Marquee

ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുള്ള പഠനവിഭവങ്ങളും ചോദ്യപേപ്പറുകളും hsmalayalamresources@gmail.com എന്ന വിലാസത്തില്‍ അയച്ചുതരൂ... ......

Monday, September 18, 2017

എം.എന്‍ .വിജയന്‍ വൈലോപ്പിള്ളിയെ വായിക്കുമ്പോള്‍

അധ്യാപകസഹായിയില്‍ തന്നിട്ടുള്ള ലേഖനം 

               വൈലോപ്പിള്ളിക്കവിതയുടെ ഏറ്റവും പ്രധാനപ്പെട്ട നിരൂപകൻ എം.എൻ.വിജയനാണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാവില്ല. എം. എൻ. വിജയന്റെ നിരൂപണങ്ങളോട് ഇണങ്ങിയും പിണങ്ങിയും നീണ്ട മുപ്പത്തഞ്ചുവർഷം ജീവിക്കാൻ സാധിച്ചത് വൈലോപ്പിള്ളിയുടെ കാവ്യജീവിതത്തെ ഗൌരവതരമായി സ്വാധീനിച്ചിട്ടുണ്ട്. 'സഹ്യന്റെ മകൻ' നിരൂപണത്തോട് പ്രതികരിച്ചുകൊണ്ട് വൈലോപ്പിള്ളി എഴുതിയ 'കുട്ടിത്തേവാങ്ക്' എന്ന കവിത ഒരു നിരൂപണത്തോട് പ്രതികരിച്ചുകൊണ്ട് കവി സ്വന്തം കാവ്യാദർശം സംക്ഷേപിച്ച് അവതരിപ്പിച്ച ഉജ്ജ്വലമായ കവിതയാണ്. വിജയന്റെ സാഹിത്യനിരൂപണങ്ങൾ ഭാഷയുടെ നവീനതകൊണ്ടും ബിംബസമൃദ്ധികൊണ്ടും കവിതയെ വെല്ലുന്നു; അല്ലെങ്കിൽ കവിതയായി മാറുന്നു. ഇപ്രകാരം കവിതയായി മാറിയിട്ടുള്ള സാഹിത്യനിരൂപണങ്ങൾ വളരെ കുറച്ചുമാത്രമേ ഉള്ളൂ. വൈലോപ്പിള്ളി സമ്പൂർണ്ണകൃതികൾക്ക് എഴുതിയ കവിതയുടെ മൃത്യുഞ്ജയം എന്ന അവതാരിക ഇത്തരത്തിലുള്ളതാണ്. വൈലോപ്പിള്ളിക്കവിതയിൽ അടയിരുന്ന് വിരിയിച്ച മറ്റൊരു കവിതയാണ്, അത്.
എം.എന്‍.വിജയന്റെ നിരൂപണങ്ങള്‍ക്ക് പൊതുവില്‍ വെെലോപ്പിള്ളിക്കവിതയിലെ ആശയങ്ങളോടാണ് പഥ്യം. കവിതയുടെ ഭാഷ, സൌന്ദര്യാവിഷ്കരണരീതി, എന്നിവയിലൊന്നും ഈ നിരൂപണങ്ങള്‍ സമയം ചെലവഴിക്കുന്നില്ല. 'കവിതയുടെ മൃത്യുഞ്ജയം' എന്ന അവതാരികയില്‍ എന്തൊക്കെ ആശയങ്ങളാണ് കാച്ചിക്കുറുക്കി കാവ്യാത്മകമായി അവതരിപ്പിച്ചിട്ടുള്ളതെന്ന് നോക്കാം.
