Marquee

ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുള്ള പഠനവിഭവങ്ങളും ചോദ്യപേപ്പറുകളും hsmalayalamresources@gmail.com എന്ന വിലാസത്തില്‍ അയച്ചുതരൂ... ......

Tuesday, August 1, 2017

സ്‌നേഹത്തിന്റെ ശ്രാദ്ധം-എ.വി. പവിത്രന്‍

ഒ.വി. വിജയന്റെ ‘കടല്‍ത്തീരത്ത്’ ഒരു പഠനം
ഒ.വി. വിജയന്റെ ‘കടല്‍ത്തീരത്ത്’ അനന്യമായ ഒരു കലാസൃഷ്ടിയാണ്. നാല്പതുവര്‍ഷം നീണ്ട ‘കഥാജീവിത’ത്തില്‍ നൂറ്റിയിരുപതോളം ചെറുകഥകളും ആറ് നോവലുകളുമാണ് വിജയന്‍ രചിച്ചിട്ടുള്ളത്. (ലേഖനങ്ങളും കാര്‍ട്ടൂണുകളും കൃതികളുടെ ഇംഗ്ലീഷ് ഭാഷ്യങ്ങളും ഓര്‍മക്കുറിപ്പുകളും കൂടെയുണ്ട്). അഗാധമായ ചരിത്രജ്ഞാനവും സൂക്ഷ്മമായ രാഷ്ട്രീയാവബോധവും വിപുലമായ സാഹിത്യസംസ്‌കൃതിയും ദൈനംദിനസംഭവങ്ങളോടുള്ള അന്വേഷണാത്മക സമീപനവും നിറഞ്ഞ പ്രമേയപരിസരങ്ങളും വൈകാരികവും നാടന്‍ നര്‍മത്തിന്റെ തെളിമയും താത്വികനിലപാടുകളും വിരുദ്ധോക്തികളും ചേര്‍ന്ന ആഖ്യാനങ്ങളും അദ്ദേഹത്തിന്റെ കഥാപ്രപഞ്ചത്തിലുണ്ട്. ‘ഖസാക്കിന്റെ ഇതിഹാസവും’ ‘ധര്‍മപുരാണ’വും (നോവലുകള്‍) ‘ഒരു യുദ്ധത്തിന്റെ ആരംഭം’, ‘നിദ്രയുടെ താഴ്‌വര’, ‘ഒരു യുദ്ധത്തിന്റെ അവസാനം’, ‘പാറകള്‍’, ‘കൃഷ്ണപ്പരുന്ത്’ ‘വിമാനത്താവളം’, ‘കടല്‍ത്തീരത്ത്’ (കഥകള്‍) വിജയന്റെ സര്‍ഗാത്മക വ്യവഹാരത്തിന്റെ ഉദാത്തതയെ സാക്ഷ്യപ്പെടുത്തുന്ന കൃതികളാണ്. ആയിരത്തിത്തൊള്ളായിരത്തി അറുപതുകളില്‍, ഉള്ളടക്കത്തിലും സാക്ഷാത്ക്കാരത്തിലും അഭികാമ്യമായ ദിശാവ്യതിയാനം വരുത്തിയ ‘ആധുനികത’യുടെ വക്താക്കളിലൊരാളായിരുന്നു ഒ.വി. വിജയന്‍. അസ്തിത്വവാദം ഉള്‍പ്പെടെയുള്ള ആശയങ്ങള്‍ പ്രതിഷ്ഠിക്കുമ്പോള്‍ത്തന്നെ, വിജയന്റെ കഥ പ്രമേയം കൊണ്ടും ആധുനികതയ്ക്കപ്പുറത്തേക്കു നീണ്ട് കാലാതിവര്‍ത്തിയായ ഒരു പ്രസ്ഥാനമായി മാറുന്നു. ഹൈഡ്ഡഗര്‍, കീര്‍ക്കഗോര്‍, കമ്യൂ, കാഫ്ക എന്നിവരുടെ ആഖ്യാനത്തിന്റെ സ്വാതന്ത്ര്യവും ദാര്‍ശനികതയുടെ അശാന്തിയും മലയാളത്തിലെ ആധുനികരെ പലമാനങ്ങളിലുയര്‍ത്തിയിരുന്നു. എന്നാല്‍, ഭാഷയ്ക്കുള്ളില്‍ മറ്റൊരു ഭാഷ നിര്‍മിച്ച് നവീനവും സചേതനവുമായ സൗന്ദര്യശില്പമൊരുക്കുന്നതിലായിരുന്നു വിജയനു ശ്രദ്ധ. ദുര്‍ഗ്രഹതയോ സങ്കീര്‍ണതയോ ഇല്ലാത്ത, വളരെ സാധാരണമായ ജീവിതമുഹൂര്‍ത്തങ്ങളില്‍ നിന്ന് അസാധാരണവും തീവ്രവുമായ അനുഭവസ്ഥലിയുടെ ചിത്രണമെന്ന നിലയില്‍ ഉദാത്തകലയുടെ കൈയൊപ്പു ചാര്‍ത്തിയ കഥയാണ് ‘കടല്‍ത്തീരത്ത്’.
