനിച്ചുപോയ പൂക്കാലത്തെ ഓര്‍മയിലൂടെ തലോടാന്‍ കഴിയുമ്പോള്‍ അയാളില്‍നിന്ന് വാര്‍ധക്യവും അനാരോഗ്യവും വഴിമാറും. കഥാകാരിയുടെ മനസ്സിലും മഴ ഇതളുകളായി പെയ്തുകൊണ്ടിരിക്കുന്നതായി നമുക്കുകാണാം.
മഴയെന്ന ബന്ധു
ഏകാന്തമായ മനസ്സിനെ മഴയുടെ സാന്നിധ്യം സാന്ദ്രമാക്കിയതായി കഥാകൃത്ത് ഓര്‍മിക്കുന്നു. വേറെ ഏത് ബന്ധുവിനെക്കാളും കഥാകൃത്ത് ഇഷ്ടപ്പെടുന്നത് മഴബന്ധുവിനെയാണെന്നു പറയുമ്പോള്‍ ആ സ്‌നേഹബന്ധത്തിന്റെ ഗാഢതയെ തിരിച്ചറിയാവുന്നതാണ്. പോകാന്‍ തുനിയുമ്പോള്‍, ''വേണ്ട, പോകണ്ട, ഇത്തിരിനേരം കഴിഞ്ഞുപോയാല്‍ മതി'' എന്ന് പറയാന്‍ കഴിയുന്ന സ്‌നേഹശാഠ്യത്തിനുമുന്നില്‍ മഴ പോലും തോല്ക്കുന്നു. രോഗങ്ങള്‍ കഥാകാരിയെ മഴയില്‍നിന്നകറ്റുമ്പോഴും വീണ്ടും വീണ്ടും തൊടാന്‍ തുനിയുന്ന ഇഴയടുപ്പത്തെ മനോഹരമായ ഭാഷയില്‍ അവതരിപ്പിക്കുന്നുണ്ടിവിടെ. മഴയുടെ സംഗീതവിരുന്ന്, വെള്ളിനൂലുകളാല്‍ ഇറയത്തു തോരണം തൂക്കി വീടിനെ കല്യാണവീടാക്കുന്ന മഴവിദ്യ, മനസ്സിലേക്ക് വീഴുന്ന മഴയുടെ പവിഴമല്ലിപ്പൂക്കള്‍ തുടങ്ങിയ പ്രയോഗങ്ങള്‍ മഴയോടുള്ള പ്രണയത്തിന്റെ സൂചനകളാണ്.  മുത്തച്ഛനോടൊപ്പം പൂക്കളം തീര്‍ക്കുമ്പോഴും  സ്‌കൂളിലേക്കുള്ള യാത്രയിലും മഴ തനിക്ക് അനുഗ്രഹമാവുകയായിരുന്നുവെന്ന് കഥാകൃത്ത് ഓര്‍ക്കുന്നു. ദിവസേന നാലു മഴകള്‍ സ്വന്തമാക്കിയതിന്റെ നിര്‍വൃതി അവരിപ്പോഴും അനുഭവിക്കുന്നു. വര്‍ണങ്ങള്‍ മിന്നിമറിയുന്ന അന്നത്തെ കുഞ്ഞുടുപ്പിനും മഴ സമ്മാനിക്കുന്ന മഴവില്ലിനും നിറഭേദമില്ലായിരുന്നുവെന്ന് ഓര്‍ത്തെടുക്കുമ്പോള്‍ മഴ വീണ്ടും വീണ്ടും തന്നിലേക്കടുക്കുന്നതായി എഴുത്തുകാരിക്ക് അനുഭവപ്പെടുന്നു.