  • മാമ്പഴം എന്ന കവിത മലയാളകവിതയുടെ ചരിത്രത്തില്‍ നവീനമായ ഒരു ഭാവുകത്വത്തിന് ആരംഭം കുറിച്ചു. ഏത് വരണ്ട കണ്ണുകളേയും ഈറനാക്കുന്ന മീനച്ചൂടിന്റെ മാധുര്യം അതിനുണ്ടായിരുന്നു. അതുവരെയും കവിതാപാരമ്പര്യത്തില്‍നിന്നും മാറി ജീവിതത്തിന്റെ കടലിനെ മഷിക്കുപ്പിയാക്കിയാണ് ഈ കവി കവിതയെഴുതിയത്.
  • അനുഭവങ്ങളെ ചവച്ചരച്ച് തത്വചിന്തയാക്കി മാറ്റുന്ന കവിയാണ് വെെലോപ്പിള്ളി. അദ്ദേഹത്തിന് പ്രബോധകത്വം ഏറും.
  • ജീവിതത്തിന്റെ പാടത്ത് വിതച്ചതൊക്കെയും മൃത്യു കൊയ്തെടുക്കുന്നു. പുതിയവ നാമ്പെടുക്കുകയും വളരുകയും ചെയ്യുന്നു. ആയതിനാല്‍ മൃത്യുവിന് മുന്നില്‍ ദു:ഖിക്കാതെ ജീവിതത്തിന്റെ അനശ്വരതയെ വാഴ്ത്തുകയാണ് കവിയുടെ ധര്‍മ്മം. ഇതിനെ വിതയുടെയും കൊയ്ത്തിന്റെയും തത്വശാസ്ത്രം എന്നാണ് എം.എന്‍.വിജയന്‍ വിളിക്കുന്നത്.
  • വെെലോപ്പിള്ളിയുടെ മനസ്സില്‍ കവിതാശയം ഒരു കഥയുടെയോ സംഭവത്തിന്റെയോ രൂപത്തിലാണ് ഉടലെടുക്കുന്നത്. കോടതിവിചാരണപോലെ സംഭവങ്ങളെ വിസ്തരിക്കുന്നത് കവിതയുടെ പൊതുസ്വഭാവമത്രെ.
  • മനുഷ്യന്‍ ചെയ്യുന്ന പ്രവൃത്തിയോടാണ് വെെലോപ്പിള്ളിക്ക് താല്പര്യം. പ്രകൃതിയുടെ ക്രൂരതയോട് പൊരുതുന്ന പഞ്ചമന്മാരെ പാടിപ്പുകഴ്ത്തുകയാണ് തന്റെ കടമ എന്ന് വിശ്വസിക്കുന്ന കവിയാണ് വെെലോപ്പിള്ളി.
  • കവിത മരണത്തെ ജയിക്കുന്നു. കവികള്‍ തീര്‍ക്കുന്ന സൌന്ദര്യബോധമാണ് നവലോകനിര്‍മ്മിതിക്കുള്ള ഇന്ധനം. സരസ്വതീനദിയെപ്പോലെ കവിയുടെ നാദം കാലങ്ങളില്‍ പുനര്‍ജ്ജനിക്കും.
  • അനേകജന്മങ്ങളിലെ അനുഭവങ്ങള്‍കൊണ്ട് ചുളിവുകള്‍ വീണ മുഖമാണ് വെെലോപ്പിള്ളിയുടേത്. ലോകത്തിന്റെ വേദനമുഴുവന്‍ അത് സ്വന്തം വേദനയാക്കി മാറ്റിയിരിക്കുന്നു.