യാത്രയുടെയും വേര്‍പാടിന്റെയും സാന്ദ്രമായ ദുഃഖത്തിന്റെയും കഥയാണ് ‘കടല്‍ത്തീരത്ത്’. പാലക്കാടന്‍ ഗ്രാമമായ പാഴുതറയില്‍നിന്നും വെള്ളായിയപ്പന്‍ എന്ന വൃദ്ധന്‍ കണ്ണൂരിലേക്ക് യാത്ര പുറപ്പെടുന്നു. ദേശത്തെ ചരാചരണങ്ങളുടെ നിശ്ശബ്ദപ്രാര്‍ഥനകളും നിലവിളികളും വെള്ളായിയപ്പനു യാത്ര നേരുന്നു. മുഷിഞ്ഞ ഒരുതുണ്ടു കടലാസ് അയാളുടെ കൈയിലുണ്ട്. എഴുത്തും വായനയും അറിയാത്ത അയാള്‍ക്ക്, അതിലെന്താണ് കുറിച്ചതെന്ന് അറിയില്ല. പക്ഷെ, ഉല്‍ക്കണ്ഠകളും ആകുലതകളും അയാളെ മൂടുന്നു. ദാരിദ്ര്യം കൊണ്ട്, യാത്രയ്ക്കു പണമില്ലാത്തതുകൊണ്ടാണ് ആരും തുണയ്ക്കില്ലാതായത്. ഏറെ പ്രയാസപ്പെട്ട് പുലര്‍ച്ചെ കണ്ണൂരിലെത്തുന്നു. പിന്നെ ജയിലിലേക്കുള്ള യാത്ര. ജയിലിന്റെ പടിക്കല്‍ തന്നെ തടഞ്ഞ പാറാവുകാരനോട് വെള്ളായിയപ്പന്‍ പറഞ്ഞു: ”എന്റെ കുട്ടി ഇബ്‌ടെ ഇണ്ടൂ” കടലാസിലെ വാക്കുകള്‍ പാറാവുകാരനില്‍ കനിവുണര്‍ത്തി. ”നാളെയാണ്, അല്ലേ?”
പിറ്റേന്നു രാവിലെ അഞ്ചുമണിക്ക് മകന്‍ തൂക്കിലേറ്റപ്പെടുകയാണെന്ന അറിവ് വെള്ളായിയപ്പന്റെ മനസ്സിനും ശരീരത്തിനുമുണ്ടാക്കിയ തളര്‍ച്ച അങ്ങേയറ്റം തീവ്രമായിരുന്നു. വഴിയാത്രയ്ക്കു ഭാര്യ നല്‍കിയ പൊതിച്ചോറ് തുവര്‍ത്തിനകത്ത് കെട്ടഴിക്കാതെ കിടന്നു. ചായ കുടിക്കുവാനും മനസ്സുവന്നില്ല. ഏറെ നേരത്തെ കാത്തിരിപ്പിനുശേഷം വെള്ളായിയപ്പന്‍ മകനെ കണ്ടു.
”കണ്ടുണ്ണി” ശ്രവണത്തിനപ്പുറത്തുള്ള ഒരു സ്ഥായിയില്‍ നിലവിളിച്ചു.
വെള്ളായിയപ്പന്‍ കരഞ്ഞുവിളിച്ചു: ‘മകനേ!’
