Marquee

ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുള്ള പഠനവിഭവങ്ങളും ചോദ്യപേപ്പറുകളും hsmalayalamresources@gmail.com എന്ന വിലാസത്തില്‍ അയച്ചുതരൂ... ......

Wednesday, September 27, 2017

നളചരിതത്തിന്റെ കഥ

കഥകളിയുടെ ഉദ്ഭവത്തെക്കുറിച്ചും പ്രത്യേകതകളെക്കുറിച്ചുമുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതാ. പത്താംക്ലാസ്സ് കേരള പാഠാവലിയിലെ  'പ്രലോഭനം' എന്ന പാഠഭാഗത്തിന് സഹായകം.
സന്തോഷ്‌കുമാര്‍ ചീക്കിലോട്
ജയദേവ കവിയുടെ അഷ്ടപദിയെ ആസ്പദമാക്കി കോഴിക്കോട് മാനവേദന്‍ സാമൂതിരി കൃഷ്ണനാട്ടത്തിന് രൂപം നല്‍കി. ഇതറിഞ്ഞ കൊട്ടാരക്കര തമ്പുരാന്‍ സാമൂതിരിക്ക് തന്റെ കൊട്ടാരത്തിലേക്ക് കൃഷ്ണനാട്ടക്കാരെ അയയ്ക്കാന്‍ സന്ദേശമയച്ചു. ആട്ടം കണ്ടുരസിക്കാന്‍ മാത്രം പാണ്ഡിത്യവും രസികത്വവും കൊട്ടാരക്കര തമ്പുരാനില്ലെന്നായി സാമൂതിരി. ഇത് കൊട്ടാരക്കര തമ്പുരാനെ അമര്‍ഷം കൊള്ളിച്ചു. അദ്ദേഹം ഉടനെത്തന്നെ രാമകഥയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ഒരു കലാരൂപം സൃഷ്ടിച്ചു; രാമനാട്ടം. ഇതാണ് രാമനാട്ടത്തിന് പിന്നിലുള്ള ഐതീഹ്യം. രാമനാട്ടത്തെ കഥകളിയായി പരിഷ്‌കരിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത് കപ്ലിങ്ങാട്ട് നമ്പൂതിരി, വെട്ടത്ത് രാജാവ്, കോട്ടയത്ത് തമ്പുരാന്‍ എന്നിവരാണ്. മുദ്രകള്‍, വേഷങ്ങള്‍, കിരീടം എന്നിവ പരിഷ്‌കരിച്ചതും തോടയം, പുറപ്പാട്, മേളപ്പദം എന്നിവ സംവിധാനം ചെയ്തതും കപ്ലിങ്ങാട്ട് നമ്പൂതിരിയാണ്. രാമനാട്ടത്തില്‍ അഭിനേതാക്കള്‍ക്ക് സംഭാഷണമുണ്ടായിരുന്നു. അത് നിര്‍ത്തലാക്കിയത് വെട്ടത്ത് രാജാവാണ്. കഥകളിയിലെ പ്രധാന പാട്ടുകാരന്‍ പൊന്നാനിയെന്നും പിന്നാലെ പാടുന്നയാള്‍ ശിങ്കിടിയെന്നും അറിയപ്പെടുന്നു. ഇവരുടെ പാട്ടിനനുസരിച്ചാണ്  കഥകളി നടന്‍ ആടുന്നത്.