എം.എന്‍. വിജയന് വെെലോപ്പിള്ളിക്കവിത ഒടുങ്ങാത്ത ആവനാഴിയായിരുന്നു. അനുഭവങ്ങളെ വാറ്റിയെടുത്ത ലഹരിയായിരുന്നു അത്. ഓര്‍മ്മകളുടെ ലോകത്തെ സൌഭാഗ്യങ്ങളിലൂടെ വരാന്‍പോകുന്ന ലോകത്തെക്കുറിച്ച് അവ സ്വപ്നംകണ്ടു. കാച്ചിക്കുറുക്കിയ കവിത എന്ന് വെെലോപ്പിള്ളിക്കവിതയെ എം. എന്‍. വിജയന്‍ വിശഷിപ്പിച്ചിട്ടുണ്ടല്ലോ. ഈ വിശേഷണം വിജയന്റെ നിരൂപണങ്ങള്‍ക്കും ചേരും. "തേട്ടിയരയ്ക്കുന്ന ഒരു ജന്തുവിനെപ്പോലെ താന്‍ കടിച്ചുപറിച്ച, തന്നെ കടിച്ചുപറിച്ച അനുഭവങ്ങളുടെ നിഴലില്‍ കിടന്ന് കവിയും ചവച്ചരയ്ക്കുന്നു" എന്ന് കവിതയുടെ മൃത്യുഞ്ജയത്തില്‍ പറയുന്നുണ്ട്. അതുപോലെ വെെലോപ്പിള്ളിയുടെ കവിതകള്‍ തേട്ടിയരച്ച് നടത്തുന്ന നിരൂപണങ്ങളും കാച്ചിക്കുറുക്കിയവയാണ്. സമീപനങ്ങളിലും ഭാഷയിലും അത് അപൂര്‍വ്വത പുലര്‍ത്തുന്നു.
നിരൂപണത്തിലെ കവിത
           കവിതയുടെ മൃത്യുഞ്ജയം എന്ന അവതാരികയുടെ അവസാനഖണ്ഡിക നോക്കുക: "ഭൂമി മുഴുവനായി വിഴുങ്ങി പെരുതായിത്തീര്‍ന്ന കടല്‍പോലെ അനേകം ജന്മങ്ങള്‍ ജീവിച്ച് ചുളിവുകള്‍വീണ ഒരു മുഖം വെെലോപ്പിള്ളിക്കവിതയ്ക്കുണ്ട്. കാലങ്ങളില്‍ വീണ്ടും ജനിക്കുന്ന കവിയാണ് താനെന്ന നെെരന്തര്യബോധം ഇതുണ്ടാക്കിത്തീര്‍ക്കുന്നു. കണ്ണീരുകൊണ്ട് നനച്ച് മരണംകൊണ്ട് വളമിട്ടുവളര്‍ത്തുന്ന ഒരു മരത്തിന്റെ കാവല്‍ക്കാരന്‍. നാമിപ്പോള്‍ അതിന്റെ തണലില്‍ ഇരിക്കുന്നു". ഭൂമി മുഴുവന്‍ വിഴുങ്ങിയ കടല്‍, അനേകം ജന്മങ്ങള്‍ ജീവിച്ച് ചുളിവ് വീണ മുഖം എന്നിവ വെെലോപ്പിള്ളിക്കവിതയുടെ ചില സവിശേഷതകളിലേക്ക് വിരല്‍ചൂണ്ടുന്നു. ലോകത്തിന്റെ പാപങ്ങളും ദു:ഖങ്ങള്‍ വിഴുങ്ങിയ നീലകണ്ഠനാണ് അത്. അവ്യക്തമായ ഒരു അപരാധബോധവും തജ്ജന്യമായ അകാലവാര്‍ദ്ധക്യബോധവും വെെലോപ്പിള്ളിക്കവിതയ്ക്കുണ്ടെന്ന് ഓണപ്പാട്ടുകാരുടെ അവതാരികയില്‍ എം.എന്‍.വിജയന്‍ നിരീക്ഷിച്ചിട്ടുണ്ട്. തന്റെ കെട്ടജീവിതത്തെ അമൃതമയമാക്കുന്നത് കവിതയാണെന്നും വഞ്ചിതമായ ജീവിതത്തോടും ജരാനരകളോടും മരണത്തോടും തന്നെയുള്ള പകവീട്ടലായി കവി കവിതയെ കണ്ടിരുന്നതായും 'പഴയ പുലവന്‍' എന്ന ലേഖനത്തിലും രേഖപ്പെടുത്തിയിട്ടുണ്ട്. സര്‍ഗ്ഗാത്മകതയില്‍ അടങ്ങിയ ഈ മൃത്യുഞ്ജയത്തെ വെെലോപ്പിള്ളി പല കവിതകളിലും വിസ്തരിച്ചിട്ടുണ്ട്. വിഷമയമായ വ്യക്തിജീവിതത്തില്‍നിന്നുള്ള മോക്ഷമായി ആത്മസാക്ഷാത്കാരമായിത്തീരുന്നു എന്നതുമാത്രമല്ല വെെലോപ്പിള്ളിക്ക് കവിതയുടെ പ്രയോജനം. താന്‍ ചരിത്രത്തിന്റെയും സമുദായത്തിന്റെയും മന:സാക്ഷിയാണെന്ന മറ്റൊരു അനശ്വരതയില്‍, ധര്‍മ്മത്തിന്റെ ഉറങ്ങാത്ത കാവല്‍ക്കാരനാണെന്ന ബോധത്തില്‍ കവി പിന്നീട് എത്തിച്ചേരുന്നുണ്ട് എന്നും മുന്‍പറഞ്ഞ ലേഖനത്തില്‍ എം.