കണ്ടുണ്ണി മറുവിളി വിളിച്ചു: ”അപ്പാ!”
രണ്ടുവാക്കുകള്‍ മാത്രം. രണ്ടു വാക്കുകള്‍ക്കിടയില്‍ ദുഃഖത്തില്‍, മൗനത്തില്‍, അച്ഛനും മകനും അറിവുകള്‍ കൈമാറി.”
പാഴുതറവിട്ട് ലോകം എന്തെന്ന് അറിയാത്ത പിതാവ്; കുറ്റമൊന്നും ഓര്‍മയിലില്ലാത്ത മകന്‍. അപ്പന്‍ നിന്റെ വേദന ഓര്‍മിക്കുമോ എന്ന ഗദ്ഗദത്തില്‍ പിതൃപുത്രബന്ധത്തിന്റെ ആഴമളക്കുകയാണ് വിജയന്‍. പകലും രാത്രിയും പിന്നിട്ട് പുലര്‍ച്ചെ, ‘ഒരു പേറ്റിച്ചിയെപ്പോലെ തന്റെ മകന്റെ ദേഹത്തെ വെള്ളായിയപ്പന്‍ പാറാവുകാരില്‍നിന്ന് ഏറ്റുവാങ്ങി’. പണമില്ലാത്തതുകൊണ്ട് ശവത്തിന്റെ ചുമതല അയാള്‍ക്ക് ഏല്‍ക്കുവാനായില്ല. പുറമ്പോക്കില്‍ മണ്ണുമൂടുന്നതിനുമുമ്പ് കണ്ടുണ്ണിയുടെ മുഖം അയാള്‍ കണ്ടു; നെറ്റിയില്‍ കൈപ്പടംവെച്ച് അനുഗ്രഹിച്ചു. വെയിലത്ത് അലഞ്ഞുനടന്ന് ഒടുവില്‍ വെള്ളായിയപ്പന്‍ കടല്‍ത്തീരത്തെത്തി; ആദ്യമായി കടല്‍ കണ്ടു. തോര്‍ത്തില്‍ നനഞ്ഞുകുതിര്‍ന്ന പൊതിച്ചോറ് കെട്ടഴിച്ച് അന്നം നിലത്തേക്കെറിഞ്ഞു. അന്നം കൊത്താന്‍ ബലിക്കാക്കകള്‍ ഇറങ്ങിവന്നു. പാഥേയം ബലിച്ചോറാകുന്നു! അമ്മ കൊടുത്തയച്ചത്, അച്ഛന്‍ മകനായി തര്‍പ്പണം ചെയ്തു. ഒരു പിതാവും ആഗ്രഹിക്കാത്ത കര്‍മം. വെള്ളായിയപ്പന്‍ പാഴുതറക്കുവേണ്ടി നിര്‍വഹിക്കുന്ന സ്‌നേഹത്തിന്റെ ശ്രാദ്ധമാണിത്. കണ്ണൂരിന്റെ കടല്‍ത്തീരം (പയ്യാമ്പലം) ചരിത്രസ്മൃതികളിരമ്പുന്നതാണ്. രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക മേഖലകളിലെ നിരവധി മഹാന്മാരുടെയും സാധാരണക്കാരുടെയും അന്ത്യവിശ്രമകേന്ദ്രം. യാത്ര പുറപ്പെടുന്നതുതൊട്ട് കണ്ണൂരിലെത്തുന്നതുവരെയുള്ള വിവരണങ്ങള്‍ക്ക്, വ്യത്യസ്തമായ ഒരു പുനര്‍വായന കഥാന്ത്യം പ്രേരിപ്പിക്കുന്നുണ്ട്.