വേഷങ്ങള്‍ പച്ച, കത്തി, താടി, കരി, മിനുക്ക് എന്നിങ്ങനെയാണ് കഥകളി വേഷങ്ങള്‍. സാത്വിക ഗുണം പച്ച, രജോഗുണം കത്തി, തമോഗുണം താടി. യുധിഷ്ഠിരന്‍, ഭീമന്‍, നളന്‍, ഇന്ദ്രന്‍ തുടങ്ങിയവരെല്ലാം പച്ചവേഷക്കാര്‍. ദുര്യോധനന്‍, രാവണന്‍ തുടങ്ങിയ പ്രതിനായകന്മാര്‍ കത്തിവേഷം. താടി മൂന്ന് വിധം-ചുവപ്പും വെള്ളയും കറുപ്പും. ദുശ്ശാസനന്‍, ബകന്‍ തുടങ്ങിയവര്‍ ചുവന്ന താടിക്കാര്‍. ഹനുമാന്‍, നന്ദികേശ്വരന്‍ തുടങ്ങിയവര്‍ വെള്ളത്താടിക്കാര്‍. നളചരിതത്തിലെ കലി കറുത്തതാടിയാണ്. കരി കാട്ടാളവേഷത്തെ കാണിക്കുന്നു. ശൂര്‍പ്പണഖ, നക്രതുണ്ഡി എന്നിവര്‍ ഉദാഹരണം. സ്ത്രീകള്‍, ഋഷിമാര്‍, ദൂതന്മാര്‍ എന്നിവര്‍ക്ക് മിനുക്ക് വേഷം.
ചടങ്ങുകള്‍ കഥകളിയുടെ ആദ്യത്തെ ചടങ്ങ് കേളികൊട്ടാണ്. സൂര്യാസ്തമയത്തോടെ കഥകളി നടക്കുന്ന വിവരം കൊട്ടിയറിയിക്കലാണിത്. രാത്രി എട്ടുമണിയോടടുത്ത് അരങ്ങത്ത് കളിവിളക്ക് തെളിയുന്നു. മദ്ദളം, ചേങ്ങില, ഇലത്താളം എന്നിവ ചേര്‍ന്നുള്ള അരങ്ങുകേളി നടത്തുന്നു. അതിനുശേഷം തോടയം. കഥകളി തടസ്സമില്ലാതെ നടക്കാനുള്ള രംഗപൂജയാണിത്. പിന്നാലെ വന്ദനശ്ലോകം. വിഷ്ണു, ശിവന്‍, ഗണപതി എന്നിവര്‍ക്കുള്ള സ്തുതിയാണിത്. അടുത്തതായി പുറപ്പാടാണ്. പുറപ്പാടിന് ശേഷം മേളപ്പദം അഥവാ മഞ്ജുതര. അനന്തരം കഥയിലേക്ക് പ്രവേശിക്കുന്നു. കഥകളിയുടെ അവസാനത്തെ ചടങ്ങാണ് ധനാശി.