എന്‍.വിജയന്‍ പറഞ്ഞിട്ടുണ്ട്. കവിതയുടെ മൃത്യുഞ്ജയത്തിലും തന്റെ മറ്റു പല ലേഖനങ്ങളിലും പ്രഭാഷണങ്ങളിലും വെെലോപ്പിള്ളിക്കവിതയുടെ ഈ എെതിഹാസികതയും ദര്‍ശനവും ആവര്‍ത്തിക്കുന്നുണ്ട്.
               "മര്‍ത്ത്യസൌന്ദര്യബോധങ്ങള്‍ പെറ്റ
                മക്കളല്ലീ പുരോഗമനങ്ങള്‍"
-           (കുടിയൊഴിപ്പിക്കല്‍)
ഈ വരികള്‍ വിശദീകരിച്ചുകൊണ്ട് സൌന്ദര്യബോധമാണ് പുരോഗതിക്ക് കുതി നല്കുന്നത്. സമുദായത്തിലും എവിടെയും അസുന്ദരമായതിനെ കണ്ടറിഞ്ഞ് അതിനെ നീക്കി സുന്ദരമായതിനെ നിര്‍മ്മിക്കാനോ പ്രതിഷ്ഠിക്കാനോ ആണ് പുരോഗാമി ഉത്സാഹിക്കുന്നത് എന്ന് വെെലോപ്പിള്ളി തന്നെ അടിക്കുറിപ്പ് നല്കിയിട്ടുണ്ട്. കവി സൃഷ്ടിക്കുന്ന സൌന്ദര്യബോധം ഉള്‍ക്കൊണ്ടാണ് നവലോകനിര്‍മ്മിതി നടക്കേണ്ടത് എന്നിത് വ്യക്തമാക്കുന്നു. കവിയുടെ ഈ കാഴ്ചപ്പാടിനോട് പൂര്‍ണ്ണമായി യോജിക്കുന്ന പക്വമായ ഒരു കാല്പനികവീക്ഷണത്തിന് ഉടമയായതിനാലാകണം എം.എന്‍.വിജയന്‍ വെെലോപ്പിള്ളിക്കവിതകളെ ഇത്രയും മഹത്വവത്കരിച്ച് അവതരിപ്പിക്കുന്നത്. ആശയങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും അതിലെ ഭാഷയുടെ നവീനതയും സര്‍ഗ്ഗാത്മകതയും വായനക്കാരെ വിസ്മയസ്തബ്ധരാക്കുന്നു.
ശ്രീ എന്ന ആവനാഴി
             വെെലോപ്പിള്ളിക്കവിത ഒരു ആവനാഴിയാണെന്ന് എം.എന്‍.വിജയന്‍ പറഞ്ഞതായി നേരത്തെ സൂചിപ്പിച്ചല്ലോ. നിരൂപണത്തിലെ സവിശേഷമായ കല്പനകളും പ്രയോഗങ്ങളും വാക്യങ്ങളും ഈ ആവനാഴിയില്‍നിന്നും എടുത്തിട്ടുള്ളതാണെന്ന് കാണാന്‍ കഴിയും. ഉദാഹരണമായി കവിതയുടെ മൃത്യഞ്ജയത്തിലെ ബിംബസമൃദ്ധമായ "ഭൂമിയെ മുഴുവന്‍ വിഴുങ്ങി പെരുതായിത്തീര്‍ന്ന കടല്‍പോലെ അനേകം ജന്മങ്ങള്‍ ജീവിച്ച് ചുളിവുകള്‍ വീണ മുഖം വെെലോപ്പിള്ളിക്കുണ്ട്" എന്ന വാക്യം പരിശോധിക്കുക. ഇതിലെ കല്പനകള്‍
                 "ആവിധമായിരമാണ്ട് വസന്തപരാഗമണിഞ്ഞു പറക്കെ,പ്പെട്ടെ-
                  ന്നാഴി വളര്‍ന്നു മഹീതലമഹിമകളാകെ വിഴുങ്ങി മടങ്ങീ പോലും"
(ഓണപ്പാട്ടുകാര്‍)