”വെള്ളായിയപ്പന്‍ യാത്ര പുറപ്പെടുമ്പോള്‍ വീട്ടില്‍നിന്നും കൂട്ടനിലവിളി ഉയര്‍ന്നു. അപ്പുറത്ത് അമ്മിണിയുടെ വീട്ടിലും അതിനുമപ്പുറത്ത് മുത്തുറാവുത്തന്റെ വീട്ടിലും ആളുകള്‍ ശ്രദ്ധാലുക്കളായി. വിഷാദവാന്മാരായി. ആ വീടുകള്‍ക്കുമപ്പുറത്ത് പാഴുതറയിലെ അമ്പതില്‍ ചില്വാനം കുടികളിലത്രയും ഈ വിഷാദവും സഹാനുഭൂതിയും നിറഞ്ഞു.” – കഥ ആരംഭിക്കുന്നത് ഇങ്ങനെയാണ്. തീവണ്ടി കയറാന്‍ പണമുണ്ടായിരുന്നെങ്കില്‍ അമ്മിണിയും റാവുത്തരും നാകേലച്ചനും കോമ്പിപ്പൂശാരിയും കണ്ണൂരിലേക്കു പുറപ്പെടുമായിരുന്നു. വെള്ളായിയപ്പന്റെ ഏകാന്തസഞ്ചാരം വിഷാദസാന്ദ്രമാണ്. മനുഷ്യപ്രകൃതിയുടെ സഹാനുഭൂതി ഭൂപ്രകൃതിയിലേക്ക് അനായാസേന പടരുന്നു. പാടവരമ്പുവിട്ട് പറമ്പിലേക്ക് കയറിയപ്പോള്‍ മഞ്ഞപ്പുല്ലില്‍, ‘ആരുടെയൊക്കെയോ ദുഃഖസഞ്ചാരങ്ങളുടെ തഴമ്പായിട്ടാണ് ചവിട്ടടിപ്പാത കിടക്കുന്നത്. കാറ്റു പിടിച്ചപ്പോള്‍ കരിമ്പനകളുടെ മൂളക്കം – പനമ്പട്ടകള്‍ സംസാരിക്കുന്നതുപോലെയും പനമ്പട്ടകളില്‍ ഊട്ടുദൈവങ്ങളും കാരണവന്മാരും സംസാരിക്കുന്നതുപോലെയും തോന്നുന്നത് – മനുഷ്യ-പ്രകൃതി സംലയനമാണ്. തീവണ്ടിയാപ്പീസിലേക്കുള്ള യാത്രയ്ക്കിടയില്‍ വെള്ളായിയപ്പനെ അഭിമുഖീകരിക്കുന്നവരാണ് കുട്ട്യസ്സന്‍ മാപ്പിളയും നീലിമണ്ണാത്തിയും. വഴിയില്‍ ആദരവോടെ മാറിനിന്ന് പറയുന്നത് ഇത്രമാത്രം:
1. ”വെള്ളായിയേ’; മാപ്പിള പറഞ്ഞു.
‘മരയ്ക്കാരേ’; വെള്ളായിയപ്പന്‍ പ്രതിവചിച്ചു.
അത്രമാത്രം. രണ്ടുവാക്കുകള്‍, പേരുകള്‍. എന്നാല്‍ ആ വാക്കുകളില്‍ ദീര്‍ഘങ്ങളും സമ്പന്നങ്ങളുമായ സംഭാഷണപരമ്പരകള്‍ അടങ്ങിയത് വെള്ളായിയപ്പനും കുട്ട്യസ്സന്‍ മാപ്പിളയും അറിഞ്ഞു.”
2. ”വെള്ളായിച്ചോ’; അവള്‍ പറഞ്ഞു, അത്രമാത്രം.
‘നീലിയേ’, വെള്ളായിയപ്പന്‍ പറഞ്ഞു. അത്രമാത്രം. രണ്ടുവാക്കുകള്‍ മാത്രം. രണ്ടു വാക്കുകള്‍ക്കിടയ്ക്കു സാന്ത്വനത്തിന്റെ നിറവ്. വെള്ളായിയപ്പന്‍ നടന്നു.”
രണ്ടു വാക്കുകളില്‍ ‘ദീര്‍ഘങ്ങളും സമ്പന്നങ്ങളുമായ സംഭാഷണപരമ്പരകളും’ ‘സാന്ത്വനത്തിന്റെ നിറവും’ ആലേഖനം ചെയ്യുന്നിടത്ത് മൗനത്തിന്റെ മുഴക്കങ്ങളും സങ്കടങ്ങളും പാഴുതറയുടെ ഒരുമയും ഉള്‍ച്ചേരുന്നു. വാക്കുകള്‍ കഥാപാത്രങ്ങളെപ്പോലെ, വിവരണപാഠത്തിലും പിശുക്കിയും ശുദ്ധീകരിച്ചും പ്രയോഗിക്കുക വിജയന്റെ രീതിയാണ്. ഓരോ വാക്കും ഒരു നക്ഷത്രം, ഓരോ ആശയവും ജ്വാലാകലാപത്തിനു നാന്ദികുറിക്കുന്നു. ‘വാക്കുകളുടെ മഹാബലി’യായി മാറിയ കഥാകൃത്താണ് ഒ.വി. വിജയന്‍.