മുദ്രകള്‍ ആംഗികാഭിനയപ്രധാനമായ കഥകളിയില്‍ ആംഗികാഭിനയം മുദ്രകള്‍ കൊണ്ടാണ് സാധിക്കുന്നത്. കഥകളി നടന്മാരുടെ മുദ്രാഭിനയത്തിന് അവലംബമായിട്ടുള്ളത് 'ഹസ്തലക്ഷണദീപിക' എന്ന ഗ്രന്ഥ മാണ്.  ഇരുപത്തിനാല് അടിസ്ഥാന മുദ്രകളാണുള്ളത്. ഒരു കൈകൊണ്ടുള്ള അസംയുത മുദ്രകളും ഇരുകൈകൊണ്ടുകാണിക്കുന്ന സംയുത മുദ്രകളും. അടിസ്ഥാന മുദ്രകളില്‍ ഒന്ന് ഒരു കൈകൊണ്ടും മറ്റൊന്ന് മറുകൈകൊണ്ടും കാണിക്കുന്ന മിശ്രമുദ്രകളുമുണ്ട്. മുദ്ര കാണിക്കുമ്പോള്‍ കൈയും കണ്ണും മെയ്യും മനസ്സും യോജിച്ച് പോകണം.
വാദ്യങ്ങള്‍ ചെണ്ട, ശുദ്ധമദ്ദളം, ചേങ്ങില, ഇലത്താളം എന്നീ നാല് വാദ്യങ്ങളാണ് കഥകളിയ്ക്കുപയോഗിക്കുന്നത്. ചേങ്ങില പൊന്നാനിയും ഇലത്താളം ശിങ്കിടിയും പ്രയോഗിക്കുന്നു.
ഉണ്ണായിവാര്യര്‍
എ.ഡി. 18-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഉണ്ണായിവാര്യര്‍ കുഞ്ചന്‍ നമ്പ്യാരുടെയും രാമപുരത്ത് വാര്യരുടെയും സമകാലികനായിരുന്നു. തൃശ്ശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുട ക്ഷേത്രത്തിന് സമീപത്തുള്ള അകത്തൂട്ട് വാരിയത്താണ് ജനനമെന്ന് കരുതപ്പെടുന്നു.  മുന്‍ഗാമികളെ ആരെയും കണ്ണടച്ച് അനുകരിക്കാത്ത, പിന്‍ഗാമികള്‍ക്ക് അനുകരിക്കാന്‍ കഴിയാത്തതുമായ അദ്ഭുതപ്രതിഭയാണ് ഉണ്ണായിവാര്യര്‍. ഒരൊറ്റ ആട്ടക്കഥയിലൂടെ അദ്ദേഹം അനശ്വരമായ കീര്‍ത്തി നേടി. ആട്ടക്കഥയെ നാടകവുമായി പരമാവധി അടുപ്പിക്കാന്‍ അദ്ദേഹം ശ്രമിച്ചു. ആട്ടക്കഥയില്‍ അന്നുവരെ വ്യക്തിത്വമുള്ള കഥാപാത്രങ്ങള്‍ ഉണ്ടായിരുന്നില്ല. ഈ അവസ്ഥ മാറ്റി ഓരോ കഥാപാത്രത്തിനും വെവ്വേറെ ചൈതന്യവും തന്റേടവും ആദ്യമായി നല്‍കിയത് ഉണ്ണായി വാര്യരാണ്.  നളചരിതം ആട്ടക്കഥ 'കേരളത്തിലെ ശാകുന്തളം' എന്ന് പ്രകീര്‍ത്തിക്കപ്പെടുന്നു.
പ്രലോഭനം
നളദമയന്തീ വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തതിലും ദമയന്തി നളനെ വരിച്ചതിലും കോപാകുലനായ കലി, നളദമയന്തിമാരെ തമ്മിലകറ്റി രാജ്യത്തുനിന്ന് പുറത്താക്കുമെന്ന് ശപഥം ചെയ്യുന്നു. അതിനായി നളന്റെ അനുജനായ പുഷ്‌കരനെ സമീപിക്കുന്നതാണ് പാഠഭാഗം.
കലി ദ്വാപരന്മാരെക്കണ്ട് പുഷ്‌കരന്‍ ചോദിക്കുന്നു-അരികില്‍ വന്ന നിങ്ങളാരാണ്? എന്തിന് വേണ്ടിയാണ് വന്നത്? വേഗമെല്ലാം പറയൂ. അറിയാത്തവരാണെങ്കിലും നിങ്ങളെ കണ്ടപ്പോള്‍ ഉള്ളില്‍ പെട്ടെന്നൊരു സന്തോഷം തോന്നുന്നു.