                    "ഏറെ മുഖച്ചുളിവേലും ചീനയി-
                    ലേഴകള്‍ പുഞ്ചകള്‍ കാക്കുമിടങ്ങളില്‍"
-(ഓണപ്പാട്ടുകാര്‍)
എന്നീ വരികളില്‍ കണ്ടെത്താനാവും. കവിയുടെ തത്വശാസ്ത്രം അവതരിപ്പിക്കുന്നതിനായി കവിതയുടെ മൃത്യുഞ്ജയത്തില്‍ കന്നിക്കൊയ്ത്തിലെ അവസാനത്തെ നാലുവരികളാണ് ഉപയോഗിക്കുന്നത്.
                "ആകയാലൊറ്റയില്‍ കാണു
                  മാകുലികളെ പാടിടും വീണേ
                  നീ കുതുകമോടാലപിച്ചാലു
                  മേകജീവിതാനശ്വരഗാനം"

ഒറ്റയായ് കാണുമ്പോള്‍ ദു:ഖമായി കാണുന്ന ലോകത്തെ ചിത്രീകരിക്കുന്നതിന് പകരം ജീവിതത്തിന്റെ സാകല്യത്തെ നിരീക്ഷിക്കുമ്പോള്‍ മനുഷ്യന് ദു:ഖം സുഖമായിത്തീരുന്നു എന്നാണ് ഈ വരികളുടെ അര്‍ത്ഥമെന്നാണ് എം.എന്‍.വിജയന്‍ പലേടത്തായി വിശദീകരിച്ചിട്ടുണ്ട്. 1949ല്‍ പത്തൊമ്പതാം വയസ്സില്‍ എഴുതിയ കന്നിക്കൊയ്ത്ത്, 1952ല്‍ എഴുതിയ ഓണപ്പാട്ടുകാരുടെ അവതാരിക എന്നിവയില്‍ നടത്തിയ കണ്ടെത്തലുകളുടെ ആവര്‍ത്തനങ്ങളും വിശദീകരണങ്ങളുമാണ് പിന്നീടുള്ള വെെലോപ്പിള്ളി നിരൂപണങ്ങളെങ്കിലും ഇടയ്ക്കിടെ സ്വന്തം നിലപാടുകളെ അദ്ദേഹം ക്രോഡീകരിച്ച് അവതരിപ്പിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ഒരു പ്രധാനപ്പെട്ട നിരീക്ഷണം നോക്കുക: "ദു:ഖത്തെ ഉപാസിക്കുന്നവന്‍ സുഖത്തിലെത്തിച്ചേരുന്നുവെന്നും കയ്പിനെ തേടിപ്പോകുന്നവന്‍ മധുരത്തിലെത്തിച്ചേരുന്നുവെന്നും ജീവിതത്തെ നിഷേധിക്കുന്നവന്‍ ഒരു കാവ്യജീവിതത്തില്‍ ഉണരുന്നുവെന്നും രാത്രിയില്‍ കിനാവ് കാണുന്നവന്‍ പ്രഭാതത്തില്‍ ഒരു പുതിയ ലോകത്തെ സൃഷ്ടിക്കുന്നുവെന്നും ഉള്ള സവിശേഷമായൊരു വീക്ഷണം വെെലോപ്പിള്ളി തന്റെ ജീവിതത്തില്‍നിന്ന് ഉരുത്തിരിച്ചെടുത്തിരിക്കുന്നു "(സംശയം, മാര്‍ച്ച് 1986, എം.എന്‍.വിജയന്‍)
വെെലോപ്പിള്ളി നിരൂപണങ്ങളില്‍ കവിതയുടെ മൃത്യുഞ്ജയം മാത്രം വായിക്കുന്ന ഒരാള്‍ക്ക് അത് ദുര്‍ഗ്രഹമായിരിക്കും. താന്‍ നേരത്തെ കണ്ടെത്തിയ കാര്യങ്ങള്‍ മനസ്സില്‍ വെച്ചുകൊണ്ട് അദ്ദേഹം സ്വന്തം കാഴ്ചപ്പാടുകള്‍ നിസ്സങ്കോചം അവതരിപ്പിച്ച് മുന്നേറുകയാണ്. പറയുന്നതിന് ക്രമമോ തുടര്‍ച്ചയോ ഇല്ല. എന്താണ് ഉദ്ദേഷിക്കുന്നത് എന്ന് പൂര്‍ണ്ണമായി മനസ്സിലാകണമെങ്കില്‍ വെെലോപ്പിള്ളിക്കവിതയിലൂടെയും എം.എന്‍.വിജയന്റെ മറ്റ് നിരൂപണങ്ങലിലൂടെയും പലതവണ സഞ്ചരിക്കേണ്ട അവസ്ഥ. ഇത് എം.എന്‍.വിജയന്റെ പല വെെലോപ്പിള്ളി നിരൂപണങ്ങളുടെയും പ്രത്യേകതയാണ്.

പി സത്യനാഥന്‍ 

8 comments:

  1. m n vijayante sahyante makan pdf kittumo?

    ReplyDelete
    Replies
    1. കാവ്യ വിശകലനത്തിനും ജീവിതവ്യാഖ്യാനത്തിനും മനഃശാസ്ത്രത്തെ മാത്രം ഉപയോഗ പ്പെടുത്തിയ മലയാളത്തിലെ ഏകവിമർശകനാണ് എം.എൻ.വിജയൻ. ഫോയ്ഡിന്റെ സിദ്ധാന്ത ങ്ങളുടെ അടിസ്ഥാനത്തിൽ സാഹിത്യകൃതികളെ സമീപിക്കുകയും വിദഗ്ദമായി വിശകലനം ചെയ്തുകൊണ്ട് ഈ വിമർശന ശാഖയുടെ സാന്നിദ്ധ്യം അറിയിക്കുകയും ചെയ്തു. കലയുടെ വ്യതിരിക്ത സ്വഭാവം മനഃശാസ്ത്ര ദൃഷ്ട്യാ നിരീക്ഷിക്കുന്ന അദ്ദേഹത്തിന്റെ പഠനങ്ങൾ പ്രശസ്ത സാഹിത്യകാരൻമാരുടെ രചനകൾ മുൻനിർത്തി അവരുടെ സർഗ്ഗ വ്യക്തിത്വത്തിന്റെ സവിശേഷതകൾ അനാവരണം ചെയ്യുന്നവയാണ്. കാളിദാസൻ, ആശാൻ, ജി.ശങ്കരക്കുറുപ്പ്, ചങ്ങമ്പുഴ, വൈലോപ്പിള്ളി, ബഷീർ എന്നിവരെയാണ് പ്രധാനമായും വിജയൻ പഠനപരിധിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ചിതയിലെ വെളിച്ചം, ശീർഷാസനം, കവിതയും മനഃശാസ്ത്രവും, വാക്കും മനസ്സും, മരുഭൂമികൾ പൂക്കുമ്പോൾ തുടങ്ങിയവ പ്രധാന കൃതികൾ.

      ഫോയിഡിന്റെ അപഗ്രഥനാത്മക മനഃശാസ്ത്രത്തിന്റെ വെളിച്ചത്തിൽ പ്രൊഫ.വിജയൻ പഠനവിധേയമാക്കിയ കവിതയാണ് വൈലോപ്പിള്ളിയുടെ "സഹ്യന്റെ മകൻ'. ഈ ലേഖനത്തിന്റെ പേരും സഹ്യന്റെ മകൻ എന്നു തന്നെയാണ്. വൈലോപ്പിള്ളിക്കവിതകളുടെ ചില സവിശേഷതക ളിലേക്ക് ഈ ലേഖനം സഹൃദയശ്രദ്ധയെ ആകർഷിക്കുന്നു. ആ കവിതകളിൽ നിറയുന്ന ഗന്ധ ബിംബങ്ങളെ അവതരിപ്പിച്ചതിനുശേഷം, കവിയുടെ ഗന്ധതാത്പര്യത്തിനു പിറകിൽ മനുഷ്യസ്വ ഭാവത്തിന്റെ സവിശേഷമായ ഒരു വ്യൂഹം രൂപവത്കൃതമാവുന്നതായി മാനസികാപഗ്രഥനത്തി ലൂടെ ഇദ്ദേഹം കണ്ടെത്തുന്നു. “ഗന്ധത്തിന്റെ കൂറ പാറുന്ന ഈ വ്യൂഹം വാസ്തവത്തിൽ ആനൽ ഇറോട്ടിക് സ്വഭാവശൈലിയുടെ പാറ്റേൺ ആണ" എന്നാണ് പ്രൊഫ.വിജയൻ ഉപയോഗി ച്ചിരിക്കുന്നത്. മനുഷ്യശരീരത്തിലെ പ്രധാനപ്പെട്ട വാതിലുകളായ ഇനനേന്ദ്രിയം, വിസർജനേന്ദ്രി യം, വായ എന്നിവയ്ക്ക് ഗാഢമായ ലൈംഗികപ്രാധാന്യമുണ്ട് എന്ന ഹോയ്ഡിന്റെ കണ്ടെത്ത ലാണ് ഈ പഠനത്തിന് അടിസ്ഥാനം. വിസർജ്ജനത്തിൽ ആനന്ദം കണ്ടെത്തുന്ന ശിശു സ്വഭാവം വിസർജ്യവസ്തുവിൽ സൗന്ദര്യവും ഉദാത്തതയും കണ്ടെത്തുന്ന പ്രവണതയായി ചിലരിൽ പ്രത്യ ക്ഷപ്പെടുന്നു. ഇത്തരം ആളുകളുടെ സ്വഭാവം അമിതമായ ചിട്ട, പിശുക്ക്, കടുംപിടിത്തം ഇവയാ ണ്. കവികയിലേക്ക് വരുമ്പോൾ വിസർജ്യവസ്തുക്കളായി, പ്രസരിപ്പിക്കപ്പെടുന്ന ഗന്ധം, പുക,വെളിച്ചം, ഫോടം ഇവയോടുള്ള താത്പര്യമായി മാറുന്നു. വൈലോപ്പിള്ളിക്കവിതയിൽ ഇത്തരം താത്പര്യത്തിന്റെ ചിഹ്നങ്ങൾ പ്രൊഫ.എം.എൻ വിജയൻ കണ്ടെത്തി അവതരിപ്പിക്കുന്നു ണ്ട്.

      അതുപോലെ പുരോഭാഗ സൗന്ദര്യ ചിത്രീകരണമെന്ന സാമാന്യരീതിക്കു പകരം പശ്ചാ ത്തല സൗന്ദര്യം ചിത്രീകരിക്കുക, നൻമയ്ക്കു പിറകിലുള്ള തിൻമ കണ്ടെത്തുക,. മറഞ്ഞിരിക്കുന്ന സത്യം ആവിഷ്കരിക്കുക എന്നീ സ്വഭാവങ്ങളും കവിതകൾ പ്രത്യക്ഷപ്പെടുത്തുന്നു. സ്നേഹത്തി നിടയിലെ ക്രൂരത, സൗന്ദര്യത്തിനകത്തെ വൈരൂപ്യം എന്നിവ വൈലോപ്പിള്ളിക്കവിതയിൽ ആനൽ ഇറോട്ടിക് സ്വഭാവമായി എം.എൻ.വിജയൻ നിരീക്ഷിക്കുന്നു.

      Delete
  2. m n vijayante sahyante makan pdf kittumo?

    ReplyDelete
  3. Kalavu Piya cyclum kazinnu Piya kalakattavum vijayakrishnande niroobanam

    ReplyDelete