തീവണ്ടിയാപ്പീസിലേക്ക് പറമ്പുകടന്ന് പുഴയിലേക്കിറങ്ങി നടന്നു കയറണം. പുഴയുടെ ‘നടുക്കെത്തിയപ്പോള്‍ കുളിയുടെ അനുഭവം’ വെള്ളായിയപ്പനെ തളര്‍ത്തുന്നുണ്ട്. അപ്പന്റെ ശവം കുളിപ്പിച്ചതും മകനെ കുട്ടിക്കാലത്ത് കുളിപ്പിച്ചതും ഓര്‍മകളില്‍ കണ്ണീരുവീഴ്ത്തുന്ന മുഹൂര്‍ത്തമാണ്. റെയില്‍വെ ചീട്ടെടുത്ത് ബെഞ്ചില്‍ കാത്തിരിക്കുമ്പോള്‍ ഒരേസമയം തന്നെ, അപ്പനെയും മകനെയും ഓര്‍മിക്കുന്ന മറ്റൊരു സംഭവമുണ്ട്; കരിമ്പനകള്‍ക്കുമുകളില്‍ പക്ഷികള്‍ ചേക്കേറാന്‍ വെമ്പുന്നതുകണ്ടപ്പോള്‍, മുണ്ടകപ്പാടവരമ്പിലൂടെ തന്റെ വിരലുകള്‍ പിടിച്ച് അസ്തമയപക്ഷികളെ നോക്കിയ മകനും അസ്തമയത്തിലൂടെ പാടത്തേക്കിറങ്ങിനടന്ന അപ്പനും. മൂന്നു തലമുറകളുടെ അന്വയത്തില്‍ മരണം (ശവം, അസ്തമയം…) ഒരു ഉപാധിയായിവരുന്നത് കഥാന്ത്യത്തിലാണ് തെളിയുന്നത്. കോയമ്പത്തൂരിലേക്കു പോകുവാന്‍ വന്ന അപരിചിതനായ ഒരു കാരണവര്‍ ഇതിനിടയില്‍ വെള്ളായിയപ്പന്റെ ബെഞ്ചില്‍ ഇടംനേടുന്നുണ്ട്. അപരിചിതന്റെ ഭാഷണങ്ങളുടെ സ്വരഭേദങ്ങള്‍ ‘ഒരു കൊലക്കയറിനേപ്പോലെ വെള്ളായിയപ്പന്റെ കഴുത്തില്‍ ചുറ്റിമുറുകി’ അസ്വാസ്ഥ്യം കൊള്ളിക്കുന്നുണ്ട്. പാഴുതറയുടെ നെടുവരമ്പു കടന്നാല്‍ അയാള്‍ക്ക് ലോകം അപരിചിതമാണ്. (അപരിചിതരുടെ താല്പര്യരഹിതമായ സംഭാഷണം എണ്ണമറ്റ കൊലക്കയറുകളായി!) യാത്ര, ജലം (കുളി, പുഴ, കടല്‍…) മരണം (ശവം, അസ്തമയപ്പക്ഷികള്‍, കൊലക്കയര്‍…) എന്നീ ബിംബങ്ങള്‍, കലാസൃഷ്ടി എന്ന നിലയില്‍ ഹൃദ്യമായ അനുഭൂതിയും അനുഭവവുമാണ്. മനുഷ്യന്റെ വ്യസനതകളും ആകുലതകളും നഷ്ടങ്ങളും എത്രത്തോളം വേദനാനിര്‍ഭരങ്ങളാണെന്ന് സൂചിപ്പിക്കുന്ന, ജീവിതത്തിന്റെ നൈരന്തര്യം ഉറപ്പുവരുത്തുന്ന പ്രകൃഷ്ടമാതൃകയായാണ് ‘കടല്‍ത്തീരത്ത്’ ഉയര്‍ന്നു നില്‍ക്കുന്നത്.