ഭൂമിയിലുള്ളകൂട്ടരെല്ലാം നളനെ ചെന്ന് കാണും. അവര്‍ക്ക് വേണ്ട കാര്യങ്ങളെല്ലാം നളന്‍ ചെയ്ത് കൊടുക്കും. നമ്മെ കാണാന്‍ ദൂരത്തുനിന്ന് ആരും വരാറില്ല. പിന്നെന്തേ വന്നത്? നമുക്ക് നാടോ നഗരമോ രാജചിഹ്നങ്ങളോ ശത്രുക്കളെ ജയിക്കാന്‍ പോന്ന പടയോ ഇല്ല. ആകെ പറയാവുന്നത് ക്ഷത്രിയനായി പിറന്നു എന്നതു മാത്രം.
വെറുതെ ഞാനെന്തിന് പലവക കാര്യങ്ങള്‍ പറഞ്ഞു കേള്‍പ്പിക്കുന്നു. നളന്‍ അദ്ദേഹത്തിന്റെ കര്‍മം ചെയ്യുന്നു. നാം നമ്മുടെതും. പറയൂ, ഞാനെന്താണ് നിങ്ങള്‍ക്ക് ചെയ്തുതരേണ്ടത്?
രാജ്യലോഭം, തന്നെ കാണുകയും ബഹുമാനിക്കുകയും ചെയ്യാത്ത ജനങ്ങളോടുള്ള അമര്‍ഷം, അവരുടെ ആദരബഹുമതികള്‍ നേടിക്കൊണ്ടിരിക്കുന്ന നളനോടുള്ള അസൂയയും അസഹിഷ്ണുതയും, തമ്പുരാനായി ജനിച്ചിട്ടും ജന്മസിദ്ധമായി പ്രയോജനങ്ങളൊന്നും ലഭിക്കാതെ 'വെറും തമ്പുരാനായി' കഴിയുന്ന അവസ്ഥയില്‍ ദുഃഖവും അപകര്‍ഷബോധവും അപമാനബോധവും അസംതൃപ്തിയും നളന്റെ തന്റെയും കര്‍മം അല്ലെങ്കില്‍ തലയിലെഴുത്ത് രണ്ടും രണ്ടായതാണ് കാരണമെന്ന് ഈശ്വരനോട് തന്നെയുള്ള പരാതിയുമെല്ലാം പുഷ്‌കരന്റെ വാക്കുകളില്‍ തെളിയുന്നു.
ഇങ്ങനെയൊരാളെയായിരുന്നു കലിക്ക് വേണ്ടത്. പുഷ്‌കരനെ പ്രലോഭിപ്പിക്കാന്‍ കലിക്ക് ഒട്ടും ആയാസപ്പെടേണ്ടി വന്നില്ല. കലി പറയുന്നു-പുഷ്‌കരാ, നീ വെറുതെ ജന്മം പാഴാക്കരുത്. എന്റെ സഹായമുണ്ടെങ്കില്‍ ആര്‍ക്കും ഒന്നുംതന്നെ അസാധ്യമല്ല. നളനും നീയും തമ്മില്‍ എന്താണ് ഭേദം. നീ നളനെ ജയിച്ച് നാടുവാഴുക. ഞാനാരാണെന്ന് പറയാം. ലോകത്ത് എന്നെ അറിയാത്തവരായി ആരുണ്ട്? ശത്രുവായ നളന് ഞാന്‍ കലി, നിനക്ക് ഞാന്‍ മിത്രം. ചൂത് കളിക്കുക. അവന്റെ നാട് ഞാന്‍ നിനക്ക് നേടിത്തരുന്നതാണ്. എന്റെ അഭിപ്രായത്തില്‍ ഉറച്ചുനിന്നാല്‍ വിജയം നിശ്ചയമായും നിനക്കുതന്നെ. പണയംവെക്കാന്‍ വിലയുള്ള വസ്തുക്കളൊന്നുമില്ലെങ്കില്‍ എന്നെ പണയം വെക്കൂ (കലി കാളയുടെരൂപത്തില്‍ പിന്നീട് പണയവസ്തുവാകുന്നുണ്ട്). ധനധാന്യങ്ങളും നാടുമൊക്കെ കൈക്കലാക്കിയിട്ട് അവനെ വനത്തില്‍ വിടണം. ഇത്രയുമാണ് പാഠഭാഗം.
'വൈരി വൈരസേനിക്കിഹ ഞാന്‍ കലി' എന്നാണ് കലി സ്വയം പരിചയപ്പെടുത്തുന്നത്. വൈരസേനി എന്നാല്‍ വീരസേനന്റെ പുത്രന്‍ എന്നര്‍ഥം. വീരസേനന്റെ പുത്രന്മാരാണ് നളനും പുഷ്‌കരനും. നളന്‍ എന്നതിനുപകരം വൈരസേനി എന്നുപയോഗിച്ചിരിക്കുന്നത്, വീരസേനന്റെ രണ്ട് പുത്രന്മാര്‍ക്കും തുല്യ അവകാശങ്ങളുണ്ട് എന്ന് ധ്വനിപ്പിക്കാന്‍ വേണ്ടിയാണ്.

                        PDF DOWNLOAD

No comments:

Post a Comment