പിണങ്ങുമ്പോള്‍ ചിണുങ്ങും
ഏറ്റവും അടുപ്പമുള്ളവരോടുപോലും ചിലപ്പോള്‍ പിണങ്ങാറുള്ളതുപോലെ, സിനിമ കാണാനും കോളേജ് അഡ്മിഷനും വിഘാതമായി നിന്ന മഴയോട് മുഷിപ്പു തോന്നിയെങ്കിലും പിണക്കം നടിക്കുമ്പോള്‍ ചിണുങ്ങി വരാറുള്ള മഴയെ ഇന്നും ഹൃദയത്തോടു ചേര്‍ത്തുവെക്കുന്നതായി എഴുത്തുകാരി ആത്മഹര്‍ഷത്തോടെ പറയുന്നു. കാഴ്ചക്കാരന്റെ മാനസികഭാവങ്ങളാണ് പ്രകൃതി ഭാവങ്ങളെ വായിക്കുന്നത്. ചരല്‍മഴ, യക്ഷിമഴ, കണ്ണീര്‍മഴ, വേദനമഴ തുടങ്ങിയ പദപ്രയോഗങ്ങളിലൂടെ കഥാകൃത്തിന്റെ ദുരനുഭവങ്ങള്‍ക്ക് സാക്ഷിയാകാന്‍ മഴയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് അടയാളപ്പെടുത്തുന്നു. അമ്പതുവയസ്സിലും അഞ്ചുവയസ്സിന്റെ കൗതുകം നല്‍കാന്‍ മഴയ്ക്കു കഴിയുന്നുണ്ടെന്നും അത് വീണ്ടും ജീവിക്കാന്‍ പ്രേരിപ്പിക്കുന്നുവെന്നും ഉള്ളുതുറന്നു പറയാന്‍ എഴുത്തുകാരി ശ്രമിക്കുന്നു. ബാല്യത്തെ വീണ്ടെടുക്കുന്ന നനവുള്ള സ്മരണകള്‍ വായനക്കാരിലും ആര്‍ദ്രതയേകുന്നു.
ഉള്ളാലറിഞ്ഞ മഴകള്‍
എഴുത്തുകാരി തന്റെ മഴയനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു.
മഴയെ ഇഷ്ടപ്പെടാത്തവരായി ആരുണ്ട്? മഴയുമായി ചങ്ങാത്തം കൂടാന്‍ കൊതിച്ച ഒരു മനസ്സായിരുന്നു എനിക്കെപ്പോഴുമുള്ളത്. പെയ്തിറങ്ങുന്ന മഴത്തുള്ളികള്‍ ഉടലിനേക്കാളേറെ മനസ്സിലേക്കാണ് ഒലിച്ചിറങ്ങിയത്. അസുഖക്കാരിയായതിനാല്‍ മഴയില്‍ നിന്ന് ഉടലുകൊണ്ട് അകലം പാലിക്കാന്‍ നിര്‍ബന്ധിതയായിരുന്നു. എന്നാല്‍ മനസ്സുകൊണ്ടെന്നും മഴയുടെ കൈപിടിച്ചു നടക്കുന്ന പെണ്‍കുട്ടിയായിരുന്നു ഞാന്‍, അന്നും ഇന്നും.  വരാന്തയിലും മുറിക്കകത്തുമിരുന്ന് കണ്ട് ആസ്വദിച്ച മഴക്കാഴ്ചകള്‍ ഒരുപിടിയുണ്ട്. ചെറുപ്പത്തില്‍ അമ്മയോടൊത്തുള്ള മഴക്കാലത്തെ സ്‌കൂള്‍ യാത്രകള്‍ എനിക്കേറെ പ്രിയപ്പെട്ടതാണ്. കുടക്കീഴില്‍ നടക്കുന്ന എന്നെ വന്നെത്തിനോക്കി, തൊട്ടുതലോടിപ്പോവുന്ന മഴയോട് എനിക്കൊരു പ്രത്യേക സ്‌നേഹംതന്നെയുണ്ടായിരുന്നു. ഉച്ചയൂണിന് വീട്ടിലെത്തി സ്‌കൂളിലേക്ക് മടങ്ങുമ്പോള്‍ നിറമോലുന്ന പാവാടയും ബ്ലൗസും അണിയാന്‍ ഒത്തിരി തവണ ഈ മഴയെന്നെ സഹായിച്ചിട്ടുണ്ട്. മഴമുത്തമേറ്റ് നാണിച്ച് മുറ്റത്തു വീണ പവിഴമല്ലിപ്പൂക്കള്‍ ഇന്നും സുഗന്ധം പരത്തുന്ന ഒരു കാഴ്ചയാണ്.  മഴ കാണിക്കാന്‍ അച്ഛന്‍ എടുത്തു കൊണ്ടുപോയി, വരാന്തയിലെ ചാരുകസേരയില്‍ ഇരുത്തുമായിരുന്നു. അച്ഛന്റെ സ്‌നേഹം സങ്കടമഴകള്‍ക്കുമേലെ സ്‌നേഹക്കുട നിവര്‍ത്തി. അന്നു മഴകള്‍ രണ്ടായിരുന്നു. ഒന്നു വീടിനു പുറത്തും മറ്റേതെന്റെ കണ്ണിലും. പുറത്തെ മഴപ്പെയ്ത്തില്‍ എന്റെ കണ്ണീര്‍മഴ നേര്‍ത്തു നേര്‍ത്തില്ലാതായി. 'നവംബറിന്റെ നഷ്ടം' എന്ന സിനിമ നഷ്ടമാക്കിയ മഴയോട് മാത്രം ഞാന്‍ പിണങ്ങിയിട്ടുണ്ട്. ഏറെ കൊതിച്ച് സിനിമയ്ക്ക് പോകാനൊരുങ്ങിയപ്പോള്‍ ആര്‍ത്തലച്ചു വന്നൂ മഴ. തോരാതെ തിമിര്‍ത്തു പെയ്യുന്ന മഴ. അങ്ങനെ 'നവംബറിന്റെ നഷ്ടം' എനിക്കു നഷ്ടമാക്കിയ ഒരു മഴ. അന്നും ഇന്നും മഴ ഒരു ലഹരിയാണ്, സന്തോഷമാണ്. എന്നുമേറെ ഇഷ്ടം മഴയോടുണ്ട്. ഉടലറിയാതെ ഉള്ളാലറിഞ്ഞ് ഉയിരില്‍ നിറഞ്ഞ മഴകളോട് അടങ്ങാത്ത സ്‌നേഹം മാത്രം.

                                                     PDF DOWNLOAD

ആത്മാവിന്റെ വെളിപാടുകള്‍

ആത്മാവിന്റെ വെളിപാടുകള്‍
By: അശോകന്‍ മാതാണ്ടി
ലോകസാഹിത്യത്തിലെ പ്രതിഭാശാലികളിലൊരാളാണ് ഫയദോര്‍ മിഖായേലോവിച്ച് ദസ്തയേവ്സ്‌കി. ഹൃദയത്തിനുമേല്‍ ദൈവത്തിന്റെ കൈയൊപ്പുള്ള എഴുത്തുകാരന്‍. 1821-ല്‍ മോസ്‌കോയിലാണ് ജനനം. കുറ്റവും ശിക്ഷയും, ഇഡിയറ്റ്, ചൂതാട്ടക്കാരന്‍, കാരമസോവ് സഹോദരന്മാര്‍ എന്നിവ പ്രധാന കൃതികള്‍. 1881-ല്‍ 59-ാമത്തെ വയസ്സില്‍ സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍വെച്ച് ഈ മഹാനായ എഴുത്തുകാരന്‍ കാലയവനികക്കുള്ളില്‍ മറഞ്ഞു. ഇദ്ദേഹത്തിന്റെ ജീവിതകഥയാണ് 'ഒരു സങ്കീര്‍ത്തനം പോലെ'.
ഒരു സങ്കീര്‍ത്തനം പോലെ
ലോകമെമ്പാടുമുള്ള മലയാളികളുടെ ഹൃദയം കീഴടക്കിയ നോവലാണ് പെരുമ്പടവം ശ്രീധരന്റെ 'ഒരു സങ്കീര്‍ത്തനം പോലെ'.  ദസ്തയേവ്സ്‌കിയും ചുരുക്കെഴുത്തുകാരി അന്നയും തമ്മിലുള്ള പരിചയമാണ് നോവലില്‍ ചിത്രീകരിക്കുന്നത്.
പാഠഭാഗത്തിലൂടെ ദസ്തയേവ്സ്‌കിയുടെ പ്രഭാതസവാരിയോടെയാണ് പാഠഭാഗം ആരംഭിക്കുന്നത്. ഈയിടെയുണ്ടായ ചുഴലിരോഗത്തിന്റെ ക്ഷീണമകന്ന് സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ ഇടനാഴിയിലൂടെ ഏറെദൂരം നടന്നു. ആകാശത്തിന്റെ നിഴല്‍പോലെ ഭൂമിയില്‍ വെളിച്ചമുണ്ട്. തന്റെ ജീവിതത്തിലെ തോല്‍വികളെയും നഷ്ടങ്ങളെയും അയാള്‍ ഓര്‍ത്തു. ചേട്ടന്റെ ഭാര്യ എമിലി തന്നെ കാണാന്‍ വരുമായിരിക്കും. പാഷയ്ക്കും വേണ്ടത് പണമാണ്. ഒന്നിനുപിറകെ ഒന്നായി ഉത്തരവാദിത്വങ്ങള്‍ തലയില്‍ കയറ്റിവെക്കുന്നു. ചരടുകളാകെ കെട്ടുപിണഞ്ഞ ജീവിതം. തന്റെ കഥ തന്നോടുതന്നെ പറഞ്ഞുകൊണ്ടാണ് ദസ്തയേവ്സ്‌കി നടക്കുന്നത്. ഒടുവില്‍ താന്‍ ആര്‍ക്കും വേണ്ടാത്ത ആളായി. വഴിയരികില്‍ കിടക്കുന്ന പാറക്കഷണം പോലെ. ചേട്ടന്‍ മൈക്കിളിന്റെ പ്രസിദ്ധീകരണശാല അടച്ചുപൂട്ടി. പരസ്പരം സ്‌നേഹിച്ചിരുന്നെങ്കിലും ഭാര്യ മരിയയോടൊപ്പമുള്ള ജീവിതം സന്തോഷകരമായിരുന്നില്ല. ജീവിതത്തെ ശാപംകൊണ്ടു നിറച്ചവള്‍. അവള്‍ പോയിക്കഴിഞ്ഞപ്പോഴാണ് ശവക്കുഴിയില്‍ അവളോടൊപ്പം എന്താണ് അടക്കിയതെന്ന് അറിയുന്നത്. ഭാര്യയും ചേട്ടന്‍ മൈക്കിളും മരിച്ചു. പലവിധ ചിന്തകളാല്‍ നടന്ന് വീട്ടിലെത്തി. ഇയ്യോബിന്റെ പുസ്തകമെടുത്തു വായിച്ചു. എട്ടുമണിക്കുതന്നെ ചുരുക്കെഴുത്തുകാരി അന്ന വന്നു. 'ചൂതാട്ടക്കാരന്‍' എന്ന നോവല്‍ എഴുതിത്തീര്‍ക്കാന്‍ പ്രസാധകന്‍ സ്റ്റെല്ലോവ്സ്‌കി തീയതി നിശ്ചയിച്ചിട്ടുണ്ട്. നവംബര്‍ 1-ന് മുന്‍പ് പൂര്‍ത്തിയാക്കണം. നിലമുഴുന്നതുപോലെയോ പാറ പൊട്ടിക്കുന്നതുപോലെയോ അല്ല നോവലെഴുത്ത്. അത് ആത്മാവിന്റെ വെളിപാടാണ്. ദസ്തയേവ്സ്‌കി ഇനി എഴുതാന്‍ പോകുന്ന നോവലിന്റെ ഇതിവൃത്തം അന്നയോടു പറയുന്നു. നന്മയുടെ മൂര്‍ത്തിയായ ഒരു ശുദ്ധാത്മാവിനെ സൃഷ്ടിക്കണം. ജീവിതത്തെ വെറുക്കാന്‍ ദസ്തയേവ്സ്‌കി തന്റെ കഥാപാത്രങ്ങളെ ആഹ്വാനം ചെയ്യാറില്ല. മഹാനായ കലാകാരന്‍ എന്ന നിലയിലുള്ള ദസ്തയേവ്സ്‌കിയുടെ കഴിവുകള്‍ക്കു മുന്‍പില്‍ ഒരു മഹദ് സന്നിധിയിലെന്നപോലെ അന്ന ശിരസ്സ് കുനിച്ചു.
ശ്രദ്ധിക്കേണ്ട മുഹൂര്‍ത്തങ്ങള്‍
1. ''ആ ചരടുകളെല്ലാംകൂടി കെട്ടുപിണഞ്ഞ്, ആ കെട്ടുകളില്‍ കുടുങ്ങിക്കിടന്ന് തന്റെ ജീവിതം പിടയുന്നു.''
ജീവിത സങ്കീര്‍ണതകളേല്പിച്ച കടുത്ത ആഘാതത്തില്‍നിന്നാണ് ഇത്തരമൊരു ചിന്ത ദസ്തയേവ്സ്‌കിയിലുണ്ടാവുന്നത്. കുടുംബബന്ധങ്ങളും വ്യക്തിപരമായ പ്രശ്‌നങ്ങളും ജീവിതത്തെ വല്ലാതെ താറുമാറാക്കുന്നു. ചേട്ടന്‍ മൈക്കിളിന് ഉണ്ടായിരുന്ന പ്രസിദ്ധീകരണശാല അടച്ചുപൂട്ടി. ചേട്ടന്റെ മരണശേഷം ഭാര്യയെയും മക്കളെയും സംരക്ഷിക്കേണ്ട ചുമതല ദസ്തയേവ്സ്‌കിക്കായിരുന്നു. ഭാര്യയുടെ സ്‌നേഹം വിലപ്പെട്ടതായിരുന്നു. അവള്‍ പോയിക്കഴിഞ്ഞപ്പോഴാണ് ജീവിതത്തിലുണ്ടായ ശൂന്യത എത്ര വലുതാണെന്നറിഞ്ഞത്. ഭാര്യയുടെയും ചേട്ടന്റെയും സ്‌നേഹത്തിനു പകരം വെക്കാന്‍ മറ്റൊന്നുമില്ല. ആദ്യഭാര്യ മരിയയുടെ മകന്‍ പാഷ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്. അവന്റെ സ്വഭാവദൂഷ്യങ്ങള്‍ സഹിക്കാവുന്നതിലും അപ്പുറമാണ്. സ്റ്റെല്ലോവ്സ്‌കിക്ക് സമയത്തിന് നോവല്‍ കൊടുക്കണം. ഇങ്ങനെ നിരവധി ചരടുകള്‍ ദസ്തയേവ്സ്‌കിയുടെ ജീവിതത്തെ വലിഞ്ഞുമുറുക്കുന്നു.
2. ''ആകാശത്തിന്റെ നിഴല്‍പോലെ ഭൂമിയില്‍ വെളിച്ചമുണ്ട്.''
ദസ്തയേവ്സ്‌കി പ്രഭാത സവാരിക്കിറങ്ങിയിരിക്കുകയാണ്. പുലര്‍ച്ചയ്ക്കു മുന്‍പേയുള്ള ഏകാന്തവും നിശ്ശബ്ദവുമായ നിമിഷങ്ങള്‍. ആകാശവും ഭൂമിയും മരങ്ങളും മനുഷ്യരും ഗാഢനിദ്രയില്‍. ആകാശത്തിന്റെ നിഴല്‍പോലെ ഭൂമിയില്‍ വെളിച്ചം പരന്നിരിക്കുന്നു. നേരം വെളുക്കാന്‍ തുടങ്ങുന്നതിനു മുന്‍പുള്ള അരണ്ട വെളിച്ചം ഭൂമിയില്‍ പതിഞ്ഞിരിക്കുന്നതിനെ സൂചിപ്പിക്കുകയാണിവിടെ. ദസ്തയേവ്സ്‌കിയുടെ മാനസികനില വ്യക്തമാക്കാനും ഇവിടെ കഴിയുന്നു.
3. ''ഒരു മഹദ്സന്നിയിലെന്നപോലെ അവള്‍ ശിരസ്സു കുനിച്ചു.''
'ചൂതാട്ടക്കാരന്‍' എന്ന നോവല്‍ എഴുതി പൂര്‍ത്തിയാക്കാന്‍ അന്നയെ ക്ഷണിക്കുന്നു. സങ്കീര്‍ണമായ ജീവിതം നയിക്കുന്ന ദസ്തയേവ്സ്‌കിക്ക് അത് വലിയ ആശ്വാസമാകുന്നു. നോവല്‍ പൂര്‍ത്തിയാകുന്നതോടൊപ്പം അന്നയുമായുള്ള ബന്ധവും ദൃഢമാകുന്നു. ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളില്‍ അന്ന നല്‍കുന്ന ഉപദേശം വിലപ്പെട്ടതാണ്. നീ എന്റെ ഹൃദയത്തിനകത്താണോ നില്‍ക്കുന്നതെന്ന് ഒരിക്കല്‍ ദസ്തയേവ്സ്‌കി ചോദിക്കുന്നുണ്ട്. എഴുതാന്‍ പോകുന്ന നോവലിനെക്കുറിച്ച് ചര്‍ച്ചചെയ്യുന്നു. സ്വന്തം ദുഃഖങ്ങള്‍ കഥാപാത്രങ്ങള്‍ക്കു വീതിച്ചുകൊടുക്കുന്ന എഴുത്തുകാരനാണ് ദസ്തയേവ്സ്‌കി. ജീവിതത്തെ വെറുക്കാന്‍ അദ്ദേഹം ഒരിക്കലും ആഹ്വാനം ചെയ്യുന്നില്ല. ജീവിതത്തെ സ്‌നേഹിക്കാനാണ് പഠിപ്പിക്കുന്നത്.

                                        PDF DOWNLOAD