‘കടല്‍ത്തീരത്ത്’ പ്രസിദ്ധീകരിച്ച വേളയില്‍ അലന്‍പേറ്റണിന്റെ ‘കേഴുക പ്രിയനാടേ’ (ഇൃ്യ ഠവല ആലഹീ്‌ലറ ഇീൗിേൃ്യ) എന്ന നോവലിന്റെ ഇതിവൃത്തത്തോടുള്ള സാമ്യം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ജോഹന്നാസ്ബര്‍ഗിന്റെ സംഘര്‍ഷഭരിതാന്തരീക്ഷത്തില്‍ ജോണ്‍ കുമാലോ എന്ന പിതാവിന്റെയും അബ്‌സലോം കുമാലോ എന്ന മകന്റെയും കഥ പറയുന്ന ‘കേഴുക പ്രിയനാടേ’ വിമോചനമൂല്യം അന്തര്‍ധാരയായ സോദ്ദേശ്യപരമായ കൃതിയാണ്. വര്‍ഗവൈരം പോലെതന്നെ വര്‍ണവെറിയും ആഫ്രിക്കന്‍ സംസ്‌കൃതിയിലെ അവസാനിക്കാത്ത പ്രശ്‌നമാണ്. രക്തരൂക്ഷിതസമരങ്ങളുടെ പശ്ചാത്തലം വംശീയമാണോ രാഷ്ട്രീയമാണോ ചരിത്രത്തിന്റേതന്നെ നിര്‍മിതിയാണോ എന്ന സന്ദേഹവും ആകുലതയുമുണര്‍ത്തുന്ന വലിയ ഭൂമികയിലാണ് ‘കേഴുക, പ്രിയനാടേ’ ശ്രദ്ധേയമാകുന്നത്. ‘കടല്‍ത്തീരത്തി’ല്‍ കണ്ടുണ്ണിയുടെ കുറ്റം പരാമര്‍ശിക്കുന്നേയില്ല. ഒരു രാഷ്ട്രീയ സൂചനയും നല്‍കുന്നുമില്ല. പിതൃപുത്രബന്ധത്തിലെ സാദൃശ്യവും അബ്‌സലോ കുമാലയുടെ മരണവും മാറ്റിവെച്ചാല്‍ രണ്ടു രചനകളും രണ്ടു ലോകങ്ങള്‍ തന്നെയാണ്. ‘ഒവി. വിജയന്റെ കഥകള്‍’ക്കെഴുതിയ അവതാരികയില്‍ ‘ആഷാമേനോന്‍ അലന്‍ പേറ്റന്റെ നോവലിന്റെ രാഷ്ട്രീയവും ഭൂമിശാസ്ത്രവും വ്യക്തമായി വിശദീകരിക്കുന്നുണ്ട്. ഒ.വി. വിജയന്റെ പ്രമേയപരിസരത്തില്‍ ആവര്‍ത്തിച്ചുവരുന്നതാണ് പിതൃബോധം. ഖസാക്കിന്റെ ഇതിഹാസത്തിലും ഗുരുസാഗരത്തിലും കോമ്പിപ്പൂശാരിയുടെ വാതിലിലും ഒരു യുദ്ധത്തിന്റെ അവസാനത്തിലും വിമാനത്താവളത്തിലും ഇത് നേരിട്ടും പരോക്ഷമായും അനുഭവിക്കാം. നിസ്സംഗവും നിര്‍ലേപവും നിരാര്‍ദ്രവുമായ ആധുനികതാ വ്യവഹാരങ്ങളില്‍ നിന്നും പൂര്‍ണമായും മുക്തമായി, ഭാഷയുടെ ആര്‍ജവംകൊണ്ടും വിഷയത്തിലെ ആര്‍ദ്രവും മാനുഷികവുമായ സമീപനം കൊണ്ടും ‘കടല്‍ത്തീരത്ത്’ മികച്ച കഥാലബ്ധിയാണ്.
(കടപ്പാട്: അകം മാസിക)

                       PDF DOWNLOAD

2 comments: